തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം വിയ്യൂരിൽ നിന്നു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയിട്ടു രണ്ടുവർഷമായെങ്കിലും ഇതുവരെ ജയിലിൽ ഒരു ജോലിയും ചെയ്തിട്ടില്ലെന്ന് ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണു പറഞ്ഞത്. ആദ്യം കുറച്ചുനാൾ ജയിൽ ആശുപത്രിയിൽ നിന്നു മരുന്ന് ബ്ലോക്കിലെത്തിക്കുന്ന ജോലി നൽകിയെങ്കിലും ചെയ്യാതായതോടെ ഇതു നിർത്തി.
ഇപ്പോൾ ജയിൽ രേഖകളിൽ നിഷാമിനു പത്താം ബ്ലോക്കിലെ സ്വീപ്പർ ജോലിയാണ്. പക്ഷേ, ഇന്നുവരെ നിഷാം ആ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. സ്വന്തം വസ്ത്രമലക്കൽ പോലും നിഷാം ചെയ്യാറില്ലത്രേ. പത്താം ബ്ലോക്കിലെ മറ്റു രണ്ടു തടവുകാരാണ് നിഷാമിന്റെ വസ്ത്രങ്ങൾ അലക്കുന്നത്. സഹായിക്കുന്നതിനുള്ള പ്രതിഫലം എല്ലാ മാസവും മണി ഓർഡറായി ഇവരുടെ പേരിൽ ജയിലിലെത്തും. നിഷാമിനു നിശ്ചയിച്ച സ്വീപ്പർ ജോലി ചെയ്യുന്നതും ഈ തടവുകാർ തന്നെ. കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു ഉദ്യോഗസ്ഥനു നിഷാം പുത്തൻ കാർ വാഗ്ദാനം ചെയ്തത്രേ. ഉദ്യോഗസ്ഥൻ വഴങ്ങിയില്ല. നിഷാമിനെ വഴിവിട്ടു സഹായിച്ചതിന്റെ പേരിൽ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഇതുവരെ പത്താം ബ്ലോക്കിന്റെ ചുമതലയിൽ നിന്നു മാറ്റിയത്.
ഗോവിന്ദച്ചാമി സൗമ്യവധക്കേസ് പ്രതി 2011 ജനുവരി 14നു കണ്ണൂർ സെൻട്രൽ ജയിലിലെത്തുമ്പോൾ തൂക്കം 59.60 കിലോ. ഇപ്പോഴത്തെ തൂക്കം 71 കിലോ. ഉല്ലാസത്തോടെയും ആരോഗ്യത്തോടെയുമാണു ഗോവിന്ദച്ചാമി കഴിയുന്നതെന്നതിനു വേറെ തെളിവെന്തുവേണം?
അണ്ണൻ സിജിത്ത് ടിപി വധക്കേസ് പ്രതി പൂജപ്പുര ജയിലിൽ കഴിയുന്ന അണ്ണൻ സിജിത്ത് ജയിൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ടു. ഇയാൾ പേരെഴുതിയ ശേഷം മടങ്ങി. പിന്നീട് ഡോക്ടറെ കാണാൻ സമയത്തു പേരു വിളിച്ചപ്പോൾ ആളില്ല. കുറെ കഴിഞ്ഞു സിജിത്ത് വന്നു തന്നെ വിളിച്ചറിയിക്കാത്തതെന്തെന്ന് ഉദ്യോഗസ്ഥനോടു ചോദിച്ചു. വാക്കേറ്റവും കയ്യാങ്കളിയും പിന്നാലെ. ജീവനക്കാരൻ ചീഫ് വാർഡർ മുഖേന സൂപ്രണ്ടിനു രേഖാമൂലം പരാതി നൽകി. ഒരു നടപടിയുമില്ല.
