കണ്ണൂർ നഗരമധ്യത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശി കെ.ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു.
രാവിലെ ഏഴേകാലിനായിരുന്നു സംഭവം. ഓഫിസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി പഴയ ബസ് സ്റ്റാന്‍ഡിൽവെച്ചാണ് കണ്ടുമുട്ടിയത്. ഉടൻതന്നെ പിന്നാലെ തിരിഞ്ഞ്നടന്ന് യുവതിയെ മറികടന്ന് മുൻപിൽ കയറി. തുടർന്ന് റെയിൽവേ അടിപാതയ്ക്ക് സമീപമെത്തി വീണ്ടും യുവതിയെ ലക്ഷ്യമാക്കി തിരിഞ്ഞുനടക്കുകയായിരുന്നു.
കടന്നുപിടിച്ചതോടെ യുവതി ബഹളംവയ്ക്കുകയും പ്രതിയെ പിടിച്ച് നിറുത്താനും ശ്രമിച്ചു. കുതറിയോടിയ പ്രതിയെ തടയാൻ കാൽനടയാത്രക്കാരും ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് ഒരുമണിക്കൂറിനുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടി. സംഭവം ആദ്യം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് ചോദ്യംചയ്തപ്പോൾ പ്രതി കുറ്റം ഏറ്റുപറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.