ഒമാനിൽ കാലുകുത്തിയപ്പോൾ സുരഭിയെ കാത്ത് ഒരു സന്തോഷ വാർത്തയുണ്ടായിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ്. രാജ്യാന്തര വിമാനത്താവളത്തിൽ കാത്തിരുന്ന സംഘാടകർ വിവരം കൈമാറിയപ്പോൾ സന്തോഷം കൊണ്ട് നടിയുടെ കണ്ണ് നിറഞ്ഞു. തണൽ ഒരുക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് സുരഭി ഇവിടെയെത്തിയത്. അവാർഡ് അപ്രതീക്ഷിതമാണെന്നും അതിയായ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.
സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. പ്രതീക്ഷിച്ചിരുന്നെങ്കിൽ ഇങ്ങോട്ട് കയറിപ്പോരില്ലായിരുന്നു. നാട്ടിൽ തന്നെ നിൽക്കുമായിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള അഭിനേതാക്കളുടെ പ്രകടനം നമുക്കറിയാത്തതിനാൽ യാതൊരു ഉറപ്പുമില്ലായിരുന്നു. എന്നാൽ, സംസ്ഥാന അവാർഡിലേതു പോലെ ഒരു പരാമർശം കിട്ടിയാൽ നന്നായിരുന്നു തോന്നിയിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. ഇൗ ചിത്രത്തിൻ്റെ സംവിധായകൻ അനിൽ തോമസ്, മനോജ്, ഔസേപ്പച്ചൻ, പ്രേംപ്രകാശ്, കൃഷ്ണൻ, ബാലകൃഷ്ണൻ തുടങ്ങിയവർ പിന്തുണച്ചിരുന്നു. ഇവർക്കും മറ്റെല്ലാവർക്കും നന്ദി–സുരഭി പറഞ്ഞു.