മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
ഈയാഴ്ച മേടക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന്റെ സൂചന ലഭിക്കും. അഷ്ടമശ്ശനി വീണ്ടും തുടങ്ങിയിട്ടുള്ളതിനാൽ ജോലിരംഗത്തു ചെറിയ തോതിൽ മന്ദത തുടരും. കുടുംബത്തിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. കുടുംബപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ആഴ്ചയിലെ ആദ്യത്തെ ദിവസം ശരീരസുഖം കുറയും. തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഈയാഴ്‌ച ഇടവക്കൂറുകാർക്കു കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. കണ്ടകശ്ശനി വീണ്ടും തുടങ്ങിയിട്ടുള്ളതിനാൽ എല്ലാ കാര്യങ്ങളിലും ചെറിയ തോതിലുള്ള തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും കുടുംബത്തിൽ സന്തോഷം നിലനിർത്താൻ കഴിയും. വീട്ടിലേക്കു വേണ്ടി പുതിയ സാധനങ്ങൾ വാങ്ങാൻ കഴിയും. പുതിയ വാഹനം വാങ്ങുന്ന കാര്യം ആലോചിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച മിഥുനക്കൂറുകാർക്കു കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. കണ്ടകശ്ശനി തൽക്കാലത്തേക്കു മാറിയതിനാൽ ജോലികാര്യങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന തടസ്സങ്ങൾ ഒഴിവാകും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വ്യാഴം കേന്ദ്രഭാവത്തിൽ ആയതിനാൽ ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. ജോലിരംഗത്തും കുടുംബത്തിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
ശനി വീണ്ടും വൃശ്ചികം രാശിയിലേക്കു മാറിയതിനാൽ ഈയാഴ്ച കർക്കടകക്കൂറുകാർക്ക് ജോലികാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. ആരോഗ്യപരമായ പ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ജോലിരംഗത്തു കൂടുതൽ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നു വേണ്ടത്ര സ്നേഹവും സഹകരണവും ഉണ്ടാകും. വ്യാഴം മൂന്നാം ഭാവത്തിൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. ഏതായാലും, ജോലിസ്ഥലത്തെ തടസ്സങ്ങളെയെല്ലാം മറികടന്ന് ഉയർന്ന സ്ഥാനത്തെത്താൻ സാധിക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറുകാർക്ക് കണ്ടകശ്ശനി വീണ്ടും തുടങ്ങിയതിനാൽ ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ അബദ്ധം പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരസുഖം വീണ്ടെടുക്കാൻ സാധിക്കും. സാമ്പത്തികനഷ്ടം കുറെയൊക്കെ നികത്തിയെടുക്കാൻ കഴിയും. ജോലിയിൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള സ്നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാൻ സഹായിക്കും. പ്രവർത്തനരംഗത്ത് ഇടപെടുന്ന കാര്യങ്ങളിലെല്ലാം കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ഈയാഴ്ച കന്നിക്കൂറുകാർക്കു പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ കഴിയും. ശനിയുടെ രാശിമാറ്റം മൂലം കണ്ടകശ്ശനി മാറിനിൽക്കുന്നതിനാൽ ജോലികാര്യങ്ങളിലെ തടസ്സങ്ങൾ ഒഴിവാകും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്‌ഥത നിലനിൽക്കും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ അച്ചടക്കം പാലിക്കണം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച തുലാക്കൂറുകാർക്കു പൊതുവേ അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക. രോഗാവസ്ഥകളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ആഴ്ചയുടെ ആദ്യത്തെ ദിവസം ശരീരസുഖം കുറയുന്നതായി തോന്നും. മനസ്സിനു ബലം കിട്ടാൻ പ്രാർഥനകൾ ആവശ്യമാണ്. പ്രതിസന്ധിയൊന്നും ഉണ്ടാകില്ല. ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. ജോലിരംഗത്തെ തടസ്സങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ഈയാഴ്ച വൃശ്ചികക്കൂറുകാർക്കു ജോലിരംഗത്തും കുടുംബകാര്യങ്ങളിലും നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. വീണ്ടും ജന്മശ്ശനി തുടങ്ങിയതിനാൽ ജോലിയിൽ ചെറിയൊരു മന്ദതയ്ക്കു സാധ്യതയുണ്ട്. കുടുംബകാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. ചന്ദ്രൻ പ്രതികൂലഭാവത്തിൽ വരുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശരീരസുഖം കുറയും. മറ്റു ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
കണ്ടകശ്ശനി തൽക്കാലത്തേക്കു മാറിനിൽക്കുന്നതിനാൽ ഈയാഴ്ച ധനുക്കൂറുകാർക്കു ആരോഗ്യകാര്യങ്ങളിൽ അൽപം പുരോഗതി കാണപ്പെടും. ജോലികാര്യങ്ങളിൽ അൽപം മന്ദത അനുഭവപ്പെടുമെങ്കിലും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബത്തിലും നല്ല അനുഭവങ്ങൾ തന്നെ പ്രതീക്ഷിക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശരീരസുഖം സ്വസ്ഥത കുറയും. എങ്കിലും ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ നല്ല ഫലങ്ങൾ ആണ് അനുഭവപ്പെടുക. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
ഈയാഴ്‌ച മകരക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിട്ടാണ് അനുഭവപ്പെടുക. വ്യാഴം ത്രികോണഭാവത്തിൽ തുടരുന്നതിനാൽ പ്രതിസന്ധിസന്ദർഭങ്ങളിൽ വേണ്ടത്ര ദൈവാനുഗ്രഹം അനുഭവപ്പെടും. പ്രതിസന്ധി തരണം ചെയ്യാനും കഴിയും. ആഴ്ചയുടെ ആദ്യപകുതിക്കു ശേഷം മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ജോലിരംഗത്ത് ഈയാഴ്ച നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറും. സാമ്പത്തികരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിർത്താനും സാധിക്കും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറുകാർക്കു കണ്ടകശ്ശനി വീണ്ടും തുടങ്ങിയതിനാൽ ഈയാഴ്ച ജോലികാര്യങ്ങളിൽ ചെറിയൊരു മന്ദത അനുഭവപ്പെടും. കുടുംബകാര്യങ്ങളിൽ കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ജോലികാര്യങ്ങൾക്കായി കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തികകാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മനസ്സിനു സ്വസ്ഥതയും സംതൃപ്തിയും ഉണ്ടാകും. പുതിയ വാഹനമോ ഗൃഹോപകരണങ്ങളോ വാങ്ങാൻ കഴിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
ഈയാഴ്ച മീനക്കൂറുകാർക്ക് ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വ്യാഴം അനുകൂലഭാവത്തിലായതിനാൽ എല്ലായ്പോഴും ദൈവാനുഗ്രഹം അനുഭവപ്പെടും. കണ്ടകശ്ശനി തൽക്കാലത്തേക്കു മാറിയതിനാൽ ജോലിരംഗത്തെ തടസ്സങ്ങൾ ഒഴിവാകും. ജോലിരംഗത്തു പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനു സാധ്യത. വിചാരിച്ച കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയുകയും ചെയ്യും.