ഭരണകക്ഷിയിൽ പെട്ടവരോ മറ്റ് ഉന്നതരോ സ്വാധീനം ചെലുത്തിയാൽ കേരള പൊലീസ് പിന്നെ പൊലീസേ അല്ലാതാവും. ധാർമികതയുടെ ബാലപാഠങ്ങൾവരെ മറക്കും. പിന്നെ ഇരയെ പാഠം പഠിപ്പിക്കുകയാവും ലക്ഷ്യം. തൃശൂർ വടക്കാഞ്ചേരിയിൽ സിപിഎം മുനിസിപ്പൽ കൗൺസിലറും സംഘവും ചേർന്നു തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായെത്തിയ വീട്ടമ്മയോട് സർക്കിൾ ഇൻസ്പെക്ടർ ചോദിച്ചതു പത്രത്തിൽ എഴുതാൻ പറ്റിയതല്ല. മാനഭംഗത്തിനിരയായെന്നു പരാതിപ്പെട്ട സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു സിഐ. പരാതിക്കാരിയുടെയും ഭർത്താവിന്റെയും മൊഴിയെടുപ്പു പൂർത്തിയാക്കാൻ രണ്ടു ദിവസങ്ങളിലായി ഇരുപതു മണിക്കൂറോളമാണു പൊലീസ് ചെലവിട്ടത്.
പൊലീസ് പീഡനം വെളിപ്പെടുത്തി വീട്ടമ്മ ധൈര്യപൂർവം രംഗത്തെത്തിയതോടെ സിഐയെ രക്ഷിക്കാനായി പിന്നത്തെ ശ്രമം. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ പേരാമംഗലം സിഐ: കെ.വി.മണികണ്ഠനെ സസ്പെൻഡ് ചെയ്ത് അന്നു സർക്കാർ മുഖം രക്ഷിച്ചു. തൃശൂർ റേഞ്ച് ഐജി നടത്തിയ പരിശോധനയിൽ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതായും കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിഐയെ സസ്പെൻഡ് ചെയ്തെങ്കിലും പാർട്ടിക്കാരനെ രക്ഷിക്കാൻ സേനയിലെ പലരും രംഗത്തെത്തി. ഇതിൽ മുന്നിട്ടു നിന്നതു വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആയിരുന്നുവെന്നതാണു വൈരുധ്യം. പരാതിക്കാരിയുടെ മൊഴി സിപിഎമ്മിനു ചോർത്തി നൽകിയാണ് അന്നു പൊലീസുകാർ പാർട്ടിക്കൂറ് കാണിച്ചത്. ഇതുസംബന്ധിച്ചു ഡിജിപിക്കുവരെ പരാതി പോയെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇരയുടെ വായടപ്പിക്കും പൊലീസ് തന്ത്രം
കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രംഗത്തുവന്ന മാതാപിതാക്കൾ പിന്നീട് പിന്നാക്കം പോയതെങ്ങനെ? ആ കുടുംബത്തെ സമ്മർദത്തിലാക്കിയതിനു പിന്നിൽ പുറത്തു പ്രചരിച്ച ചില സെൽഫി ചിത്രങ്ങളുമുണ്ട്. കാമുകൻ എന്നവകാശപ്പെട്ട ക്രോണിൻ അലക്സാണ്ടറിനൊപ്പം മിഷേൽ നിൽക്കുന്ന ചിത്രങ്ങളാണു പ്രചരിച്ചത്. ഈ ചിത്രങ്ങൾ പുറത്തുവന്നതിലെ സമ്മർദം മാനസികമായി തളർത്തിയതോടെ മിഷേലിന്റെ കുടംബത്തിനു നിശ്ശബ്ദരാകാതെ തരമില്ലെന്നായി.
