- നമുക്കിഷ്ടപ്പെട്ടുളള ജോലി തിരക്കാണെങ്കിലും അത് ആസ്വദിച്ച് ചെയ്യുമ്പോൾതന്നെ ആരോഗ്യത്തെ അവഗണിച്ചാൽ അപകടമാണ് എന്നാണോ ഡോക്ടറുടെ രോഗം തെളിയിക്കുന്നത് ?
ഒരു പരിധിവരെ അത് ശരിയാണ്. പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ അതിൽ ദുഃഖമില്ല. കുറച്ചൊക്കെ നിയന്ത്രിക്കാമായിരുന്നു എന്നെയുള്ളു.
- ജീവിതശൈലിയുടെ ക്രമമില്ലായ്മ, തിരക്ക്, ടെൻഷൻ രാത്രി വൈകിയുള്ള ഭക്ഷണം, വ്യായാമം ഇല്ലായ്മ ഇതൊക്കെ ആരോഗ്യത്തിന് അപകടകരമാണമെന്ന് ഉപദേശിക്കുന്ന ഡോക്ടർ തന്നെ ഇതൊന്നും പാലിക്കാതിരുന്നതിൽ യുക്തി എന്താണ്?
യുക്തി ഒട്ടും ഇല്ല. പക്ഷേ ഡോക്ടർമാരുടെ ഏറ്റവും വലിയ പ്രശ്നം അതുതന്നെയാണ്. പലപ്പോഴും നമ്മൾ നമ്മുടെ ജോലിയിൽ വ്യാപൃതരായികഴിയുമ്പോള്‍ നമ്മൾ മറന്നുപോകുന്നുവെന്നത് സത്യമാണ്. ഞാൻ എറണാളത്ത് എത്തുന്നതുവരെ ഒന്നുരണ്ടുമണിക്കൂർവരെ ഷട്ടിൽ കളിക്കുമായിരുന്നു. എന്നാൽ ഇവിടെ വന്ന് ജോലിത്തിരക്ക് കൂടിവന്നപ്പോൾ രാത്രിയിൽ ഉറങ്ങുന്നത് നീണ്ടുപോയി. അതുപോലെ എഴുന്നേൽക്കുന്നതും. അതുപോലെ ഒന്നാണ് നമ്മുടെ പ്രായം കൂടുന്നതും
- കുടുംബത്തിൽതന്നെ ഹൃദ്രോഗ ഹിസ്റ്ററി ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേകം സൂക്ഷിക്കേണ്ടതായിരുന്നില്ലേ?
തീർച്ചയായും വേണ്ടതായിരുന്നു. എന്നാൽ പലപ്പോഴും നമ്മളെയത് ബാധിക്കുന്നില്ല, നമ്മുക്കത് വരുന്നില്ല എന്നൊരു ചിന്തയായിരുന്നു. അതുപോലെ എനിക്കിതിന്റെ ഏതെങ്കിലും ഒരു സൂചനപ്പോലും ഉണ്ടായിരുന്നില്ല.
- ഡോക്ടർ തന്നെ പറഞ്ഞിട്ടുണ്ട് രോഗം ഓരോ മനുഷ്യനെയും കൂടുതൽ നല്ലവരാക്കുമെന്ന്. അപ്പോള്‍ ഈ രോഗം വന്നത് ഡോ. വി.പി.ഗംഗാധരനെ കൂടതൽ നല്ലവനാക്കിയിട്ടുണ്ടോ
നല്ലവാനാക്കിയിട്ടുണ്ട്. നല്ലവനാക്കും. കൂടുതലായിട്ട് ഇനി അസുഖം വരാതിരിക്കാൻ ഞാൻ ശ്രമം നടത്തും. എന്നാൽ ഇതിനേക്കാളുമുപരി ആ സമയത്ത് എനിക്ക് ധാരാളം സ്നേഹം ലഭിച്ചിട്ടുണ്ട്. യഥാർഥ സ്നേഹം തന്നെയാണെന്ന് എനിക്കറിയാം. ഞാൻ ഈ 62 വർഷം ജീവിച്ചതില്‍ എനിക്ക് ചാരിതാർഥ്യം ഉണ്ട്. ഞാൻ ചെയ്ത പ്രവർത്തികളിൽ എനിക്ക് എന്ത് തിരിച്ച് ലഭിക്കണമോ അത് ലഭിച്ചിട്ടുണ്ട്. അതേ സമയത്തുതന്നെ ഒരു പാഠം കൂടി എന്നെ പഠിപ്പിക്കുന്നുണ്ട്. ഞാൻ ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ കുറേകൂടി ശുദ്ധിയാക്കേണ്ടതുണ്ട്. കാരണം ഒരു രോഗിയുടെ കിടക്കയിൽ കിടന്നു ഞാൻ ചിന്തിക്കുമ്പോൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ തിരിച്ച് ആലോചിക്കാൻ എനിക്കാകുന്നുണ്ട്.
