വീടുകളിൽ ചോരക്കറ വയനാട് നടവയൽ ചിറ്റാലൂർക്കുന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിൽ. സമാന സംഭവങ്ങൾ ആവർത്തിക്കുന്നു . പൊലീസ് അന്വേഷണം തുടങ്ങി. നടവയൽ ചിറ്റാലൂർക്കുന്നിലെ ചില വീടുകളിൽ രക്തക്കറ കണ്ടെത്തിയതാണ് ജനങ്ങളിൽ ഭീതിയുണർത്തുന്നത്. കഴിഞ്ഞ ആഴ്ച്ച ചിറ്റാലൂർക്കുന്നിലെ ഒരു വീടിന്റെ തിണ്ണയിലും, മുറ്റത്തും, തൊഴുത്തിലും രക്ത തുള്ളികൾ കണ്ടെത്തിയിരുന്നു.
ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ ആൾപാർപ്പില്ലാത്ത മറ്റൊരു വീട്ടിലും രക്തം തളം കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഈ വീടിന്റെ ജനൽചില്ലുകളും തകർത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യ രക്തമോ, മൃഗങ്ങളുടെ രക്തമാണോ എന്ന സംശയമാണ് നാട്ടുകാർക്ക് ഉള്ളത്.
വീടിന്റെ ഭിത്തിയിലും, തിണ്ണയിലും, വലിയ തോതിലാണ് രക്തം കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ രക്തം രാസ പരിശോധനയ്ക്ക് അയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്ന രീതിയിൽ ചില സംഘങ്ങൾ രാത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായും ലഹരിമരുന്ന് വിൽപനക്കാരുടെ തന്ത്രങ്ങൾ ആവാം എന്ന സംശയവും ജനങ്ങൾക്കുണ്ട്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.