ഉണ്ണി കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഉണ്ണിയുടെ കൈവശമുള്ളതു പുത്തൻ സ്മാർട് ഫോണാണ്. വധശിക്ഷയ്ക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി പരിഗണിക്കുന്നതു ൈവകിപ്പിക്കുകയാണെന്ന് ആരോപിച്ചു ജൂണിൽ ഉണ്ണി ജയിലിനകത്തു സമരം ആരംഭിച്ചിരുന്നു. സമരം തുടങ്ങുകയാണെന്നു കാണിച്ച് ഉണ്ണി തയാറാക്കിയ കത്ത് ജയിൽ ഉദ്യോഗസ്ഥർക്കു ലഭിക്കുന്നതിനു മുൻപേ വാട്ട്സ്ആപ്പ് വഴി പുറത്തു സുഹൃത്തുക്കൾക്കും അതുവഴി മാധ്യമങ്ങൾക്കും കിട്ടി. ഉണ്ണി മിക്കപ്പോഴും ഓൺലൈനാണെന്നു സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, ഉണ്ണിയുടെ കയ്യിൽ നിന്ന് ഇതുവരെ ഫോൺ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടില്ല.
വിനോദ് കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസ് പ്രതി
മുഖ്യപ്രതി മണിച്ചന്റെ സഹോദരനായ വിനോദ് പൂജപ്പുരയിലും നെട്ടുകാൽത്തേരി തുറന്ന ജയിലിലുമായിരുന്നു അധികകാലവും. വിനോദിനു സഹായം നൽകിപ്പോന്ന ഉദ്യോഗസ്ഥനെ പുതിയ സർക്കാർ ചീമേനി തുറന്ന ജയിലിലേക്കു മാറ്റി. പ്രിയപ്പെട്ട ഉദ്യോഗസ്ഥനു പിന്നാലെ പോകാൻ വിനോദും തീരുമാനിച്ചു. ചീമേനിക്കു ജയിൽ മാറ്റാൻ അപേക്ഷ നൽകി. ഉദ്യോഗസ്ഥന്റെ ഇടപെടൽ കൂടിയായപ്പോൾ മാറ്റം കിട്ടി. ചെന്നുകയറിയതു തന്നെ അരയിൽ മൊബൈൽ ഫോണും തിരുകിക്കൊണ്ടാണ്. ദേഹപരിശോധനയിൽ ഫോൺ പിടിച്ചു. അങ്ങനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ജയിലിൽ ഫോൺ പിടിച്ചാൽ പൊലീസിനെ വിവരമറിയിച്ചു കേസാക്കണമെന്നു നിയമമുണ്ട്. അങ്ങനെവന്നാൽ, കുറഞ്ഞത് ഒരു വർഷത്തേക്കു പരോൾ കിട്ടില്ല. ഇതൊഴിവാക്കാൻ ലോക്കൽ പൊലീസിൽ നിന്നു സംഭവം മറച്ചുവച്ചു. കണ്ണൂരിലേക്കു മാറ്റിയതിനു പിന്നാലെ ഇയാൾക്കു പരോൾ അനുവദിക്കാൻ ഈ ഉദ്യോഗസ്ഥന്റെ സമ്മർദം വന്നു. സൂപ്രണ്ട് അവധിയിലുള്ള ദിവസം മറ്റൊരുദ്യോഗസ്ഥൻ വഴി ഉത്തരവിറക്കാനായിരുന്നു നീക്കം. സിപിഎം തടവുകാർ അറിഞ്ഞതോടെ നീക്കം പാളി.
മണിച്ചൻ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസ് മുഖ്യപ്രതി ജയിലിൽ 14 വർഷം പിന്നിടുന്ന മണിച്ചൻ പുതിയ ജയിൽ ഉപദേശകസമിതിക്കു മുൻപിൽ ഒരപേക്ഷ വച്ചു. ഇത്രയും വർഷങ്ങൾ ജയിലിൽ കിടന്നതിനാൽ തന്നെ മോചിപ്പിക്കണം. സുപ്രീംകോടതി വരെ ജീവപര്യന്തം ശരിവച്ചതാണെങ്കിലും സർക്കാരിനു വിവേചനാധികാര പ്രകാരം മോചനം നൽകാം. ഇതിനു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ വേണം. അതിനായിരുന്നു അപേക്ഷ. ഉപദേശകസമിതിയിലെ രാഷ്ട്രീയക്കാരായ അംഗങ്ങൾ ഒറ്റക്കെട്ടായി അപേക്ഷയെ അനുകൂലിച്ചു. ഡിജിപി ഉൾപ്പെടെ സമിതിയിലെ മറ്റ് അംഗങ്ങൾ എതിർത്തതോടെ അപേക്ഷ തള്ളി. നെട്ടുകാൽത്തേരി തുറന്ന ജയിലിലാണുള്ളതു മണിച്ചൻ.