മിഷേലിന്റെ സ്വഭാവശുദ്ധിക്ക് ഫുൾ മാർക്ക് നൽകിക്കൊണ്ടാണ് ഈ പെൺകുട്ടി കന്യകയാണെന്ന പരാമർശത്തോടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ, മിഷേലിനെ സ്വഭാവഹത്യ ചെയ്യാൻ ബോധപൂർവമോ അല്ലാതെയോ ചില ശ്രമങ്ങളുണ്ടായി. മിഷേലിന്റേത് ആത്മഹത്യയാണെന്നും അതിനു പ്രേരണ നൽകിയതു കാമുകൻ ക്രോണിൻ അലക്സാണ്ടറാണെന്നുമായിരുന്നു തുടക്കം മുതൽ പൊലീസ് ഭാഷ്യം. ഈ മുൻവിധിയെ വീട്ടുകാർ ചോദ്യം ചെയ്യുകയും ക്രോണിൻ പറഞ്ഞ കഥ നിഷേധിക്കുകയും ചെയ്തപ്പോഴാണു ക്രോണിന്റെ ഫോണിലുണ്ടായിരുന്ന സെൽഫി ചിത്രങ്ങൾ പുറത്തായത്. ചില മാധ്യമങ്ങൾ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊലീസ് പറഞ്ഞ കഥ സത്യമാണെന്നും മറ്റന്വേഷണങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നും വരുത്തിത്തീർക്കുകയാകാം ചിത്രങ്ങൾ പുറത്തുവിട്ടവരുടെ ഉദ്ദേശ്യം. അറസ്റ്റിലായ ക്രോണിന്റെ ഫോൺ പൊലീസിന്റെ കൈവശമാണെന്നിരിക്കേ ചിത്രങ്ങൾ പുറത്തുവിട്ടതാരെന്ന് അറിയാൻ അന്വേഷണ കമ്മിഷൻ ഒന്നും വേണ്ടല്ലോ?
അപമാനിക്കാൻ വേണ്ടി, ബോധപൂർവം
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലുമുണ്ടായി പരാതിക്കാരിയെ തളർത്താനുള്ള ബോധപൂർവമായ ശ്രമം. അന്വേഷണ സംഘത്തിലുള്ള ഒരുദ്യോഗസ്ഥന്റേത് എന്ന പേരിലുള്ള ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. നടിക്ക് അനുഭവിക്കേണ്ടിവന്ന ക്രൂരത അന്വേഷണത്തിനിടെ നേരിട്ടു മനസ്സിലാക്കി എന്ന മട്ടിൽ ഉദ്യോഗസ്ഥൻ ആരോടോ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണു പ്രചരിച്ചത്. നടിയുടെ മൊഴിയിൽ പോലുമില്ലാത്തവണ്ണമുള്ള വിവരണമാണു ശബ്ദരേഖയിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയല്ല അങ്ങനെയൊരു ക്ലിപ് പ്രചരിച്ചതെന്നു ശബ്ദരേഖ കേൾക്കുമ്പോൾ മനസ്സിലാകും. നടിയെ കഴിയുന്നത്ര മാനസികമായി തകർക്കുകയും അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നു പ്രചരിപ്പിച്ച് അപമാനിക്കുകയുമാണ് ഇതു ചെയ്തയാളുടെ ലക്ഷ്യമെന്നു വ്യക്തം. എന്നാൽ, അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്റേത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഈ ക്ലിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയതായി വിവരമില്ല. നടിയുടെ കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ആക്രമണത്തെക്കുറിച്ചു വിവരിക്കുന്ന പേജ് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ഇതിനോടു ചേർത്തു വായിക്കാം.
