ദുബായ് : യുഎഇയിലെ ഇന്ത്യക്കാരുടെ പ്രിയ തോഴനും മലയാളികളുടെ പ്രിയങ്കരനുമായ ഇന്ത്യൻ ഡെപ്യുട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ ഔദ്യോഗിക ജീവിതത്തോട് വിട പറഞ്ഞു. വിദേശകാര്യ വകുപ്പിൽ മൂന്ന് പതിറ്റാണ്ട് പൂർത്തീകരിച്ച ഇൗ പൊന്നാനിക്കാരൻ യാത്രയാകുന്നത് തികഞ്ഞ ആത്മസംതൃപ്തിയോടെ.
മലപ്പുറത്ത് പാസ്പോർട് ഒാഫീസറായും കോഴിക്കോട് ഡെപ്യുട്ടി പാസ്പോർട് ഒാഫീസറായും പ്രവർത്തിച്ചിട്ടുള്ള കെ.മുരളീധരൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെത്തുന്നതിന് മുൻപ് ശ്രീലങ്കയിലെ കൊളംബോ ഹൈക്കമ്മീഷണർ കാര്യാലയം, ഇസ്രായീൽ, സ്വിറ്റ്സർലാൻഡ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.
പാസ്പോർട്, വീസ, സാംസ്കാരിക, സാമൂഹിക സേവനം എന്നീ മേഖലകളിലായിരുന്നു അദ്ദേഹം ഇവിടങ്ങളിൽ സേവനമനുഷ്ഠിച്ചത്. കൊളംബോയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ ഫസ്റ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുമ്പോൾ 2013 ഒാഗസ്റ്റിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഡെപ്യുട്ടി കോൺസൽ ജനറലായി നിയമിതനാവുകയായിരുന്നു. ഏറ്റവും കൂടുതൽ സേവനമനുഷ്ഠിച്ചത് ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത്. പാലക്കാട് മണ്ണാർക്കാട് താമസിക്കുന്ന കെ.മുരളീധരൻ ഇനിയുള്ള കാലം സാമൂഹിക സേവനത്തോടൊപ്പം, വിദ്യാഭ്യാസം, കാർഷികം മേഖലകളിലും തൻ്റേതായ സംഭാവനകളർപ്പിക്കാനാണ് തീരുമാനം. ഭാര്യ പ്രേമയോടൊപ്പമായിരുന്നു ദുബായിൽ താമസം. രണ്ട് പെൺമക്കളിലൊരാൾ സിഡ്നിയിലും മറ്റൊരാൾ കൊച്ചിയിലും സോഫ്റ്റ് വെയർ എൻജിനീയർമാരാണ്.