മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരുക്കിലായ ഇടുക്കിയിലെ സിപിഎം നേതൃത്വം പുഴ കയ്യേറ്റത്തിനും പ്രതിക്കൂട്ടില്‍. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രസിഡന്റായ ബാങ്കാണ് മുതിരപ്പുഴയാര്‍ കയ്യേറി കെട്ടിടംവച്ചത്. നിര്‍മാണം നിര്‍ത്താന്‍ സബ്കലക്ടര്‍ ഉത്തരവിട്ടെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് നടപടി അട്ടിമറിച്ചു.
മൂന്നാര്‍ എന്ന പേരിനുതന്നെ കാരണമായ മുതിരപ്പുഴയാര്‍ മെലിഞ്ഞതെങ്ങനെയെന്ന് ഈ കാഴ്ചകള്‍ തെളിയിക്കും. പലരും പലവിധത്തില്‍ വളച്ചുകെട്ടി പുഴ സ്വന്തമാക്കി. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഈ കെട്ടിടം ആ പട്ടികയില്‍ ഒടുവിലത്തേതാണ്. കയ്യേറ്റം നടന്നത് രണ്ട് മാസം മുമ്പ്. ബാങ്ക് പ്രസിഡന്റായ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശിയുടെ നേതൃത്വത്തിലായിരുന്നു എല്ലാ നിയമങ്ങളും ലംഘിച്ചുള്ള നടപടി. ആദ്യം താത്കാലിക ഷെഡുവച്ചു. പിന്നീട് കോണ്‍ക്രീറ്റ് കെട്ടിടമായി. തകരഷീറ്റുകള്‍കെട്ടി കാഴ്ചമറച്ച ശേഷമാണ് കോണ്‍ക്രീറ്റ് കെട്ടിടം പണിതുയര്‍ത്തിയത്.
രാഷ്ട്രീയസ്വാധീനമില്ലാത്ത കയ്യേറ്റക്കാരെ ആട്ടിയോടിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ പാര്‍ട്ടികയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടച്ചു. ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ബാങ്കിന്റെ കെട്ടിട നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ രണ്ട് മാസം മുമ്പ് ഉത്തരവിട്ടു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുതിര്‍ന്ന സിപിഎം നേതാക്കളും ഭീഷണിപ്പെടുത്തിയതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടിയില്‍ നിന്ന് പിന്‍വാങ്ങി. അങ്ങനെ ടൗണിലെ ഈ കണ്ണായ ഭൂമിയും പാര്‍ട്ടിയുടെ കൈവശമായി.