എറണാകുളം പെരുമ്പാവൂരില്‍ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശിനി നന്ദിനിയാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസ് കുറ്റപത്രത്തിലൂടെ കണ്ട നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഇരുപത്തി മൂന്നിനാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിയായ യുവതി ബസില്‍ സഞ്ചരിക്കുമ്പോള്‍ എടിഎം കാര്ഡടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. ഈ കാര്‍ഡുപയോഗിച്ച് നഗരത്തിലെ രണ്ട് എടിഎം കൗണ്ടറുകളില്‍ നിന്നായി മോഷ്ടാവ് അമ്പതിനായിരം രൂപ പിന്‍വലിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.
ഈ ദൃശ്യങ്ങള്‍ കണ്ട നാട്ടുകാര്‍ നല്കിയ വിവരങ്ങളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. പെരുമ്പാവൂര്‍ നഗരത്തിലെ കണ്ണടക്കടയില്‍ കണ്ണട വാങ്ങാനെത്തിയപ്പോഴാണ് തമിഴ്നാട് മധുര സ്വദേശിനിയായ നന്ദിനിയെ നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നന്ദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സമാനമായ രീതിയില്‍ മറ്റിടങ്ങളിലും നന്ദിനി മോഷണം നടത്തിയിട്ടുണ്ടെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്.