ഒഴിവാക്കാനാവാത്ത നഷ്ടമായി കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. മരണസമയത്ത് മണിയുടെ ശരീരത്തിൽ വിഷാംശമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതുവരെയും മരണകാരണം വ്യക്തമാക്കാൻ പൊലീസിനായിട്ടില്ല. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതും ദുരൂഹതകൾ തുടരാനിടയാക്കി.
നിറഞ്ഞ് ചിരിപ്പിച്ചതിനൊപ്പം കരയിപ്പിച്ചും വില്ലത്തരം കാട്ടിയും കയ്യടിനേടിയ പ്രതിഭ. താരമായപ്പോളും ചാലക്കുടിക്കാരനായി ജീവിച്ച മനുഷ്യൻ. ഓട്ടോക്കാരനിൽ നിന്നുള്ള മണിയുടെ അതിവേഗ വളർച്ച പോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു 46 ാം വയസിലെ മരണവും.
കഴിഞ്ഞ മാർച്ച് നാലിന് സിനിമാ സുഹൃത്തുക്കളടക്കം പങ്കെടുത്ത് പാടിയിൽ നടന്ന ആഘോഷത്തിനൊടുവിൽ മണി രക്തംഛർദിച്ച് അബോധാവസ്ഥയിലായി. ഒരുദിവസത്തെ ചികിത്സക്കൊടുവിൽ മാര്‍ച്ച് 6ന് രാത്രി ഏഴ് മണിയോടെ വിടപറഞ്ഞു.
വിഷമദ്യമായ മെഥനോൾ എങ്ങിനെ ശരീരത്തിലെത്തിയതായിരുന്നു ദുരൂഹത. അവസാനനിമിഷങ്ങളിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നുണപരിശോധനക്കടക്കം വിധേയമാക്കിയെങ്കിലും കൊലപാതകത്തിന്റെ ആത്മഹത്യയുടെയോ സാധ്യത കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് കുടുംബം സമരത്തിലുമാണ്. മരണ കാരണം എന്തായാലും മണി നഷ്ടമാണ്.പകരം വയ്ക്കാനില്ലാത്ത വിടവ്.