- ഡോക്ടർ പറഞ്ഞിട്ടുണ്ട് ഏതൊരു ഡോക്ടറും ഒരിക്കലെങ്കിലും ഐ.സിയുവിൽ കിടന്നാലെ അതിന്റെയൊരു അനുഭവം മനസ്സിലാകുകയുള്ളുവെന്ന്. ഒരു പക്ഷേ ഒരു ഡോക്ടർ കടന്നുപോകേണ്ട അനുഭവം തന്നെയാണ് അത്.
തീർച്ചയായിട്ടും. അത് പലവിധത്തിലുണ്ട്. നമ്മൾ അറിയാത്ത ഒരു മേഖലയുണ്ട്. പലപ്പോഴും ഞാൻ തന്നെ ഐ.സി.യുവിൽ പോയി നഴ്സുമാരെ വഴക്കുപറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ ഐ.സി.യുവിൽകിടന്ന ദിവസങ്ങളിൽ ഞാൻ കാണുന്നുണ്ട് അവർ അവരുടെ ഡ്യൂട്ടി സമയങ്ങളിൽ ഒരു നിമിഷംപോലും ഇരിക്കാതെ ആഹാരംപോലും കഴിക്കാൻ സാധിക്കാതെ ഓടിനടക്കുന്നുണ്ട്. അതൊക്കെ ശരിക്കും ഒരു പുതിയ അറിവുകളായിതന്നെ വരുന്നവയാണ്. നമ്മുടെ കണ്ണു തുറപ്പിക്കുന്ന ചില കാര്യങ്ങൾതന്നെയാണ്.
- ഡോക്ടറുടെ എഴുത്തവായിച്ചുകഴിഞ്ഞാൽ കൃത്യമായി മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, ഒന്ന് രോഗത്തിന്റെ വിവിധ അവസ്ഥകളേക്കാൾ മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങൾ ആണ് ഡോക്ടറെ കൂടുതൽ സ്പർശിച്ചത്. ഒരു രോഗം വരുമ്പോൾ പ്രത്യേകിച്ചും മനുഷ്യമനസ്സിനുണ്ടാകുന്ന വ്യത്യാസങ്ങൾ അതുപോലെതന്നെ ആ രോഗം വന്നവരോട് പൊതുസമൂഹം പുലർത്തുന്ന മനോഭാവം, ഒരുപക്ഷേ ഒരു ഭിക്ഷഗ്വരു എന്നതിനപ്പുറം ഒരു ശാസ്ത്രജ്ഞനായി മാറുന്നുണ്ടോ ഡോക്ടര്‍ ?
