സംസ്ഥാനത്തെ പൂരപ്രേമികളുടെ പ്രതിഷേധത്തിന് കാരണമായ വെടിക്കെട്ട് നിയന്ത്രണത്തിന് ഇടയാക്കിയത് പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ. ഇതിനെതിരെ പരാതി ഉയർന്നതോടെ കേന്ദ്രസംഘം കേരളത്തിലെത്തി തെളിവെടുത്തെങ്കിലും ഇതുവരെ അന്തിമറിപ്പോർട്ട് തയാറാക്കിയില്ല. എന്നാൽ പ്രതിസന്ധി തുടരുന്നതിനാൽ സംസ്ഥാന മന്ത്രിമാരുടെ വീടിന് മുന്നിൽ കുടിൽകെട്ടി സമരം നടത്താനൊരുങ്ങുകയാണ് ഉത്സവ ഏകോപനസമിതിയും ദേവസ്വങ്ങളും.
1980ലും പിന്നീട് 2008ലും കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗം പുറപ്പെടുവിച്ച നിയമമനുസരിച്ചാണ് തൃശൂർ പൂരത്തിലടക്കം വെടിക്കെട്ടിന് അനുമതി നൽകിയിരുന്നത്. പുറ്റിങ്ങൽ ദുരന്തത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഈ നിയമത്തിൽ അട്ടിമറി നടക്കുന്നതായി കണ്ടതോടെ നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര പെട്രോളിയം ആന്റ് എക്സ്പ്ളോസീവ് സേഫ്റ്റി ഓർഗനൈസേൻ കഴിഞ്ഞ സെപ്റ്റംബറിൽ പ്രത്യേക സർക്കുലർ ഇറക്കി. ഗുണ്ടും അമിട്ടും കുഴിമിന്നലും അടക്കം ഉപയോഗിക്കരുതെന്നും 15 കിലോയിലധികമുള്ള വെടിക്കെട്ടിന് അനുമതി നൽകാൻ ജില്ലാ കലക്ടർക്ക് അധികാരിമില്ലെന്നുമായിരുന്നു ഈ സർക്കുലറിലെ പ്രധാന നിർദേശങ്ങൾ.
നിയന്ത്രണത്തിനെതിരെ പരാതി ഉയർന്നതോടെ കേന്ദ്രസംഘം കഴിഞ്ഞമാസം അദാലത്ത് നടത്തിയെങ്കിലും പ്രതിസന്ധി രൂക്ഷമായിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചില്ല. കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലാണ് പ്രതിസന്ധി പരിഹരിക്കാനാവശ്യമെന്ന് ചുരുക്കം. എന്നാൽ അതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മന്ത്രിമാരെ ബഹിഷ്കരിക്കലും വീടിന് മുന്നിൽ രാപ്പകൽ സമരവും നടത്തി പ്രതിഷേധം ശക്തമാക്കുകയാണ് ഉത്സവ ഏകോപനസമിതി. പറയുന്നത്.