തിരുവനന്തപുരം ചിറയിൻകീഴിലെ മുതലപ്പൊഴി ഹാർബറിൽ അപകടങ്ങൾ ആവർത്തിക്കാൻ കാരണം പുലിമുട്ട് നിർമാണത്തിലെ അപാകത. പുലിമുട്ടുകളുടെ വലിപ്പത്തിലും രൂപത്തിലും നിർമാണ കമ്പനി വരുത്തിയ അനധികൃത മാറ്റമാണ് മൽസ്യത്തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുന്നത്.
ഹാർബർ നിർമാണത്തിന്റെ ഭാഗമായാണ് രണ്ട് പുലിമുട്ടുകൾ നിർമിച്ചത്. പൂണൈയിലെ ജലഗവേഷണ കേന്ദ്രമടക്കം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർമാണം. എന്നാൽ കരാറിൽ പറഞ്ഞ നീളത്തിലും പുലിമുട്ടുകൾ തമ്മിലുള്ള അകലത്തിലും സ്വകാര്യ നിർമാണ കമ്പനി വ്യത്യാസം വരുത്തി.
പുലിമുട്ടുകളുടെ നിർമാണം തെറ്റിയതോടെ അഴിമുഖത്ത് തിരമാലകളുടെ ശക്തി ഇരട്ടിയായതണ് അപകടങ്ങളുടെ ഒന്നാം കാരണം. പുലിമുട്ട് നിർമാണത്തിനെത്തിച്ച കരിങ്കല്ലുകൾ അലക്ഷ്യമായിട്ടതോടെ മണ്ണടിഞ്ഞ് കൂടി പൊഴിയുടെ ആഴം കുറഞ്ഞു. ഇതുമൂലം ബോട്ടുകളുടെ അടിത്തട്ടിടിക്കുന്നതും ദുരന്തത്തിന് കാരണമാകുന്നു. ഇങ്ങിനെ അപകടകാരണം വ്യക്തമായിട്ടും പരിഹാരത്തിന് ഇടപെടലൊന്നുമില്ല.