ഡോക്ടർ തീർച്ചയായും അങ്ങനെ മാറണം. ശാസ്ത്രം ഒരു വശം തീർച്ചയായും ഉണ്ട്. എന്നാൽ ശാസ്ത്രം മാത്രം മുന്നോട്ട് കൊണ്ടുപോയാൽ രോഗി അപ്പുറത്തും ഡോക്ടർ ഇപ്പറത്തും, രോഗി പ്രശ്നങ്ങൾ പറയുന്നു ഡോക്ടർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യുന്നു. ഡോക്ടർ മരുന്നുതരുന്നു. എന്നാൽ പ്രത്യേകിച്ചും ക്യാൻസർ പോലുള്ള രോഗങ്ങളിൽ ആ നിലയ്ക്ക് നിന്ന് ചികിൽസിക്കാൻ സാധിക്കില്ല. രോഗിയുടെ പ്രശ്നം പലപ്പോഴും ഈ രോഗം മാത്രമാകില്ല. മറ്റ്് പ്രശ്നങ്ങളും ഉണ്ട്. അവിടെ സാമ്പത്തിക വശമുണ്ട്. സാമുഹിക വശമുണ്ട്. കുടുംബത്തിന്റെ മുഴുവൻ പ്രശ്നമുണ്ട്. അതുമുഴുവൻ മനസ്സിലാക്കാതെ നമുക്ക് ഒരു രോഗിയെയും ചികിൽസിക്കാൻ സാധിക്കില്ല. ചികിൽസകഴിഞ്ഞോ അല്ലെങ്കിൽ ആ രോഗിയെ രക്ഷപ്പെടുത്തിയാലോ എന്റെ അല്ലെങ്കിൽ ഒരു ഡോക്റുടെ ജോലി പൂർത്തീകരിക്കുന്നില്ല. പ്രത്യേകിച്ചും ഇതുപോലുള്ള രോഗങ്ങൾക്ക്. അവന്റെ മുന്നോട്ടുള്ള ജീവിതത്തിൽ കൊടുക്കേണ്ട ഏറ്റവും വലിയ വിശ്വാസം രോഗിക്ക് ഏത് പ്രശ്നമുണ്ടെങ്കിലും ഡോക്ടർ കൂടെയുണ്ടാകും, ആ ഒരു വിശ്വാസമാണ്
- ഇപ്പോൾ ഒരാളുടെ രോഗാവസ്ഥയിൽ മരുന്നിന്റെ തലത്തിനപ്പുറത്ത് അവരുടെ ദൈവ വിശ്വാസം അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശ്വാസം അവരെ രക്ഷിക്കുന്നതായിട്ട് ഡോക്ടർക്ക് അനുഭവപ്പെട്ടുണ്ടോ?
ചികിൽസയില്ലാതെ വിശ്വാസംകൊണ്ട് നേടാൻ സാധിക്കില്ല. പക്ഷേ അതേ സമയത്ത് ചികിൽസയുടെ കൂടെ വേണം. ചികിൽസയുടെ കൂടെ ആ പോസിറ്റീവ് തിങ്കിങ് വളരെ പ്രധാനമാണ്. അതിന് പ്രാർഥന സഹായിക്കും. യോഗ സഹായിക്കും മെഡിറ്റേഷൻ സഹായിക്കും പാട്ട് സഹായിക്കും
- ക്യാൻസർ എന്ന് പറയുന്നത് ജീവിതത്തിന്റെ ഒരു പ്രശ്നമാണ്. തുടർന്ന് ജീവിക്കാൻ എന്ത് അവസരമുണ്ടെങ്കിലും അതൊക്കെയൊന്ന് പരീക്ഷിക്കാമെന്ന് ക്യാൻസർ പേഷ്യന്റിന് തോന്നുക സ്വാഭാവികമാണ്. അപ്പോൾ അവർ പ്രകൃതി ചികിൽസയോ ആയുർവേദമോ എന്തുമാകട്ടെ അതെല്ലാം നോക്കിയെന്നുവരും. ഡോക്ടർക്ക് അത് അംഗീകരിക്കാൻ സാധിക്കുമോ?
അപകടകരമാണ്. പലസമയത്തും തോന്നാറുണ്ട്. പ്രത്യേകിച്ചും എന്താണ് പ്രശ്നമെന്ന് വച്ചാല്‍ നമുക്ക് രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്ന കുറേപേരെ നഷ്ടപ്പെടുന്ന സംഭവങ്ങളുണ്ടാകാറുണ്ട്.
- ക്യാൻസറില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരുപാടു ആളുകളെ ഡോക്ടർ കണ്ടിട്ടുണ്ട്. അതുപോലെ ക്യാൻസറിൽനിന്ന് മരണത്തിലേക്ക് പോയ ആളുകളെയും കണ്ടിട്ടുണ്ട്. ഈ രണ്ട് അനുഭവങ്ങളിൽ കൂടുതൽ ഡോക്ടർ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്നത് ഏതാണ്?
