ഒക്ടോബര്‍ ആറാം തീയതി രാത്രി പത്തു മണിക്ക് തൃശൂര്‍ ഈസ്റ്റ് സി.ഐ: കെ.സി.സേതുവിന് ഒരു ഫോണ്‍ കോള്‍ കിട്ടി. തൃശൂര്‍ കെ.എസ്.ആര്‍ .ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു കോള്‍ . ഒരു ബാഗ് ഹോട്ടലിന്റെ ഫ്രണ്ട് ഓഫിസില്‍ ഉപേക്ഷിച്ച് വിദേശികള്‍ കടന്നിരിക്കുന്നു. സി.ഐയും സംഘവും നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തി. ബാഗില്‍ സ്ഫോടക വസ്തുക്കള്‍ അല്ലെന്ന് ഉറപ്പാക്കി. ബാഗ് തുറന്നപ്പോള്‍ പതിനാറു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ . പിന്നെ, കുറേ ദ്രാവകങ്ങളും. കള്ളനോട്ടു സംഘമാണ് ബാഗ് ഉപേക്ഷിച്ചതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. ഹോട്ടലിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. രണ്ടു വിദേശികള്‍ . ആഫ്രിക്കക്കാരാണെന്ന് രൂപംകണ്ടപ്പോള്‍ പൊലീസ് സംശയിച്ചു. ഈ രണ്ടു പേര്‍ക്കൊപ്പമുണ്ടായിരുന്നത് മലയാളി. വിദേശികളുടെ പുറകെ പായുന്നതിനു പകരം പൊലീസ് പോയത് മലയാളിക്കു പുറകെ.
ടാക്സി ഡ്രൈവര്‍മാര്‍തന്നെ രക്ഷ
കെ.എസ്.ആര്‍ .ടി.സി. സ്റ്റാന്‍ഡ് പരിസരത്തെ ടാക്സിക്കാരോട് പിറ്റേന്നു വിവരങ്ങള്‍ തിരക്കി. രണ്ടു വിദേശികളുമായി ഒരാള്‍ കൊടുങ്ങല്ലൂരിലേക്ക് ഓട്ടം വിളിച്ചിരുന്നുവെന്ന് ഒരു ഡ്രൈവര്‍ മൊഴിനല്‍കി. ഓട്ടം പോയത് രാത്രിയായതിനാല്‍ സ്ഥലം വ്യക്തമല്ല. ഓട്ടം പോയ വഴിയിലൂടെ പൊലീസ് സംഘം സഞ്ചരിച്ചു. ഒരു രക്ഷയില്ല. മലയാളിയെക്കുറിച്ച് വിവരമില്ല. പൊലീസ് സംഘത്തിലെ എ.എസ്.ഐ: സുവ്രതകുമാറിന് ഒരു ഐഡിയ തോന്നി. ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷിച്ചാലോ?... നിരവധി ട്രാവല്‍ ഏജന്‍സി ഓഫിസുകളില്‍ കയറിയിറങ്ങിയപ്പോള്‍ ഈ വിദേശികള്‍ കാമറൂണില്‍ നിന്നുള്ളവരാണെന്ന് മനസിലായി. ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരി വഴി കേരളത്തില്‍ എത്തി. ഇവരെ പരിചയപ്പെടുത്തിയ മലയാളിയുടെ പേരും നമ്പറും ഏജന്‍സി ഓഫിസില്‍ നിന്ന് കിട്ടി.
കാമറൂണ്‍ ബന്ധം
കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ അശോകനായിരുന്നു ആ മലയാളി. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം അശോകന്‍ കാര്യങ്ങള്‍ പറഞ്ഞു. കാമറൂണ്‍കാരെ പരിചയപ്പെട്ടത് മസ്ക്കറ്റ് ജയിലില്‍ . മസ്ക്കറ്റില്‍ എ.ടി.എം. തട്ടിപ്പിന് ജയിലായതാണ് കാമറൂണ്‍ സ്വദേശികള്‍ . അശോകന്‍ ജയിലില്‍ എത്തിയത് മദ്യം വിറ്റത് കയ്യോടെ പിടിച്ചപ്പോള്‍ . അങ്ങനെ, ജയിലില്‍ കണ്ട പരിചയം വളര്‍ന്നു. മുപ്പതു വര്‍ഷം ഗള്‍ഫില്‍ എ.സി.മെക്കാനിക്കായിരുന്ന അശോകന് കള്ളനോട്ടിന്റെ സാധ്യതകള്‍ കാമറൂണ്‍ സ്വദേശികള്‍ പരിചയപ്പെടുത്തി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സൗഹൃദം തുടര്‍ന്നു. വിദഗ്ധമായി കള്ളനോട്ടടിക്കാന്‍ സാങ്കേതിക വിദ്യയുമായി കാമറൂണ്‍ സ്വദേശികള്‍ ഇന്ത്യയിലിറങ്ങി. പിന്നെ, കേരളത്തിലേക്ക്. പതിനാറു ലക്ഷം രൂപയുടെ കള്ളനോട്ട് വിദേശികളുടെ പക്കലുണ്ടായിരുന്നു. അശോകനുമായി ഡീല്‍ ഉറപ്പിക്കാന്‍ തൃശൂര്‍ നഗരത്തില്‍ എത്തിയപ്പോഴാണ് പൊലീസ് പിന്നാലെയുണ്ടോയെന്ന് സംശയിച്ചത്. അന്ന്, ചാവക്കാട് കള്ളനോട്ടു പിടികൂടിയ വാര്‍ത്തകള്‍ സന്ധ്യാപത്രങ്ങളില്‍ അശോകന്‍ വായിച്ചിരുന്നു. ഇവര്‍ കയറിയ ഹോട്ടലിന്റെ പുറത്ത് കണ്‍ട്രോള്‍ റൂം പൊലീസിന്റെ വാഹനം കിടന്നിരുന്നു. പൊലീസ് തങ്ങളെ പിടിക്കാനാണെന്ന ധാരണയില്‍ ബാഗ് ഉപേക്ഷിച്ച് ഇവര്‍ മുങ്ങുകയായിരുന്നു.
ജയിലിലെ ബന്ധം
ജയിലില്‍ ഒരു മുറിയില്‍ അന്തിയുറങ്ങിയാല്‍ പിന്നെ ആ സൗഹൃദം ഇഴമുറിയാതെ കൂടെപ്പോരുമെന്ന് തടവുകാര്‍ പറയും. ഉച്ചതിരിഞ്ഞ് 5.15ന് തടവറ താഴിട്ട് പൂട്ടിയാല്‍ പിന്നെ തുറക്കുന്നത് പിറ്റേന്നു രാവിലെ ആറു മണിക്കാണ്. മറ്റു സമയങ്ങളിലും തടവുകാര്‍ ഒപ്പംതന്നെ. ഇത്രയും സമയം ഒന്നിച്ചു കഴിയുമ്പോഴുള്ള സൗഹൃദം കുറ്റകൃത്യങ്ങളുടെ ഗൂഢാലോചനകളിലേക്ക് കടക്കുകയാണ് പതിവ്. തട്ടിപ്പിന് പുതിയ ആശയങ്ങളും വഴികളും. കേരളത്തിലെ ജയിലില്‍ മാത്രമല്ല. അങ്ങ്, മസ്ക്കറ്റിലെ ജയിലിലും സൗഹൃദത്തിന് കുറവില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. കാമറൂണ്‍കാരെ ഇനിയും പിടിച്ചിട്ടില്ല. ഇവര്‍ ഇന്ത്യയില്‍തന്നെയുണ്ട്. പിന്നാലെ പൊലീസും.