ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെ തൃശൂരിൽ സമരം ആരംഭിക്കുന്നു. മന്ത്രിമാരുടെ ഉറപ്പ് നിലനിൽക്കുമ്പോളും മറ്റ് ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണങ്ങൾ തൃശൂരിൽ ഉദ്യോഗസ്ഥർ അടിച്ചേൽപിക്കുന്നൂ എന്നാണ് ആരോപണം. ഈ സീസണിൽ ഇതുവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല.
വെടിക്കെട്ടും എഴുന്നെള്ളിപ്പും നിറഞ്ഞ തൃശൂരിന്റെ ഉത്സവകാലം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പഴയ പ്രതാപത്തോടെ വെടിക്കെട്ടോ എഴുന്നെള്ളിപ്പോ നടത്താനാവുന്നില്ല. ഇതോടെ തൃശൂർ പൂരം പോലും ആശങ്കയുടെ നിഴലിലാണ്. ഈ സാഹചര്യത്തിൽ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ദേവസ്വങ്ങളും ചേർന്നാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നത്.
ഉത്സവാഘോഷങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മാസങ്ങൾക്ക് മുൻപെ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആ യോഗത്തിലെ സർക്കാർ ഉറപ്പുകൾക്ക് വിരുദ്ധമായി ചില ഉദ്യോഗസ്ഥർ കൂടുതൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നൂവെന്നാണ് ആരോപണം. ഇ്ത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ മറ്റ് ജില്ലകളിൽ ആഘോഷം നടക്കുകയും ചെയ്യുന്നു.