ചൂഷകരാവുന്നു, നമ്മുടെ പൊലീസ്
പരാതിയുമായെത്തുന്ന സ്ത്രീകളോടു മോശമായി പെരുമാറുന്നതു പോലെ തന്നെ പ്രതികളുടെ ബന്ധുക്കളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. പാലക്കാട് ജില്ലയിൽ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് സ്വർണാഭരണ നിർമാണത്തൊഴിലാളിയെ സിഐ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ വിവരങ്ങൾ അറിയാൻ സ്റ്റേഷനിലേക്കു ചെല്ലുകയും ഫോൺ വിളിക്കുകയും ചെയ്തതോടെ സിഐയുടെ മട്ടുമാറി. സിഐ പ്രതിയുടെ ഭാര്യയെ വിളിക്കാൻ തുടങ്ങി. ടെലിഫോൺ സംഭാഷണം പുറത്താവുകയും പരാതി ഉയരുകയും ചെയ്തതോടെ സിഐ സസ്പെഷൻഷനിലായി. പരാതിക്കാരിയായ സ്ത്രീയോടു മോശമായി സംസാരിച്ചതിന്റെ പേരിൽ ഇതേ ഉദ്യോഗസ്ഥൻ ഏതാനും മാസം മുമ്പ് വീണ്ടും സസ്പെൻഷനിലായി.
പൊലീസിന്റെ നമ്പർ !
അടിയന്തര സഹായം ലഭിക്കേണ്ട സ്ത്രീ ഏതു നമ്പറിൽ വിളിക്കണം? കൺട്രോൾ റൂം മുതൽ മിത്ര വരെ ഒരുപിടി നമ്പറുമായി പൊലീസ് ഹാജരുണ്ട്. എന്നാൽ, യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണ്? സ്ത്രീകളോ കുട്ടികളോ പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചാൽ മറ്റു സ്റ്റേഷനുകളിൽ വിളിക്കാനാണ് ഏതു ജില്ലയിലെ പൊലീസാണെങ്കിലും ആദ്യം നിർദേശിക്കുക. പരാതികൊണ്ടു സഹികെട്ടപ്പോൾ ഡിജിപി പൊലീസിനു മുന്നറിയിപ്പു നൽകി. ലഭിക്കുന്ന വിവരം ഏതു പൊലീസ് സ്റ്റേഷന്റെ പരിധിയിലാണോ അവിടേക്കു വിവരം കൈമാറേണ്ടതു കൺട്രോൾ റൂമിന്റെ ചുമതലയാണെന്ന്.
അടിയന്തരഘട്ടത്തിൽ സഹായം അഭ്യർഥിക്കാൻ സ്ത്രീകൾ മൊബൈലിൽ സൂക്ഷിക്കേണ്ടത് ഇതിൽ ഏതു നമ്പർ
കൺട്രോൾ റൂം 100
മിത്ര 181
ചൈൽഡ് ലൈൻ 1098
വനിതാ ഹെൽപ് ലൈൻ 1091
ക്രൈം സ്റ്റോപ്പർ 1090
വിമൻ ഹെൽപ് 1091
പിങ്ക് പട്രോൾ 1515*
ഹൈവേ അലേർട് 9846100100
എസ്എംഎസ് അലേർട് 9497900000
റയിൽ അലേർട് 9946200100
ഇന്റലിജൻസ് അലേർട് 9497999900
നിർഭയ 18004251400
പിങ്ക് പട്രോൾ നമ്പർ കിട്ടാതെ വന്നപ്പോൾ ഡിജിപി നൽകിയ മറ്റൊരു നമ്പറുമുണ്ട്; 9497962008
കേന്ദ്ര സർക്കാരിന്റെ 181 വനിതാ ഹെൽപ്‌ലൈൻ പദ്ധതിയാണു മിത്ര എന്ന പേരിൽ കേരളം നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വികസന കോർപറേഷനാണു ഹെൽപ്‌ലൈനിനു നേതൃത്വം നൽകുക. അപ്പോഴും സ്ത്രീകളുടെയും കുട്ടികളുടെയും ചോദ്യം ബാക്കിയാവുന്നു. ഇനി അടിയന്തര ഘട്ടത്തിൽ ഈ നമ്പറിൽ വിളിച്ചാൽ മതിയോ? മറ്റു നമ്പറുകൾ തുടർന്നും പ്രവർത്തിക്കുമോ?
