പത്തനംതിട്ടയിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയ ഡോക്ടര്‍മാർക്കെതിരെ കേസെടുക്കാമെന്ന് പോക്സോ കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ഹൻസലാഹ് മുഹമ്മദ്. ഇക്കാര്യത്തിൽ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. തുടർനടപടിക്കായി പൊലീസ് സ്പെഷ്യൽ പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയിരുന്നു. ഐ.പി.സി. 166 എ,166 ബി, എന്നീവകുപ്പുൾ ചുമത്തികേസെടുക്കാമെന്നാണ് നിയമോപദേശം.
പൊലീസിന്റെ നിർദ്ദേശപ്രാരം ഡി.എം.ഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാകും തുടർനടപടികൾ. വൈകാതെ മെഡിക്കൽ ബോർഡ് യോഗം ചേരുമെന്ന് കേസിന്റെ അന്വേഷണചുമതല വഹിക്കുന്ന കൊല്ലം റൂറൽ എസ്.പി. ബി. അശോകൻ പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ ഡോക്ടർ എം.സി. ഗംഗ, ഡോക്ടർ ലേഖ മാധവ് എന്നിവരെ കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ നിര്‍ദേശത്തെതുടർന്നായിരുന്നു നടപടി.
കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർ ഗംഗയും തുടർന്ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ലേഖയും പരിശോധിക്കാൻ തയാറായില്ലെന്നായിരുന്നു അരോപണം. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ കോയിപ്രം പോലീസാണ് കേസെടുത്തത്.