ഡോക്ടര്‍ വിക്ടര്‍ ജോണ്‍ .. പേരിനൊപ്പം എം.ഡി., എം.എസ് അങ്ങനെ ഒട്ടേറെ ഡിഗ്രികള്‍. കാന്‍സറിന്റെ ഒറ്റമൂലിയായി മരുന്നുണ്ടെന്നാണ് പരസ്യം. നിരവധി കാന്‍സര്‍ രോഗികള്‍ ഡോക്ടറെ വിളിച്ചു. വീട്ടില്‍ നേരിട്ടെത്തി പരിശോധിച്ചു മരുന്നു നല്‍കും. സഞ്ചരിക്കുന്ന ഡോക്ടര്‍.
തൃശൂര്‍ പേരാമംഗലം സ്വദേശി ഈ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ബാഗു നിറയെ മരുന്നുമായി ഡോക്ടറെത്തി. സ്റ്റെതസ്കോപ്പും രക്തസമ്മര്‍ദ്ദം നോക്കുന്ന സംവിധാനവുമായാണ് വരവ്. മരുന്നു കുപ്പികള്‍ നിരത്തി. പരിശോധന തുടങ്ങി. വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഇയാള്‍ ഡോക്ടര്‍ തന്നെയാണോ?... സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ചപ്പോള്‍ . ദേ വരുന്നൂ ഒന്നിനു പുറകെ ഒന്നായി സര്‍ട്ടിഫിക്കറ്റുകളുടെ നിര. എം.ഡിയൊക്കെയുള്ള ഡോക്ടര്‍ ഇങ്ങനെയാണോ?...
കാന്‍സര്‍ രോഗി ഉടനെ തൃശൂര്‍ പേരാമംഗലം പൊലീസിനെ വിളിച്ചു. എസ്ഐ: ലാല്‍കുമാറും സംഘവും പാഞ്ഞെത്തി ചോദ്യം ചെയ്തപ്പോള്‍ വ്യാജ ഡോക്ടറുടെ പൊയ്മുഖം അഴിഞ്ഞു.
തിരുവനന്തപുരം കോവളത്താണ് ജനിച്ചത്. 2004ല്‍ സൂനാമിയില്‍ വീടൊലിച്ചു പോയപ്പോള്‍ താമസം തമിഴ്നാട്ടിലെ ദിണ്ഡിഗലിലേക്ക് മാറ്റി. അവിടെ കൂലിപ്പണിയായിരുന്നു. അസുഖം വന്ന് തമിഴ്നാട്ടിലെ വൈദ്യനെ കാണാന്‍ പോയപ്പോഴാണ് ഡോക്ടറാകാന്‍ വിക്ടര്‍ തീരുമാനിച്ചത്. വ്യാജ ഡിഗ്രികള്‍ എഴുതിചേര്‍ത്ത് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. പിന്നെ, കേരളത്തിലേക്ക് വച്ചുപിടിച്ചു. ദിവസം അയ്യായിരം രൂപ വരെ വരുമാനം. ഇതുവരെ ആര്‍ക്കും സംശയം തോന്നിയതുമില്ല. പതിമൂന്നു ഡിഗ്രികളും ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയാണ് കള്ളത്തരം പൊളിച്ചത്. സഞ്ചരിക്കുന്ന ഡോക്ടര്‍ ഇനി വിയ്യൂര്‍ ജയിലില്‍ .