സ്ത്രീസൗഹൃദമാവണം പൊലീസ് സ്റ്റേഷനുകൾ
സ്ത്രീ പരാതിയുമായി സ്റ്റേഷനിൽ എത്തിയാൽ റൈറ്ററുടെയൊ ജിഡി (ജനറൽ ഡയറി) ചാർജിന്റെയോ മുന്നിലേക്കാണ് ആദ്യമെത്തുക. സ്റ്റേഷൻ ഹൗസ് ഓഫിസറായ എസ്ഐ എപ്പോഴും സ്റ്റേഷനിൽ ഉണ്ടാകണമെന്നില്ല. ഈ സമയത്തു സ്റ്റേഷന്റെ ചാർജ് റൈറ്റർക്കായിരിക്കും. റൈറ്റർ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവിലൂടെ നിയോഗിക്കപ്പെടുന്നയാളായിരിക്കും. എന്നാൽ, ജിഡി ചാർജ് എസ്ഐ താൽക്കാലികമായി ചുമതല ഏൽപിക്കുന്നയാളായിരിക്കും. അതിനാൽത്തന്നെ ജിഡി ചാർജ് ദിവസം മാറി വരാം. സ്ത്രീ പരാതി പറയേണ്ടത് ഇവരിൽ ആരെങ്കിലും ഒരാളോടായിരിക്കും. പലപ്പോഴും മറ്റുള്ളവർ കേൾക്കെ സംഭവങ്ങൾ വിശദീകരിച്ചുകൊടുക്കേണ്ടിയും വരും. എസ്ഐ വിളിപ്പിക്കുമ്പോൾ ഇതേ കാര്യം തന്നെ എസ്ഐയ്ക്കു മുന്നിലും അവതരിപ്പിക്കണം. പീഡനക്കേസിലെ പരാതിക്കാർക്കുണ്ടാവുന്ന മാനസിക പീഡ ഊഹിക്കാവുന്നതേയുള്ളൂ. എസ്ഐ സ്ഥലത്തില്ലെങ്കിൽ പരാതിക്കു രസീത് ലഭിക്കലും ദുഷ്കരമാണ്. കാരണം രസീത് നൽകുന്നതിനുള്ള അധികാരം സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ്. റൈറ്റർക്കും നൽകാമെങ്കിലും ആരും ആ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.
പൊലീസ് സേനയുടെ നവീകരണത്തിനായി കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നുമായി ലഭിച്ചത് - 436.44 കോടി രൂപ
ഇതിൽ കേന്ദ്ര വിഹിതം - 298.36 കോടി രൂപ
സംസ്ഥാന വിഹിതം - 138.07 കോടി
നവീകരണഫണ്ടിൽനിന്ന് ചെലവഴിച്ചത്: കേന്ദ്ര ഫണ്ട് - 258 കോടി
സംസ്ഥാന ഫണ്ട് - 87.37കോടി
ആകെ - 345.37കോടി
ചെലവഴിക്കാതെ പാഴാക്കിയത്: കേന്ദ്ര വിഹിതം - 40.36 കോടി
സംസ്ഥാന വിഹിതം - 54.74 കോടി
ആകെ - 95.10 കോടി
* മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനുള്ള കേന്ദ്രത്തിന്റെ സഹായം ഒഴിവാക്കിയുള്ള കണക്കാണിത്.
* ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവഴിച്ചതു 123.80 ലക്ഷം. കഴിഞ്ഞ വർഷം മാത്രം ചെലവിട്ടത് 11.98 കോടി രൂപ.
സേനയുടെ നവീകരണത്തിനു കോടികൾ ചെലവഴിക്കുമ്പോഴും സേനാംഗങ്ങൾ നവീകരിക്കപ്പെടുന്നില്ലെന്നതാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനു നമ്മുടെ പൊലീസിനെ ഒരുക്കുന്നതിനുള്ള ചുമതല ആർക്കാണ്? അതിന് അവരെ പ്രാപ്തരാക്കുന്നതിന് എന്താണു തടസ്സം? അതേക്കുറിച്ചു നാളെ