കഴിഞ്ഞ പത്തു വർഷത്തിനിടയിൽ റോഡപകടങ്ങളിൽ 599 പേർ മരിച്ചിട്ടും വയനാട്ടിൽ ഒരു ട്രോമാകെയർ സംവിധാനം പോലുമില്ല. അപകടങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വരുമ്പോൾ നോക്കുകുത്തിയാവുകയാണ് വയനാട് ജില്ലയിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ. ഗുരുതരാവസ്ഥയിലുള്ള രോഗികൾ മെച്ചപ്പെട്ട ചികിൽസ കിട്ടണമെങ്കിൽ മൂന്നും നാലും മണിക്കൂറുകൾ സഞ്ചരിച്ച് കോഴിക്കോടെത്തണം. കഴിഞ്ഞ വർഷം ജില്ലയിൽ അപകടങ്ങളിൽ മരിച്ചത് 82 പേർ. 713 റോഡ് അപടകടങ്ങളുണ്ടായി. 2015 ൽ 52 പേർ മരിച്ചു. 2007 മുതൽ 16 വരെ 5988 റോഡപകടങ്ങളുണ്ടായി.
ജില്ലകളിൽ കുഞ്ഞനായ വയനാടിന് താങ്ങാൻപറ്റാത്തതാണ് ഈ കണക്ക്. ഭൂരിഭാഗവും ചികിൽസ തേടിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയെ സമീപിക്കും. അടുത്ത റഫറൽ കേന്ദ്രം കോഴിക്കോടാണ്.
ജില്ലാ ആശുപത്രിയിൽ ട്രോമാകെയറിന് കെട്ടിടം പണിതെങ്കിലും അതിപ്പോൾ കാഷ്വാലിറ്റിയായാണ് ഉപയോഗിക്കുന്നത്.