E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതോടെ കേരളത്തിന് വികസനപ്രതീക്ഷകള്‍ കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നു എന്നു പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തീര്‍ച്ചയായും അവകാശമുണ്ട്. പക്ഷേ എത്ര അനുമോദിച്ചിട്ടും തീരാത്ത ഈ അമിതോല്‍സാഹവും അത്യാഹ്ലാദവും കൊണ്ട് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് പറയാതെ വയ്യ. രാഷ്ട്രീയം മറന്ന് അധികാരത്തിനു മുന്നില്‍ തല കുനിക്കുന്ന മുഖ്യമന്ത്രി ഒരു ജനതയുടെ രാഷ്ട്രീയബോധത്തെ കൊഞ്ഞനം കുത്തുകയാണ്. 

കേരളത്തിന് ഓണസമ്മാനമായി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി എന്നു ബി.ജെ.പിക്കാര്‍ പറയുന്നത് മനസിലാക്കാം. ഭരണനിര്‍വഹണത്തില്‍ അനുഭവപരിചയമുള്ള അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം മന്ത്രിയായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് എല്ലാവര്‍ക്കും പ്രതീക്ഷിക്കാം. ടൂറിസം വികസനത്തില്‍ പ്രത്യേക താല്‍പര്യമുള്ള കേരളത്തിന് മലയാളിയായ മന്ത്രി പ്രതീക്ഷകള്‍ക്ക് നിറം കൂട്ടാം. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിന്റെ മുഖ്യമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിക്കുന്നത് സ്വാഭാവികവുമാണ്. പക്ഷേ നേരിട്ട് അഭിനന്ദനമറിയിച്ചതുകൂടാതെ അല്‍ഫോന്‍സ് കണ്ണന്താനവുമായുള്ള ദീര്‍ഘകാലസൗഹൃദം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയും ആഹ്ലാദം പ്രകടിപ്പിച്ചു മുഖ്യമന്ത്രി. അതും പോരാതെ ഡല്‍ഹിയില്‍ കേരളാഹൗസില്‍ നടന്ന ഓണാഘോഷത്തിനിടെ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഉച്ചവിരുന്നൊരുക്കിയും അനുമോദിച്ചു. 

കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയില്‍ സി.പി.എമ്മിന്റെ മുഖ്യമന്ത്രി പ്രകടിപ്പിച്ച അമിതമായ ഉല്‍സാഹം അനുചിതവും അരോചകവുമാണ് എന്ന് പറയാതെ വയ്യ. അധികാരം, അത് എവിടെയായാലും ആരിലൂടെയായാലും ആഘോഷിക്കപ്പെടേണ്ടതാണെന്ന് ഉദ്ഘോഷിച്ച മുഖ്യമന്ത്രി ഒരു കാര്യം മറന്നു പോയി. ബി.ജെ.പിയുടെ എല്ലാ പ്രലോഭനങ്ങളെയും ചെറുത്തു നിന്ന് രാഷ്ട്രീയതീരുമാനമെടുത്ത ജനങ്ങള്‍ക്കു മുന്നിലുള്ള ഈ അധികാരപൂജ, ഈ ജനതയെക്കൂടിയാണ് ചെറുതാക്കിക്കളയുന്നത്. 

മുഖ്യമന്ത്രി കാണിച്ചത് രാഷ്ട്രീയമര്യാദ മാത്രമെന്ന് ന്യായീകരിക്കാന്‍ ആരാധകവൃന്ദം പാടുപെടുന്നുണ്ട്. അഭിനന്ദനം സ്വാഭാവികമാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് ഉല്‍സാഹം പ്രകടിപ്പിക്കുമ്പോള്‍, അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കണ്ണന്താനമെന്ന ദീര്‍ഘകാലസുഹൃത്തിനെ ജനങ്ങള്‍ക്കു മുന്നില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ആരാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്നും എന്താണ് ഇന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യമെന്നും കൂടി ഓര്‍മിക്കാനും കേരളത്തെ ഓര്‍മിപ്പിക്കാനും ബാധ്യതയുണ്ടായിരുന്നു മുഖ്യമന്ത്രിക്ക്. അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയുടെ ദേശീയനിര്‍വാഹകസമിതി അംഗമാണ്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും രാഷ്ട്രീയമായി വഞ്ചിച്ചു ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവെന്നു പറയണമെന്നു നിര്‍ബന്ധമില്ല, അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായമില്ലെങ്കില്‍. പക്ഷേ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരു നേതാവിനെ ആ രാഷ്ട്രീയം മറന്നുകൊണ്ട് ആശ്ശേഷിക്കുന്ന മുഖ്യമന്ത്രി കേരളം തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി പോലും മറന്നു പോയതിന് ന്യായീകരണമില്ല. 

