നിയമ തടസങ്ങൾ മറികടന്ന് സംസ്ഥാനത്ത് ആദ്യമായി തടവ് പുള്ളികളുടെ ടീം ജയിലിന് പുറത്തിറങ്ങി വോളിബോൾ മൽസരത്തിൽ പങ്കെടുത്തു. വിയ്യൂര്‍ സെൻട്രൽ ജയിലിലാണ് വിവിധ കേസിലെ പ്രതികളെ ചേർത്ത് ടീം രൂപീകരിച്ചത്. ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷ് നയിച്ച ടീമിന് ആദ്യ മൽസരത്തിൽ തോൽവിയായിരുന്നു ഫലം.
കുറ്റവാളികളെ അണിനിരത്തി ഒരു പ്രഫഷണൽ വോളിബോൾ ടീം. മഞ്ജു വാര്യരുടെ കരിങ്കുന്നം സിക്സസിൽ അതൊരു സങ്കൽപമായിരുന്നെങ്കിൽ വിയ്യൂർ ജയിലിൽ അത് യാഥാർഥ്യമായി. ജയിൽ പുളളികളുടെ വെള്ളക്കുപ്പായം ഊരി വിയ്യൂർ സിക്സസ് താരങ്ങളുടെ ജേഴ്സിയണിഞ്ഞു. ജയിൽ ജീവിതത്തിനിടയിൽ നേടിയ പരിശീലനത്തിന്റെ ആത്മവിശ്വാസത്തിൽ ആവേശത്തോടെ പന്ത് തട്ടി.
ജയിലിനുള്ളിലെ പോലെ ഇവിടെയും ജയിൽ ജീവനക്കാരുടെ ടീം തന്നെയായിരുന്നു തടവുകാരുടെ എതിരാളികൾ. തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മൽസരത്തിൽ ജീവനക്കാരുടെ കളി മിടുക്കിന് മുന്നിൽ ചെറിയൊരു ചെറുത്ത് നിൽപ്പിന് ശേഷം തടവുകാർ കീഴടങ്ങി.
വോളിബോള്‍ താരം കിഷോര്‍ കുമാറാണ് ടീമുണ്ടാക്കിയതും പരിശീലിപ്പിച്ചതും. ടി പി വധക്കേസ് പ്രതി ടി കെ രജീഷും എം കെ ബിനുവുമായിരുന്നു പ്രധാന താരങ്ങള്‍. ജയിൽ വകുപ്പിന്റെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ജയിലിന് പുറത്തിറങ്ങി കളിക്കാൻ അനുവാദം ലഭിച്ചത്.
കൂടുതല്‍ മത്സരങ്ങളിലേക്ക് ടീമിനെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പരിശീലകരും ജയിൽ ജീവനക്കാരും.