എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ നിന്നു മുൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രാജിവച്ചു. സിനിമാ സമരം അവസാനിച്ച ശേഷവും തലശേരിയിലെ തന്റെ തിയറ്ററുകളിൽ റിലീസിങ്ങിനു സിനിമകൾ നൽകാതെ വിലക്ക് ഏർപ്പെടുത്തിയപ്പോൾ സംഘടന സഹായമൊന്നും തന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോർ കമ്മിറ്റി യോഗത്തിൽ ബഷീർ രാജി പ്രഖ്യാപിച്ചത്.
സിനിമാ സമരത്തെ തുടർന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളരുകയും തിയറ്റർ ഉടമ കൂടിയായ നടൻ ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപം കൊള്ളുകയും ചെയ്തിരുന്നു. ഭൂരിഭാഗം തിയറ്ററുകളും പുതിയ സംഘടനയിലാണ്.
ബഷീറിന്റെ ഏകപക്ഷീയമായ നിലപാടുകളാണു സമരം നീളാൻ ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു നിർമാതാക്കളും വിതരണക്കാരും വിലക്കു തുടർന്നത്. തുടർന്ന് സിനിമാരംഗം വിടുകയാണെന്നും തലശേരിയിലെ ലിബർട്ടി തിയറ്റർ സമുച്ചയം പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയുമെന്നു ബഷീർ പ്രഖ്യാപിക്കുകയും ചെയ്തു.
വിതരണക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കൂടിയാണു ബഷീർ സംഘടനയിൽ നിന്നു രാജിവച്ചത്. അതോടെ വിലക്കും നീങ്ങി. ലിബർട്ടി പാരഡൈസിൽ മലയാള സിനിമകൾ ഇന്നലെ മുതൽ വീണ്ടും പ്രദർശിപ്പിച്ചു തുടങ്ങി.