നാറാണത്തമ്പലത്തിൽ ദർശനം നടത്തി ക്ഷേത്രശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ ഒരു തൊട്ടിൽ കെട്ടിയാൽ ആ ദമ്പതികൾക്ക് അടുത്ത വർഷം ആകുമ്പോഴേക്കും ഒരു കുഞ്ഞു പിറക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള മേജർ ക്ഷേത്രമാണിത്. പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് ഈ മഹാക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതീഹ്യം.
ചതുർബാഹുവായ നാരായണനാണ് ഇവിടത്തെ പ്രതിഷ്ഠ. കൃഷ്ണശിലയിലുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത് നാറാണത്ത് ഭ്രാന്തനാണ്. അമ്പലപ്പുഴ പാർത്ഥസാരഥിയെയും നാറാണത്ത് തന്നെയാണ് പ്രതിഷ്ഠിച്ചത്. അവിടത്തെ പോലെ ഇവിടെയും എന്നും ക്ഷേത്രപരിസരത്ത് ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു. ഇന്നും ഉണ്ട് എന്നതും വിചിത്രമാണ്.
രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയും ആണ് ക്ഷേത്രദർശന സമയം. സന്തതികൾ ഇല്ലാത്ത ദമ്പതികൾ തൊട്ടിൽ കെട്ടി കുട്ടിയുണ്ടായ ശേഷം ചോറൂണ്, തുലാഭാരം എന്നിവ നടത്താം എന്ന് നേരുകയും അടുത്ത വർഷം തന്നെ അത് നടത്താനുള്ള ഭാഗ്യം ഉണ്ടാവുകയും ചെയ്ത അനവധി പേരാണ് ഇത് ശരിവയ്ക്കുന്നത്. അനപത്യദുഃഖം തീരാൻ സന്താനഗോപാല മൂർത്തിയായ ഭഗവാൻ അവരെ അനുഗ്രഹിക്കുന്നു.