രാജസ്ഥാനിലെ ബിക്കാനീറിൽ 23 പേർ ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ യുവതിയുടെ മാതാപിതാക്കൾ കേരളീയരെന്ന് രാജസ്ഥാൻ പൊലീസ്. പെണ്‍കുട്ടി ഡൽഹിയിൽ ജനിച്ചുവളർന്നെങ്കിലും ഇവരുടെ മാതാപിതാക്കൾ കേരളീയരാണെന്ന് ബിക്കാനീർ എസ്പി എസ്.എസ്. ഗോദര മനോരമ ഓൺലൈനിനോട് പറഞ്ഞു. ഡൽഹി സ്വദേശിയായ ഭർത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. ബിക്കാനീറിൽ രണ്ടു വർഷം മുൻപ് വാങ്ങിയ സ്ഥലം സന്ദർശിച്ചശേഷം മടങ്ങാനായി ജയ്പുർ റോഡിൽ ഖാട്ടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. അതുവഴി കാറിൽ വന്ന രണ്ടുപേർ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു ക്ഷണിച്ചെങ്കിലും താൻ അതു നിരസിച്ചതായി യുവതി പറയുന്നു. ഇതോടെ അവരുടെ മട്ടുമാറി. തുടർന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് ഓടുന്ന വാഹനത്തിൽ യുവതിയെ മാനഭംഗപ്പെടുത്തി. മണിക്കൂറുകളോളം ഇതു തുടർന്നു. അതിനുശേഷം വേറെ ആറു പേരെ വിളിച്ചുവരുത്തി അവർക്കും തന്നെ കൈമാറിയതായി ജയ് നാരായൺ വ്യാസ് കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. അതിനുശേഷം സർക്കാർ ഉടമസ്ഥതയിലുള്ള പവർ സബ്സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതൽ പേർ ചേർന്നു മാനഭംഗപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് അവിടെ ഉപേക്ഷിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
സെപ്റ്റംബർ 27നാണ് പരാതി ലഭിച്ചത്. 23 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മാനഭംഗങ്ങളിൽ മൂന്നാമത് രാജസ്ഥാൻ
ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാനഭംഗം നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. 2015ലെ റിപ്പോർട്ട് അനുസരിച്ച് 3,644 മാനഭംഗ കേസുകളാണ് രാജസ്ഥാനിൽ മാത്രം റജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.