ജയ്പുർ∙ പതിനെട്ടുകാരിയായ വിദ്യാർഥിനിയെ സ്കൂളിലെ അധ്യാപകർ രണ്ടുമാസത്തോളം കൂട്ടമാനഭംഗം ചെയ്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ സിക്കാറിലാണു സംഭവം. ഗർഭിണിയായതിനെത്തുടർന്ന് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും കുട്ടിയുടെ നില അപകടാവസ്ഥയിലാവുകയും ചെയ്തു. ഗർഭഛിദ്രം നടത്തിയത് വിദ്യാർഥിനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തില്ല.
എക്സ്ട്രാ ക്ലാസെന്ന പേരിലാണ് 12–ാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് കഴിഞ്ഞും അധ്യാപകർ സ്കൂളിൽ പിടിച്ചുനിർത്തിയത്. മാനഭംഗത്തിന്റെ വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് കേസെടുത്തതിനെത്തുടർന്നു സ്കൂൾ ഡയറക്ടർ ജഗ്ദിഷ് യാദവും അധ്യാപകൻ ജഗത് സിങ് ഗുജറും ഒളിവിൽപ്പോയി. കുട്ടി അബോധാവസ്ഥയിലാണ്.
വയറുവേദനയെന്ന പരാതിയെത്തുടർന്നു കുട്ടിയുമായി മാതാവ് ആശുപത്രിയിലെത്തി. വിവരമറിഞ്ഞ സ്ഥലത്തെത്തിയ യാദവ് മാതാവിനെ നിർബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ മറ്റൊരു ക്ലിനിക്കിലെത്തി ഗർഭഛിദ്രം ചെയ്യിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ മാതാവിന് ഇക്കാര്യം മനസ്സിലായില്ല. ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നും മാത്രമാണു മാതാവിനോടു പറഞ്ഞത്. അതിനുശേഷം വീട്ടിലെത്തി കുട്ടിയുടെ അവസ്ഥ മോശമായപ്പോൾ അവർ മറ്റൊരു ആശുപത്രിയിൽ എത്തുകയായിരുന്നു. ഇവിടെവച്ചാണ് ഗർഭഛിദ്രം നടന്നതായി കുടുംബത്തിനു മനസ്സിലാകുന്നത്.