സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ രക്ഷിതാക്കൾ മകളെ ബലി നൽകി. ഉത്തർപ്രദേശിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മന്നൗജ് എന്ന ഗ്രാമത്തിലെ മഹാവീർ പ്രസാദ് (55), ഭാര്യ പുഷ്പ (50) എന്നിവരാണ് 15 വയസുകാരിയായ മകൾ കവിതയെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ബലി നൽകിയത്. മകളെ ബലി നൽകിയാൽ സ്വർണം ലഭിക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു അരുംകൊല. ബലിക്കുശേഷവും സ്വർണം ലഭിക്കാതായതോടെ, മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കൾ മന്ത്രവാദിക്കെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവം ഇങ്ങനെ: സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിലായിരുന്നു ജ്വല്ലറി ഉടമയായ മഹാവീർ പ്രസാദ്. വിവരമറിഞ്ഞ മഹാവീറിന്റെ ഡ്രൈവർ കൂടിയായിരുന്ന കൃഷ്ണ ശർമ എന്ന മന്ത്രവാദി, മകളെ ബലി നൽകിയാൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ചു കിലോ സ്വർണം ലഭിക്കുമെന്ന് അറിയിച്ചു. ഇയാളുടെ വാക്കുകൾ വിശ്വസിച്ച് മഹാവീറും ഭാര്യയും മകളെ ബലി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി പെൺകുട്ടിയെയും കൂട്ടി എല്ലാവരും അന്നപൂർണ ക്ഷേത്രത്തിലേക്ക് പോയി. അവിടെവച്ച് എല്ലാവരും പ്രാർഥന ചേർന്ന് പ്രാർഥന നടത്തി. അതിനുശേഷം പെൺകുട്ടിയെ പ്രദേശത്തുള്ള ആൽമരത്തിനു ചുവട്ടിലെത്തിച്ചു. കുട്ടിയെ ബോധം കെടുത്തിയശേഷം നഗ്നയാക്കിയാണ് പൂജകൾ ചെയ്തത്. രക്ഷിതാക്കൾ ഇതിനു സാക്ഷികളായി.
തുടർന്ന് ബലി പൂർത്തിയാക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നിൽവച്ചുതന്നെ കവിതയെ ശ്വാസംമുട്ടിച്ചു കൊന്നു. അതിനുശേഷം മൃതദേഹം സമീപത്തുള്ള പാടത്ത് ഉപേക്ഷിച്ചു. രക്ഷിതാക്കളെ ആൽമരത്തിനു സമീപം നിർത്തിയശേഷം കുട്ടിയുടെ മൃതദേഹം മറവുചെയ്യാനെന്ന പേരിൽ ഇയാൾ മൃതദേഹവുമായി സമീപത്തെ പറമ്പിലേക്കു പോയി. അവിടെവച്ച് മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരാക്കി. പിന്നീട് കുട്ടിയുടെ കഴുത്ത് മുറിച്ച് രക്തം ശേഖരിക്കുകയും അത് സമർപ്പിച്ച് ബലി പൂർത്തിയാക്കുകയും ചെയ്തു.
പൂജയ്ക്ക് ശേഷം സ്വർണം ലഭിക്കാതിരുന്നതിനെ തുടർന്ന്, കൃഷ്ണ ശർമ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് മഹാവീർ പൊലീസ് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചെന്നും പെൺകുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ എടുത്തെന്നും എഎസ്പി കേശവ് ഗോസാമി അറിയിച്ചു. സംഭവം നടന്നതിന് ഏതാനും കിലോമീറ്റർ അകലെയാണ് ഇവരുടെ മറ്റൊരു മകളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്.