എന്തുകൊണ്ടാണ് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കാൻ  കേരളത്തില്‍ നിന്നൊരു എം.പിയില്ലാതെ പോയത്? ഇന്ത്യയെ മാറ്റിമറിച്ച പൊതുതിരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിലും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയുടെ അധികാരപ്രലോഭനങ്ങളില്‍ വീഴുന്നില്ലെന്ന് തീരുമാനിച്ചതെന്തുകൊണ്ടാണ്? അധികാരത്തിനു മുന്നില്‍ രാഷ്ട്രീയം മറക്കണമെന്നു പറയാതെ പറയുന്ന മുഖ്യമന്ത്രി കേരളീയരെ സന്ദേഹത്തിലാഴ്ത്തുന്നു. അധികാരവും രാഷ്ട്രീയവും നേര്‍ക്കുനേര്‍ വന്നു നില്‍ക്കുമ്പോള്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത്? അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കയറുമ്പോള്‍ പുറത്തൂരി വയ്ക്കാനുള്ള അലങ്കാരമാണോ രാഷ്ട്രീയം·? 

ശുഭകാര്യങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന ദുഷ്ടലാക്കെന്നാണ് പിണറായിയുടെ കണ്ണന്താനാരോഹണത്തെ വിമര്‍ശിച്ചവര്‍ക്കുള്ള വിശേഷണം. ഭരണവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്ന ന്യായം കൂടി കേട്ടെന്നു വരും. പിന്നെന്താണീ രാജ്യത്തു നടക്കുന്നത് ന്യായീകരണസഖാക്കളേ? ജനാധിപത്യത്തിലൂടെ നേടിയ രാജ്യാധികാരംഅധികാരം രാഷ്ട്രീയത്തിലെ ഒളി‍യജണ്ടകള്‍ നടപ്പാക്കാനായി മാത്രം വിനിയോഗിക്കപ്പെടുന്ന ബി.ജെ.പിയോട് എങ്ങനെയാണ് നിങ്ങള്‍ക്കീ അരാഷ്ട്രീയം പറയാന്‍ കഴിയുന്നത്? അരാഷ്ട്രീയത മാത്രം കൈമുതലായുള്ള കണ്ണന്താനത്തെ അതു തന്നെയാണ് ബി.ജെ.പിയില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നതെന്ന് ഘോഷിച്ചവര്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ കിട്ടിയല്ലോ മറുപടി. 

നേരാണ് അദ്ദേഹം ഇനിയും നേരാനേരം നിലപാടുകള്‍ മാറ്റിപ്പറഞ്ഞും തിരുത്തിയും മെയ്‍വഴക്കം പ്രകടിപ്പിക്കും. നിലപാടുകള്‍ ഒരു പ്രശ്നമല്ലാത്തതിനാല്‍ എത്ര തവണ, എങ്ങനെ മാറ്റിപ്പറയണമെന്നതും കണ്ണന്താനത്തിന് ഒരു പ്രയാസവും സൃഷ്ടിക്കില്ല. കണ്ണന്താനമെന്ന അഭിമാനത്തില്‍ കൂടുതല്‍ ഇളിഭ്യരാകാന്‍ പിണറായിക്കും കൂട്ടര്‍ക്കും ഇനിയും ധാരാളം അവസരങ്ങള്‍ ഉറപ്പാണ്. ജനാധിപത്യവും രാഷ്ട്രീയവുമല്ല, അധികാരസ്നേഹം മാത്രമാണ് കണ്ണന്താനം സംസാരിക്കുന്നതെന്ന് മനസിലാക്കാനുള്ള ബോധം ജനങ്ങള്‍ക്കുണ്ടാകും. ജനനേതാവിനുണ്ടാകില്ലെങ്കിലും. മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും സി.പി.എം എം.പിമാരും മുസ്‍ലിംലീഗ് നേതാക്കള്‍ വരെയും ആഹ്ലാദം പ്രകടിപ്പിച്ചുവല്ലോയെന്നത് ന്യായീകരണമാവില്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് കേരളം നല്‍കിയ മറുപടിയാണ് ഇടതുസര്‍ക്കാര്‍ എന്ന് അഭിമാനം കൊള്ളുന്നവര്‍ മുഖ്യമന്ത്രിയുടെ ആഘോഷത്തിന് രാഷ്ട്രീയമായി മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. 

ഔചിത്യത്തിനും ഔപചാരികതയ്ക്കുമപ്പുറം ഗുരുതരമായ ചില രാഷ്ട്രീയചോദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ നിലപാട് ഉയര്‍ത്തുന്നുണ്ട്. ബി.ജെ.പിയുടെ വികസനരാഷ്ട്രീയം സത്യമായും കേരളത്തിനും പ്രതീക്ഷയര്‍പ്പിക്കാവുന്നതാണെന്നാണോ വ്യംഗ്യമായി പറഞ്ഞുവയ്ക്കുന്നത്? മോദിയുടെ വികസനമോഡല്‍ നിശബ്ദമായി കേരളം അംഗീകരിക്കേണ്ടതാണെന്നാണോ? അധികാരത്തില്‍ പങ്കു പറ്റുകയെന്നതാണ് പ്രായോഗികമായി ശരിയെന്നാണെങ്കില്‍ അടുത്ത ലോക്സഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കണം? ആര്‍ക്കൊപ്പം നില്‍ക്കുന്നതാണ് തല്‍ക്കാലം ലാഭമെന്ന് ഈ ജനത ചിന്തിക്കണോ? മറുപടി പറയേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്ഥാനത്തിനുമുണ്ട്.