ദേശീയ പാതയോരത്ത്, കൂറ്റൻ ജയിൽ ഗേറ്റിനു സമീപം 24 മണിക്കൂറും തുറന്നുവച്ച പെട്രോൾ പമ്പ്. പമ്പിൽ നിർത്തിയിടുന്ന കാറിൽ ഇന്ധനം നിറച്ചു തരുന്ന തടവുകാർ. ഇന്ധനക്കൂലി നീട്ടുമ്പോൾ പകരം ഒരു ചിരി സമ്മാനിച്ച് അവർ നമ്മെ യാത്രയാക്കുന്നു– എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നാണോ? എങ്കിൽ ഇതൊക്കെ ഈ കേരളത്തിലും നടക്കാൻ പോകുന്നു. സർക്കാരിനു വരുമാനമുണ്ടാക്കാൻ ജയിലിനെയും തടവുകാരെയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നു പഠിച്ച് മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെ വിപ്ലവകരമായ പല സാമ്പത്തിക നിർദേശങ്ങളുമുണ്ട്.
∙ പട്രോളിങ്ങുണ്ടായാൽ മതി പെട്രോളടിച്ചോളും
ദേശീയ പാതയോരത്താണു പല പ്രധാന ജയിലുകളുമെന്നതിനാൽ തിരക്കേറിയ ദേശീയ പാതയ്ക്കരികിൽ ഇഷ്ടംപോലെ സ്ഥലമുണ്ട്. ഇവിടെ ഐഒസിയുമായി സഹകരിച്ച് ഇന്ധന പമ്പുകൾ ആരംഭിച്ചാൽ ജയിലിനു വലിയ വരുമാനമുണ്ടാകും. ജോലിക്കു തടവുകാരെ ഉപയോഗിക്കാം. ആന്ധ്രയിലെ ചില ജയിലുകളിൽ ഇതു പരീക്ഷിക്കുന്നുണ്ട്.
ചാടിപ്പോകില്ലെന്നുറപ്പുള്ള തടവുകാരെ നൂറു കണക്കിന് ഏക്കർ വരുന്ന തുറന്ന ജയിലുകളിൽ കൃഷിപ്പണിക്കും കല്ലുചെത്തിനുമൊക്കെയായി വിന്യസിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവരെ പമ്പിലേക്കും ഉപയോഗിക്കാമെന്നാണു റിപ്പോർട്ടിലെ നിർദേശം. ആധുനിക വർക്‌ഷോപും വാട്ടർ സർവീസ് സ്റ്റേഷനും തുടങ്ങാം. ഇതിനൊക്കെ പ്രാവീണ്യം ലഭിച്ച തടവുകാർ അകത്തുണ്ട്. വിദഗ്ധ തൊഴിലാളി എന്നതു പരിഗണിച്ചു 300 രൂപയെങ്കിലും ദിവസക്കൂലി നൽകണം.
∙ വരട്ടെ ബഹുനിലക്കെട്ടിടങ്ങൾ
സെൻട്രൽ ജയിലുകളുടെ സ്ഥലത്ത്, റോഡരികിൽ ഷോപ്പിങ് കോംപ്ലക്സുകൾ കെട്ടിപ്പൊക്കുന്നതു ചിന്തിച്ചു നോക്കൂ. ഓഡിറ്റോറിയം, പാർക്കിങ് ഏരിയ എന്നിവയടക്കമുള്ള ഷോപ്പിങ് കോംപ്ലക്സാണു വിഭാവനം ചെയ്യുന്നത്. കെട്ടിട നിർമാണത്തിനു ജയിലിലെ വിദഗ്ധരായ തടവുകാരെ ഉപയോഗിക്കാം. കണ്ണൂർ സെൻട്രൽ ജയിലിലെ ഇൻഡോർ സ്റ്റേഡിയം നിർമിച്ചതു തടവുകാരാണ്. കെട്ടിടം ശുചിയാക്കലും പാർക്കിങ് ഏരിയയുടെ മേൽനോട്ടവുമൊക്കെ ഇവർ ഏറ്റുകൊള്ളും. മുറികളും ഓഡിറ്റോറിയവും മിതമായ നിരക്കിൽ വാടകയ്ക്കു കൊടുത്തു വരുമാനമുണ്ടാക്കാം.
