ഇടുക്കി ഏലപ്പാറയിൽ വർക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന വ്യാജ വിദേശമദ്യ ശേഖരം പൊലീസ് പിടികൂടി. വർക് ഷോപ്പിലെ വാഹനങ്ങളിൽ ഒളിപ്പിച്ച 250 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. വ്യാജമദ്യം വിതരണം ചെയ്തിരുന്ന വർക് ഷോപ്പുടമയെ അറസ്റ്റ് ചെയ്തു.
ഏലപ്പാറ വാഗമൺ റോഡിൽ പ്രവർത്തിക്കുന്ന കൃഷ്ണ വർക് ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു വ്യാജ വിദേശമദ്യ വിൽപന. വർക് ഷോപ്പുടമ ഏലപ്പാറ ലക്ഷംവീട് കോളനിയിലെ ഗോപാലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡി വൈ എസ് പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. വാഹനം തകരാറിലായി എന്ന വ്യാജേനയാണ് പോലീസ് സംഘം ഗോപാലനെ സമീപിച്ചത്. സൗഹൃദത്തിലായതോടെ ഗോപാലൻ വർക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന മദ്യം പുറത്തെടുത്തു.
ഇതോടെ ഗോപാലനെ പൊലീസ് കയ്യോടെ പിടികൂടി. വർക്ഷോപ്പിൽ കിടന്നിരുന്ന വാഹനത്തിനുളളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇതേസമയം ഗോപാലന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. വീടിന് സമീപം പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ പ്ലാസ്റ്റിക് കവറുകളിലും പേപ്പർ ബോക്സിലും സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തി. അരലിറ്റർ വീതമുള്ള കുപ്പികളാണ് പോലീസ് കണ്ടെടുത്തത്. ബവ്റിജസ് ഔട്ട് ലെറ്റിൽ 300 രൂപ വിലയുള്ള മദ്യം 450 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജമായി നിർമിക്കുന്ന മദ്യം ഇടുക്കിയിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.