കണ്ണൂർ കീഴ്പ്പള്ളി വിയറ്റ്നാം റിസർവ്വ് വനത്തിൽ മലമാനെ വേട്ടയാടിയ നാലംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. മലമാന്റെ ഇറച്ചിയും വേട്ടയാടാനുപയോഗിച്ച തോക്കും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ ഇന്ന് പുലർച്ചയോടെയാണ് പിടികൂടിയത്. അയ്യൻകുന്ന് സ്വദേശികളായ ജോസഫ് മാത്യു, ഷിജു ജോർജ്, വിനോദ് ആന്റണി, കീഴ്പ്പള്ളി സ്വദേശി കെ ജി ഷൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പഴയങ്ങാടി സ്വദേശി മുജീബ് ഓടി രക്ഷപ്പെട്ടു. ഈയാൾക്കുവേണ്ടി വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചുവെച്ച മലമാന്റെ ഇറച്ചിയും പിടിച്ചെടുത്തു. തിര നിറച്ച തോക്കും കത്തികളും ഇരുമ്പ് വടിയും ടോർച്ചുകളും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ നാലുപേരെയും നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞയാഴ്ച ആറളത്തുനിന്ന് നായാട്ടുസംഘം മലാനെ വേട്ടയാടിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നുതിനിടയിലാണ് പുതിയ കേസ് വനംവകുപ്പിന് ലഭിച്ചത്. ആറളം, കൊട്ടിയൂർ, കണ്ണവം റെയ്ഞ്ച് ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.