ജൂനിയർ ഐശ്വര്യ റായ് എന്നു പേരെടുത്ത ഒരു നടിയുണ്ട്. സ്നേഹ ഉള്ളാൽ. വർഷങ്ങൾക്കു ശേഷം അവര്‍ സിനിമയിലേക്കു മടങ്ങിയെത്തുകയാണ്. ഇന്ത്യയുടെ സ്വപ്ന സൗന്ദര്യം ഐശ്വര്യ റായ്‍യുമായുള്ള മുഖ സാദൃശ്യമാണ് സ്നേഹയെ ജനകീയമാക്കിയത്. പക്ഷേ ഇടയ്ക്കു കുറേ കാലം വീടിനു വെളിയിലിറങ്ങാൻ പോലും സ്നേഹയ്ക്കു മടിയായിരുന്നു.
കാരണം ഒരു അസുഖം വന്ന് ശരീരത്തിൽ സംഭവിച്ച മാറ്റം സ്നേഹയെ അപ്പാടെ തകർത്തിരുന്നു. സിനിമ മേഖലയേയും അതിനേക്കാളുപരി പൊതുജനങ്ങളേയുമായിരുന്നുവത്രേ സ്നേഹയ്ക്കു ഭയം. രൂപഭംഗി പോയാൽ പിന്നെയാർക്കും വേണ്ടാതാകുമെന്ന ഭയം. സ്നേഹ മാത്രമല്ല, ഈ ഭയപ്പെടുത്തലിലും കളിയാക്കലുകളിലും വീണു ജീവിക്കുന്ന ഒരുപാട് നടിമാർ നമുക്ക് ചുറ്റുമുണ്ട്.
സ്നേഹയ്ക്ക് ഒരു അസുഖമായിരുന്നുവെങ്കിൽ ചില നടിമാർ ഒരു കുഞ്ഞിന്റെ അമ്മയായാൽ മതി. അതാണ് ചിലരുടെയൊക്കെ പ്രധാനപ്രശ്നം. തടി കൂടിയെന്നതിന്റെ പേരിലാകും ഇവരെ പരിഹസിക്കാൻ തുടങ്ങുക. മറ്റുള്ളവരെ കളിയാക്കാനും അധിക്ഷേപിക്കാനും വേണ്ടി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ചിലർക്ക് ഈ നടിമാർ ഒരു ആഘോഷ വസ്തുവാണ്. നടി ശരണ്യയാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ ഇര. പ്രസവ ശേഷം തടി കൂടിയതിന് നടിയെ അധിക്ഷേപിച്ചവർക്ക് അവരുടെ ഭര്‍ത്താവ് ചുട്ട മറുപടി നൽകുകയും ചെയ്തു.
എങ്കിലും ഒന്നു ചോദിക്കാതെ വയ്യ, നടിയ്ക്കു തടി കൂടിയാൽ എന്താണ് പ്രശ്നം? അവർക്കോ അവരെ വിവാഹം ചെയ്തയാളിനോ ഇല്ലാത്ത എന്തു പ്രശ്നമാണ് നമുക്കുണ്ടാകേണ്ടത്. ഒന്നുമില്ലെങ്കിലും അവര്‍ ഒരു കുഞ്ഞിന് ജന്മം നൽകിയതു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്? എന്തുകൊണ്ടാണ് ഈ സാമാന്യ ബോധവും യുക്തിയുമെല്ലാം നമ്മൾ നടിമാരുടെ കാര്യത്തിൽ മറന്നുപോകുന്നത്.