തീർച്ചയായും രക്ഷപ്പെട്ടുവരുന്നത് തന്നെയാണ്. നമ്മുക്ക് ഒരു പോസ്റ്റീവ്സ് തന്നെയാണ്. പക്ഷേ അതുപോലെ തന്നെ നമുക്ക് കൈവിട്ടുപോയവരെ നാം മറക്കുകയല്ല ചെയ്യുന്നത് അവരൊക്കെ നമുക്ക് സമ്മാനിച്ചിട്ടുപോയ ഒരുപാട് നല്ല നിമിഷങ്ങളുണ്ട്. അതുപോലെ അവരെ നഷ്ടപെട്ടാലും അവരെയായിട്ടുള്ള ബന്ധം തീരുന്നില്ല. അവരുടെ കുടുംബമായിട്ടുള്ള ബന്ധവും നമുക്കുണ്ട്. അതുകൊണ്ട് മരണം ഒരിക്കലും ആ കുടുംബവുമായുള്ള ബന്ധത്തിന് ഒരു തടസ്സമായി തോന്നുന്നില്ല
- ഒരു രോഗം വന്നപ്പോൾ നമുക്ക് വേണ്ടപ്പെട്ടവരുടെ ഇഷ്ടപ്പെട്ട മുഖം കണ്ട് സ്തംഭിച്ചുപോയ ആളുകളെ ഡോക്ടർ കണ്ടിട്ടുണ്ടോ?
തീർച്ചയായിട്ടും. പലസന്ദർഭങ്ങളുണ്ട്. ചുരുളഴിയുന്ന കഥകൾ പോലെയാണ്. മരിക്കാൻ കിടക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം അദ്ദേഹത്തിന് തിരിച്ച് സിംഗപ്പൂർ പോകണം. അദ്ദേഹത്തിന് തിരികെ പോകാനുള്ള ടിക്കറ്റിന് വേണ്ടി മക്കൾ ഓടിനടക്കുന്ന സമയത്ത് ഈ രോഗിയുടെ സഹോദരി ചെയ്യുന്നത് അദ്ദേഹത്തിന്റെ ഇവിടെയുള്ള സ്ഥലത്തിന്റെ കുറേഭാഗം ഇദ്ദേഹത്തെക്കൊണ്ട് ഒപ്പിടുവിപ്പിച്ച് അവരുടെ പേരിലാക്കുന്നു. മകൾ തിരിച്ചുവരുമ്പോൾ കാണുന്നത് കൈയിലെ മഷിയാണ്. ഇതറിഞ്ഞ മകൾ ഉടനെ റജിസ്ട്രാറെ വിളിച്ച് ഇത് തടസ്സപ്പെടുത്തുന്നു. അതായത് നമ്മൾ ഇങ്ങനത്തെ മുഖം കാണുകയാണ്. ഒരുപാട് സങ്കടം തോന്നുന്ന കാര്യങ്ങൾ നമ്മൾ കാണുന്നുണ്ട്.
- രോഗത്തിന്റെ ഗുരുതരാവസ്ഥ തുറന്നുപറഞ്ഞതുകൊണ്ട് ഡോക്ടർ പോലും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങൾ ഉണ്ടായ അനുഭവങ്ങളുണ്ടോ?
അങ്ങനത്തെ സാഹചര്യങ്ങളിൽ നമുക്ക് രോഗിയോട് പലപ്പോഴും പറയാതെയിരിക്കാം. പക്ഷേ അതേ സമയത്ത് രോഗിയുടെ ബന്ധുക്കളോട് വിവരം തുറന്നുപറയാം. നമുക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. തുറന്നുപറഞ്ഞിട്ട് മകൾ ഈ ആഘാതം താങ്ങാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അതുപോലെ തന്നെ ഒരു ഡോക്ടർ അസുഖത്തിന്‍റെ ലക്ഷണങ്ങൾ കണ്ട് അന്വേഷിക്കുകയും ചെയ്യന്നു. അപ്പോൾ എനിക്ക് അത് മറച്ചുവയ്ക്കാൻ സാധിക്കുന്നില്ല. എനിക്കിത് പറയേണ്ടിവരുകയും ചെയ്യുന്നു. അപ്പോൾ ഡോക്ടറും ഇതുപോലെ പോയി ആത്മഹത്യചെയ്യുന്നു.
- ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിൽ മറ്റ് രാജ്യങ്ങളിലൊക്കെ ഒരു ടീം ഓഫ് ഡോക്ടേഴ്സ് ആണ് നോക്കുന്നത്. ഇവിടെ ആ ഒരു സംവിധാനം വന്നിട്ടില്ല. അപ്പോൾ ഡോക്ടർക്ക് തന്നെ ഡോകടറുടെ വിധിനിർണയത്തിൽ എപ്പോഴെങ്കിലും പിശക് പറ്റുമോ എന്ന് സംശയം ഉണ്ടാകാറുണ്ടോ?
മുഴുവനായിട്ട് അത് ഇവിടെ പ്രാവർത്തികമായിട്ടില്ലെങ്കിൽ തന്നെ പ്രശ്നങ്ങൾ വരുന്ന കേസുകളിലെല്ലാം നമ്മൾ പരസ്പരം ഒരു സംഘം ഡോക്ടർമാരോട് ആലോചിച്ചിട്ടാണ് തീരുമാനമെടുക്കുന്നത്.
- ഇന്നസെന്റിനെപ്പോലെ ചിലർ രോഗം വെളിപ്പെടുത്തുകയും ജീവിതം ഏത് രോഗത്തെക്കാളും വിലപ്പെട്ടതാണെന്ന് തെളിയിക്കുകയും ചെയ്തു. ഏത് രോഗത്തെക്കാളും വിലപ്പെട്ടതാണെന്ന് തെളിയിക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴും രോഗം വെളിപ്പെടുത്താൻ തയാറാകാത്ത വി.ഐ.പികൾ ഏറെയില്ലേ?
കൂടുതലും ആളുകൾ അങ്ങനെയാണ്. അതിന്റെ പ്രശ്നം സമൂഹമാണ്. ഉദാഹരണം അസുഖമായിട്ട് അത് മാറിയതിനുശേഷം സ്കൂളില്‍ ചേരുന്ന കുട്ടിക്ക് അപേക്ഷ ഫോം പൂരിപ്പിക്കുന്നനേരം ലുക്കീമിയ ആയിരുന്നുവെന്ന് അറിയുമ്പോള്‍ ആ പേപ്പർ തിരികെ വാങ്ങുന്നു. അതുപോലജോലിക്ക് പ്രമോഷൻ കിട്ടാതെ നടക്കുന്ന ആളുകളുമുണ്ട്. അതുപോലെ ബിസിനസ്സുകാർ, നാളെ അറിയുകയാണ് ഇദ്ദേഹത്തിന് ക്യാൻസർ ആണെന്ന് അപ്പോൾ ബിസിനസ് തകരുന്നു. ഇദ്ദേഹത്തിന് രോഗമാണെന്ന് അറിയുമ്പോൾ ആരും കുട്ട് നിൽക്കുന്നില്ല. അതുകൊണ്ട് ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് പലരും കഴിയുന്നതും രോഗം മറച്ചുവയ്ക്കുന്നത്. എന്നാൽ രോഗികളെക്കാലും പ്രശ്നം ബന്ധുക്കളാണ്. ഇവർ ഒരിക്കലും ഇത് പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. ഇന്നസെന്റ് കഴിഞ്ഞ ദിവസം വന്നപ്പോൾ ഒരു തമാശ പറഞ്ഞു. മക്കൾക്ക് ഇന്നസെന്റ് മരിക്കുന്നത് വയറുകടി വന്നിട്ടോ അല്ലെങ്കിൽ ഛർദിവന്നിട്ടോ എന്ന് പറയുന്നത് മോശമല്ല, ഇതൊരു ക്യാൻസർ വന്നിട്ടല്ലേ അപ്പോൾ അത് ഒരു വലിയ കാര്യമല്ലേ എന്ന് ഇന്നസെന്റ് ചോദിക്കുന്നുണ്ട്. അപ്പോൾ ഇങ്ങനെയുള്ള മനസ്ഥിതിയുള്ള ആളുകൾ കുറവാണ്.
