ഭരണകൂടസംവിധാനത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാനുളള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അല്ലാതെ ഉദ്യോഗസ്ഥരും സംവിധാനവും പോകുന്ന വഴിയിൽ സർക്കാർ പോകുന്നതല്ല. പൊലീസിന്റെ വീഴ്ച, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വീഴ്ച ഇവയൊക്കെ കൊണ്ട് പൊറുതി മുട്ടി പോയ ഒരു സർക്കാരാണ് നമുക്ക് ഇപ്പോൾ ഉളളത്. ഭരണസംവിധാനത്തെ ഉടച്ചുവാർക്കുവാനും ഇത്തരം വിവാദങ്ങളിൽ നിന്ന് തലയൂരാനും ഇനി പാർട്ടിയും സർക്കാരും കൈകൊളളുന്ന നടപടികൾ എന്തെല്ലാം? നേരേ ചൊവ്വയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. അത് സോഷ്യലിസവും കമ്മ്യൂണിസവും ഉണ്ടാക്കുകയെന്നതാണ്. ഇതെല്ലാം സംസ്ഥാന ഭരണം മാത്രം വെച്ചുകൊണ്ട് സാധ്യമായ ഒന്നല്ല. ഞാൻ ശ്വസിക്കുന്നതും പോലും കമ്മ്യൂണിസത്തിനു വേണ്ടിയാണ്. പക്ഷേ കമ്മ്യൂണിസ്റ്റ് സമൂഹം സൃഷ്ടിക്കുകയെന്നത് ഈ സർക്കാരിനെ കൊണ്ട് സാധിക്കുന്ന ഒരു കാര്യമല്ലതാനും. ഈ പരിമിതി ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. ഒരു സർക്കാർ മാറിയതു കൊണ്ടോ മുഖ്യമന്ത്രി മാറിയതു കൊണ്ടോ ഭരണകൂടസംവിധാനം മാറണമെന്നില്ല. തദ്ദേശസ്വയംഭരണ സംവിധാനം, പൊലീസ് സംവിധാനം ഇവയുടെ പ്രവർത്തനത്തിലൊക്കെ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും നമുക്കു മാറ്റാൻ കഴിയില്ലല്ലോ. പഴയ പൊലീസ്കാരെ വെച്ചാണ് പുതിയ മുഖ്യമന്ത്രി ഭരിക്കുന്നത്.
ഉദ്യോഗസ്ഥവൃന്ദത്തെ ഉപയോഗിച്ചു കൊണ്ട് ഭരിക്കുകയാണ് എപ്പോഴും വേണ്ടത്. അതിന്റെ ഭാഗമായി പരിമിതികൾ ഉണ്ടാകാം. ഞങ്ങൾ ഭരണത്തിൽ വരുമ്പോൾ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ എതിർക്കുന്നവരായിരുന്നു ഉദ്യോഗസ്ഥരിൽ അധികവും. ജുഡീഷ്യറിയുടെ പ്രശ്നങ്ങളെ കുറിച്ച് ബോധമുണ്ട്. കേന്ദ്രഭരണം ഞങ്ങൾക്ക് എതിരാണ്. ഈ പരിമിതകൾക്ക് അകത്തു നിൽക്കുമ്പോൾ ചില പ്രായോഗികമായ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാലും ജനതാത്പര്യം സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കും. കിട്ടിയ അധികാരം ഉപയോഗിച്ച് പരമാവധി ജനങ്ങളെ സഹായിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ മുഖ്യമന്ത്രി വന്നാൽ സിച്ച് ഇട്ടതു പോലെ അഴിമതി നിലയ്ക്കും എന്നു പറഞ്ഞാൽ വസ്തുതാപരമല്ല.
യുഡിഎഫ് സർക്കാർ ഭരിച്ച് വലിയ ജീർണതയിലേയ്ക്ക് എത്തിച്ച ഒന്നാണ് നമ്മുടെ പൊലീസ് സംവിധാനം. അതിൽ നിന്ന് മോചിപ്പിച്ചെടുക്കാൻ സമയം എടുത്തിട്ടുണ്ട്. ഇപ്പോൾ എല്ലാം ശരിയായ വഴിയിലാണ്. ഭരണത്തിൽ വന്നപ്പോൾ ഉളള പോലെ വീഴ്ചകൾ പൊലീസിന്റെ ഭാഗത്തു ഇപ്പോൾ ഇല്ല, സ്ഥിതി മാറി കഴിഞ്ഞു. ഇനിയും മാറും.
പാർട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെയും എവിടെയും നിശ്ചയിച്ചിട്ടില്ല. സർക്കാർ മാറുന്ന അവസരത്തിൽ ഡിജിപിയെ മാറ്റുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. പല സംസ്ഥാനത്തും മാറ്റിയിട്ടുണ്ട്. ഗുജറാത്തിൽ മോദി അധികാരത്തിൽ വന്നപ്പോൾ സ്ഥിരമായി ഒരു ഡിജിപി ഉണ്ടായിരുന്നില്ല. എല്ലാം ചാർജ് ഡിജിപി ആയിരുന്നു. ഏത് നിമിഷവും ഡിജിപിയെ മാറ്റാം. അത്തരം സ്ഥിതിയൊന്നും കേരളത്തിൽ ഇല്ല. സർക്കാർ എടുത്ത ഒരു തീരുമാനത്തെ സെൻകുമാർ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. സുപ്രീംകോടതിയിൽ പോയി. സുപ്രീംകോടതി പുനസ്ഥാപിക്കാൻ പറഞ്ഞപ്പോൾ അപ്രാകാരം ചെയ്തു. മുഖ്യമന്ത്രിയും ഞാനും തമ്മിൽ നല്ല ബന്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
തച്ചങ്കരി ഡിജിപി സ്ഥാനത്തുളള വ്യക്തിയല്ല. ലോ ആന്റ് ഓർഡറിൽ ഉണ്ടായിട്ടില്ല. അദ്ദേഹം ഡിജിപി ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. ഡിജിപി ഓഫിസിൽ ആരെ ജോലിക്ക് വയ്ക്കണമെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. എഡിജിപി ആയ ഒരാളെ അവിടെ ജോലിയ്ക്ക് വയ്ക്കുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും അയോഗ്യത ആരും കൽപ്പിച്ചിട്ടില്ലല്ലോ. മാധ്യമങ്ങൾക്ക് എപ്പോഴും തച്ചങ്കരി ഒരു വിഷയമാണ്. അത് ഏത് സ്ഥാനത്തു വച്ചാലും വിവാദമാകുന്നുവെന്നേ ഉളളൂ. സർക്കാരിന് പ്രത്യേക നിലപാടോ അകൽച്ചയോ ഒരു ഉദ്യോഗസ്ഥനോടും ഇല്ല.