∙ പഴമയെ ബ്രാൻഡ് ചെയ്തു വിൽക്കാം
ബ്രിട്ടിഷ് ഭരണകാലം മുതലുള്ള അപൂർവ ശേഷിപ്പുകൾ കേരളത്തിലെ പല ജയിലുകളിലുമുണ്ട്. അവയെല്ലാം ശേഖരിച്ച്, പഴക്കംകൊണ്ടും സവിശേഷതകൊണ്ടും ബ്രാൻഡ് ചെയ്ത് സെൻട്രൽ ജയിലുകളിൽ മ്യൂസിയം തുടങ്ങുകയെന്നതാണു മറ്റൊരാശയം. പഴയ തൂക്കുമുറി മുതൽ മഹാൻമാരായ തടവുകാരുടെ കയ്യെഴുത്തുകൾ വരെ പ്രദർശിപ്പിക്കാം. തടവുകാരുടെ കലാവാസനയിൽ രൂപംകൊണ്ട പെയിന്റിങ് ഉൾപ്പെടെയുള്ളവയുടെ വിൽപനയും നടക്കും.
∙ കല്ലും മരവും പണമാകും
ഫർണിച്ചർ നിർമാണത്തിനു വലിയൊരു ഉൽപാദനകേന്ദ്രം തുറക്കാനുള്ള എല്ലാ സാധ്യതയും ജയിലിലുണ്ട്. സഹകരണ മേഖലയിലുള്ള റബ്കോയുമായി കൈ കോർക്കാനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സർക്കാർ ഭവന പദ്ധതിക്കെല്ലാം ജയിലിലെ ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചാൽ ചെലവു കുറഞ്ഞ ഭവന പദ്ധതികൾ നടപ്പാക്കാനാകുമെന്ന നിർദേശവും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണ്. ഇപ്പോഴത്തെ കോഴിവില പ്രതിസന്ധിയിൽ ഏറ്റവുമധികം ക്ലിക്ക് ചെയ്തേക്കാവുന്ന ഒരാശയമാണു ജയിലുകളിലെ കോഴി സ്വയംപര്യാപ്തത എന്നത്.
മൂന്നു സെൻട്രൽ ജയിലുകളിലും രണ്ട് തുറന്ന ജയിലുകളിലുമാണ് ഇപ്പോൾ കോഴി ഫാം ഉള്ളത്. കറി വിൽപനയ്ക്ക് ഉൾപ്പെടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസം ആവശ്യമുള്ളത് 10,000 കിലോഗ്രാം കോഴിയിറച്ചിയാണ്. ഇപ്പോൾ ഉൽപാദിപ്പിക്കുന്നത് 3000 കിലോഗ്രാം മാത്രം. ബാക്കി വലിയ വിലയ്ക്കു പുറത്തുനിന്നു വാങ്ങുന്നു. ഉൽപാദനം വർധിപ്പിച്ചാൽ ഈ ചെലവ് ഒഴിവാക്കാം.
∙ വൈകരുത് കുപ്പിവെള്ള വിപ്ലവം
ജയിൽ കേന്ദ്രീകരിച്ചു കുപ്പിവെള്ള നിർമാണം തുടങ്ങിയാൽ കുറഞ്ഞത് അഞ്ചു കോടി രൂപയുടെ വരുമാനമുണ്ടാക്കാമെന്നാണു കമ്മിഷന്റെ നിർദേശം. ഇതിൽ അതിശയോക്തിയില്ല. ശബരിമല സീസണിൽ സിഡ്കോയിൽനിന്ന് 8.50 രൂപയ്ക്കു കുപ്പിവെള്ളം വാങ്ങി 10 രൂപയ്ക്ക് ഭക്തർക്കു വിൽപന നടത്തി സർക്കാരിനു വരുമാനമുണ്ടാക്കിയ ചരിത്രമുണ്ട് ജയിൽ വകുപ്പിന്. കുപ്പിവെള്ളത്തിനു പൊള്ളുന്ന വിലയുള്ള കാലത്ത് 10 രൂപയ്ക്കു കുപ്പിവെള്ളം വിപണിയിലെത്തിച്ചാൽ അതു വിപ്ലവമാകും.
ചപ്പാത്തി, കറി, ബേക്കറി ഉൽപാദനം 30 ജയിലുകളിലേക്കു വ്യാപിപ്പിച്ചാൽ 10 കോടി അധിക വരുമാനം ലഭിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. പൂജപ്പുര മാതൃകയിൽ വസ്ത്രനിർമാണ യൂണിറ്റ്, കണ്ണൂർ മാതൃകയിൽ ബ്യൂട്ടി പാർലർ എന്നിവ എല്ലാ ജയിലിലും വേണമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു. സർക്കാർ ഏജൻസികൾ മെനക്കെട്ടാൽ ശിക്ഷാത്തടവുകാർക്കു നല്ല ശിക്ഷണം നൽകി വിദഗ്ധ തൊഴിലാളികളാക്കി മാറ്റിയെടുക്കാം. ഫലത്തിൽ ജയിൽ ഒരു സർവകലാശാലയായി മാറും, സർക്കാരിനു നല്ല സാമ്പത്തിക വരുമാനവുമാകും.