മുൻ ഡിവൈഎസ്പി ഷാജി ഏറ്റുമാനൂർ പ്രവീൺ വധക്കേസ് പ്രതി പൂജപ്പുര സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരനാണു മുൻ ഡിവൈഎസ്പി ഷാജി. അപ്പീൽ റൈറ്റർ സ്ഥാനത്തു നിന്നു സാക്ഷരതാ പ്രേരക് ആയിട്ടാണു ഷാജിക്കു പ്രമോഷൻ. ഷാജി വിഷമിക്കാൻ ജയിൽ ഉദ്യോഗസ്ഥർ അനുവദിക്കില്ല. തടവുകാർക്കുള്ള എന്തു കത്തും ഇത്രയും നാൾ ഷാജിയാണ് എഴുതി നൽകിയിരുന്നത്. സർക്കാരിനും കോടതിക്കുമുള്ള അപ്പീലുകൾ, പരാതികൾ എന്നിങ്ങനെ എല്ലാം. വിഐപി തടവുകാരെ പാർപ്പിച്ചിട്ടുള്ള ഒന്നാം ബ്ലോക്കിലെ സെല്ലിലാണു ഷാജിയുടെ താമസം. അപ്പീലുകൾ എഴുതാൻ മേശയും കസേരയുമെല്ലാം ഈ മുറിയിലുണ്ട്. തടവുകാരെ സാക്ഷരരാക്കുന്നതിനായി പുതിയ പദ്ധതി ജയിലുകളിൽ തുടങ്ങിയിട്ടുണ്ട്. ഷാജി അടക്കം 10 തടവുകാരാണു മറ്റുള്ളവരെ വിദ്യ അഭ്യസിപ്പിക്കുന്നത്.
കിഷൻ എസ് ലഗ്വാനി 100 കോടി രൂപയുടെ കയറ്റുമതി തട്ടിപ്പുകേസിലെ പ്രതി എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടതു 2015 ജൂലൈയിൽ. ഉദ്യോഗസ്ഥരിൽ ചിലർ ഇയാളുമായി ഡീൽ ഉറപ്പിച്ചു. പകരം വിഐപി പരിഗണന. പ്രഭാതസവാരിക്കും സായാഹ്ന സവാരിക്കും സൗകര്യം. അകമ്പടിക്കു ജയിൽ ഉദ്യോഗസ്ഥൻ. മിനറൽ വാട്ടർ മാത്രമേ കുടിക്കൂ. രോഗിയാണെന്നു കണ്ടെത്തി ഡോക്ടർ നിർദേശിച്ചാലേ ജയിലിൽ കഴിയുന്ന ആൾക്കു പ്രത്യേക ഭക്ഷണം അനുവദിക്കൂ. എന്നാൽ, ഈ പണച്ചാക്കിന് ഒരു ഡോക്ടറുടെയും നിർദേശമില്ലാതെ തന്നെ രാവിലെ ചപ്പാത്തി, ദാൽ, പുഴുങ്ങിയ മുട്ട, പാൽ. ഉച്ചയ്ക്കു പ്രത്യേക കറിയും ചപ്പാത്തിയും, വൈകിട്ടു ചപ്പാത്തിയും മുട്ടക്കറിയും. കിടപ്പ് ആളൊഴിഞ്ഞ ബ്ലോക്കിൽ. അൽപം കൂടി നല്ല സൗകര്യം തേടിയാണു വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റം വാങ്ങിയത്. ഇതിനായി ജില്ലാ ജയിൽ സൂപ്രണ്ട് ശുപാർശയും ചെയ്തു. വിയ്യൂരിൽ നിന്ന് എറണാകുളത്തെ കോടതിയിലേക്കുള്ള യാത്ര ആഡംബര കാറിൽ.