- ഡോക്ടറുടെ ഭാര്യ ഡോ.ചിത്രതാര ക്യാൻസർ ചികിൽസാരംഗത്താണ്. ഇളയമകനും ആ രംഗത്തേക്ക് വരുന്നുവെന്ന് കേൾക്കുന്നു. അപ്പോൾ ഒരു പക്ഷേ ഡോ. ഗംഗാധരന്റെ കുടുംബവകയായി ഒരു ക്യാൻസര്‍ ചികിൽസാകേന്ദ്രമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?
റ്റു ലേറ്റ്. എന്റെ മനസ്സിൽ ചില സങ്കൽപ്പങ്ങളുണ്ട്. അത് എന്നെങ്കിലും പൂർത്തികരിക്കാൻ സാധിക്കുമെന്ന് മാത്രമെയുള്ളു. ക്യാൻസർ ആശുപത്രികൾ വരേണ്ടത് നാല് മതിൽകെട്ടിടത്തിലല്ല. കുറച്ചുകൂടി പ്രകൃതിക്കിണങ്ങുന്നതാകണം. വിശാലമായ സ്ഥലത്ത് പ്രകൃതിയോട് ചേർന്ന് ഒരു ക്യാൻസർ ഗ്രാമമെന്ന് പറയാം. അത് എന്റെ ഒരു സ്വപ്നമാണ്.
- ഗംഗാദരൻ എന്ന് തന്നെ പേരുള്ള ഡോക്ടറുടെ അമ്മാവൻ എല്ലാവർക്കും വളരെ സ്നേഹമുള്ള ഡോക്ടറായിരുന്നു. അപ്പോൾ അത് പോലെയുള്ള ആളാകണം എന്ന് അമ്മ പറഞ്ഞ് കേട്ടിട്ട് ആ ഒരു വിചാരം കൊണ്ട് മനഃപൂർവം തന്നെ എല്ലാവർക്കും തന്നോട് സ്നേഹമുണ്ടാകണമെന്ന് കരുതി നല്ല സ്വഭാവം രൂപപെടുത്തിയതാണോ, അല്ലെങ്കിൽ ഡോക്ടർ ഇങ്ങനെതന്നെയാണോ എല്ലാവരും സ്നേഹിക്കപ്പെടുന്ന വ്യക്തി?
ഡോക്ടറാകണം എന്ന് പോലും ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അത് വേറെ ഒന്നും കൊണ്ടല്ല ഞാൻ പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾകൂടി ഡോക്ടറാകണം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നില്ല. വീട്ടിലാണെങ്കിലും അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല. അവസാനം ഞാൻ അപ്ലെ െചയ്ത് എം.ബി.ബി.എസ്. കിട്ടിയപ്പോൾ പോകണോ വേണ്ടെയോ എന്ന് തീരുമാനമെടുക്കുന്ന സമയത്താണ് അമ്മയോട് ചോദിക്കുന്നത്. അപ്പോളാണ് അമ്മയുടെ മനസ്സിലിയൊരു ആഗ്രഹമുണ്ട്. അതിന് അച്ഛൻ എതിരുനിന്നതുമില്ല. അത്രയെയുള്ളു. അല്ലാതെ അതുവരെ എന്റെ മനസ്സിൽ ഡോക്ടറാകണം എന്നൊരു ചിന്തയേയില്ല. എന്റെ മനസ്സില്‍ അന്നും സന്തോഷത്തോടെ ഞാൻ സ്വീകരിക്കുമായിരുന്ന ഒരു ജോലി റയിൽവേ ഗാർഡിന്റേതാണ്. എനിക്ക് ട്രെയിൻ അന്നും ഹരമാണ് ഇന്നും ഹരമാണ്. ഞാൻ പണ്ട് മറ്റ് പുസ്തകങ്ങൾ വായിക്കുന്നതിനോടൊപ്പം വായിച്ചിരുന്ന ഒരു ബുക്ക് റയിൽവേ ഗൈഡാണ്. ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്. ട്രെയിൻ കാണാൻ വേണ്ടി ഞാൻ ചേട്ടന്റെ കയ്യുംപിടിച്ചുകൊണ്ട് തിരുപ്പൂർ സ്റ്റേഷനിൽപോയി നിൽക്കാറുണ്ടായിരുന്നു. അതായത് മനസ്സിൽ എന്നുമൊരു ഗാർഡിന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.