അമീറുൽ ഇസ്‌ലാം ജിഷ കേസ് പ്രതി സൗജന്യനിരക്കിൽ ബന്ധുക്കളെ ഫോണിൽ വിളിക്കാനുള്ള സൗകര്യമാണ് ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ പ്രത്യേക ഇടപെടലിൽ അമീറിനു ലഭിക്കുന്നത്. എറണാകുളം ജില്ലാ ജയിലിലെ കോയിൻ ഫോണിൽനിന്നു ദിവസം പരമാവധി മൂന്നു രൂപയ്ക്കു ഫോൺ വിളിക്കാനാണു തടവുകാർക്ക് അനുമതിയുള്ളത്. ഇങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം. ബന്ധുക്കളും മറ്റും അയച്ചുകൊടുക്കുന്ന പണത്തിൽനിന്നു കന്റീൻ ചെലവു കഴിഞ്ഞു മിച്ചം പിടിക്കുന്ന തുകയാണു ഫോൺ വിളിക്കാൻ ഉപയോഗിക്കുന്നത്. പണം കൊടുക്കാതെ ഫോൺ ചെയ്യാൻ ആരെയും അനുവദിക്കാറില്ല. അമീറിനു പണം നൽകാതെ വിളിക്കാം.
സന്തോഷ് മാധവൻ ഇപ്പോൾ ജയിൽ മോചിതൻ ശരീരം വിയർക്കാത്ത, വെയിലേൽക്കാത്ത നല്ല ജോലികൾ മാത്രമാണു പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് എന്നും ലഭിച്ചത്. ഏറിയ നാളും അദ്ദേഹം ജയിൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. തടവുകാർ ഡോക്ടറെ കാണാൻ വരുമ്പോൾ അവരുടെ വിവരങ്ങൾ അവിടത്തെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാൽ ഫ്രീ. ആ സമയത്തും സന്തോഷ് മാധവൻ ആശുപത്രി കംപ്യൂട്ടറിൽ ജോലി തുടരുമെന്നു ജീവനക്കാർ പറയുന്നു. കാരണം, അതിൽ ഇന്റർനെറ്റ് കണക്‌ഷൻ, പ്രിന്റർ സൗകര്യം എന്നിവയെല്ലാം ഉണ്ട്. ഇപ്പോൾ ജയിൽ മോചിതനാണ് സന്തോഷ് മാധവൻ. ജയിൽ കംപ്യൂട്ടർ ഉപയോഗിച്ചു നടത്തിയ ചില ഇടപാടുകൾ എൻഫോഴ്സ്മെന്റ് അധികൃതർ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. ഭൂമിയിടപാടെന്നു മാത്രം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
താലമേന്തി, കുടപിടിച്ച്
ഷെറിൻ മാവേലിക്കര കാരണവർ വധക്കേസ് പ്രതി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിൻ രണ്ടു വർഷം മുൻപുവരെ തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കും. ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കും. ഇതു സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയായ ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നൽകി. അന്വേഷണം നടത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം നടപടി റിപ്പോർട്ട് മുകളിലോട്ടു പോയി. ശിക്ഷാ നടപടിയുടെ ഭാഗമായി ഷെറിനെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ ഫോൺ വിളിയുടെ പേരിലായിരുന്നില്ലെന്നു മാത്രം. ഒപ്പം ഒത്താശ ചെയ്തവർക്കു കിട്ടിയതാണു ശിക്ഷ. ആ മൂന്നു പേരെ മാറ്റിയതു മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള പൂജപ്പുര വനിതാ ഓപ്പൺ ജയിലിലേക്കാണ്. വിയ്യൂരിൽ ഷെറിനു കഠിനജോലിയൊന്നും പറ്റില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഇപ്പോൾ ഒരു കുട അനുവദിച്ചിട്ടുണ്ട്. ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരമാണിത്. ജയിൽ അടുക്കളയിൽ ജോലിയും നൽകി. എന്നാൽ, ഇപ്പോൾ വനിതാ ഓപ്പൺ ജയിലിൽ ഇവരെ എത്തിക്കണമെന്നാണു ചില ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ വാശി. അതിനാൽ വിയ്യൂരിൽ ഇവർ പ്രശ്നക്കാരി എന്നു വരുത്തി മാറ്റാനാണു ശ്രമം. ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരി ഷെറിനാണ്. പരോൾ കാലാവധി തീർന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥർ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിർധനയായ തടവുകാരിക്ക് ഇപ്പോൾ ഒരു വർഷത്തേക്കു പരോൾ നിഷേധിച്ചിരിക്കുകയാണെന്നുമറിയുക. വിഐപി തടവുകാർക്ക് പ്രത്യേക അടുക്കള, ഭക്ഷണം ജയിലിലെ അടുക്കളയിൽ ജോലി ചെയ്യുന്ന ചില തടവുകാർ ജീവനക്കാരുടെ മൗനാനുവാദത്തോടെ പ്രമുഖരുടെ സെല്ലുകളിൽ ഭക്ഷണമെത്തിക്കും. ഇത്തരം പ്രമുഖർക്കു മറ്റു തടവുകാർക്കൊപ്പം പോയി ഭക്ഷണത്തിനു ക്യൂ നിൽക്കേണ്ട. ലഭിക്കുന്ന ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതുമാകും. ശിക്ഷാത്തടവുകാരുടെ സെല്ലുകൾക്കുള്ളിൽ ഒരുവശത്തു ക്ലോസറ്റ് ഉണ്ടാകും. രാത്രിയിൽ അത്യാവശ്യം ഉണ്ടായാൽ ഉപയോഗിക്കാൻ വേണ്ടിയാണത്. പക്ഷേ, സെലിബ്രിറ്റി തടവുകാരുടെ സെല്ലുകളിൽ ഈ ക്ലോസറ്റ് ഉപയോഗിക്കുന്നത് അടുക്കളയായിട്ടാണ്. ക്ലോസറ്റ് നിർമിക്കാൻ ഉയർത്തിക്കെട്ടിയ ഭിത്തിയുടെ ഒരുഭാഗം വൃത്തിയാക്കിയെടുത്ത് അവിടം അടുക്കളയാക്കി മാറ്റുകയാണ്. അത്താണി അനീഷിന്റെ ഫോൺ കേസ് ആകാത്തതെന്ത് ? പൂജപ്പുര സെൻട്രൽ ജയിലിലുള്ള കുപ്രസിദ്ധ ഗുണ്ട അത്താണി അനീഷിന്റെ കയ്യിൽ നിന്ന് ഒരു മാസം മുൻപ് ഒരു മൊബൈൽ ഫോൺ കിട്ടി. ജയിൽ മതിൽക്കെട്ടിനു പുറത്തെ ചപ്പാത്തി യൂണിറ്റിൽ ജോലി കഴിഞ്ഞു വരുകയായിരുന്ന ഒരു തടവുകാരന്റെ കയ്യിൽ അതുവഴി ബൈക്കിലെത്തിയ ഒരാൾ എന്തോ കൊടുക്കുന്നതു ജീവനക്കാർ കണ്ടു. പിടികൂടി പരിശോധിച്ചപ്പോൾ മൊബൈൽ ചാർജർ. ആർക്കുവേണ്ടി എന്ന ചോദ്യത്തിന് ഉത്തരമില്ല. ഒടുവിൽ അയാൾ പറഞ്ഞു അത് അത്താണി അനീഷിനെ ഏൽപിക്കാൻ തന്നതാണെന്ന്. അയാളെ വിളിച്ചു ചോദ്യം ചെയ്തിട്ടും ഫോണിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയി പരിശോധന നടത്തുമെന്നു പറഞ്ഞതോടെ അയാൾ ശുചിമുറിയിൽ പോയി ഫോണുമായി മടങ്ങിയെത്തി. അതിനിടെ ടിപി കേസിലെ ഒരു പ്രതി ജയിൽ ഉന്നതനെ കണ്ടു രണ്ടു തടവുകാരും വേണ്ടപ്പെട്ടവരാണെന്നു പറഞ്ഞു. ഇരുവരെയും ജയിലിലെ കുറ്റത്തിനു തടവുകാരെ പാർപ്പിക്കുന്ന എട്ടാം ബ്ലോക്കിലേക്കു മാറ്റി. ഇപ്പോൾ പുറത്തെ പണികൾക്ക് ഇരുവരെയും വിടുന്നില്ല. എന്നാൽ പൊലീസിൽ കാര്യം റിപ്പോർട്ട് ചെയ്തില്ല. വിയ്യൂരിലെ പ്രമാണിമാരുടെ സെല്ലുകളിൽ മദ്യവും കഞ്ചാവും സുലഭമായി എത്തുന്നു. ജയിലിനു പുറത്തു കർശനമായി നിയന്ത്രിക്കപ്പെടുന്ന ‘വട്ടുഗുളിക’ (ലഹരി ഗുളികകൾ) ആണു ജയിലിനുള്ളിലെ താരം.