കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലേക്കുള്ള താങ്കളുടെ നിയമന ഫയൽ ഇപ്പോഴും പുറത്തുവന്നിട്ടില്ല. അത് എവിടെയാണ് തഴയപ്പെട്ടിരിക്കുന്നത് ?
ഞാൻ അതിനെപ്പറ്റി പ്രത്യേകമായിട്ട് അന്വേഷിച്ചിട്ടൊന്നുമില്ല. എനിക്ക് ഇതിൽ താൽപ്പര്യം വന്നതുതന്നെ പഴയ ചീഫ് സെക്രട്ടറി നിർബന്ധിച്ചതുകൊണ്ടാണ്. മാത്രമല്ല വളരെ ഉയർന്ന ഒരു പദവിയാണ്. ഹൈക്കോടതി ജഡ്ജിയുടെ അത്രതന്നെ കാര്യങ്ങൾ അംഗങ്ങള്‍ക്ക് കൊടുക്കുന്ന സംവിധാനമാണ്. മാത്രമല്ല സ്വസ്ഥ ജീവിതവുമായിരിക്കും.
ടി.പി.സെന്‍കുമാർ ഇനി എന്ത് ചെയ്യാൻ പോകുന്നു എന്ന ചോദ്യത്തിന് സ്വയം നൽകിയ ഉത്തരം എന്താണ് ?
ആദ‌്യത്തെ ഒരു മൂന്നുമാസം എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. കുറച്ച് വ്യക്തിപരമായ കാര്യങ്ങൾ ഉണ്ട്. പിന്നെ കുറെ നാളായി വിചാരിക്കുന്നുണ്ട്, എഴുതാനുള്ള കാര്യങ്ങൾ എഴുതുക. അത് കഴിഞ്ഞിട്ട് ഒരു സെപ്റ്റംബർ അവസാനത്തോടെ അല്ലെങ്കിൽ ഒക്ടോബർ ആദ്യത്തോടെ മാത്രം ഇനി എന്ത് എന്ന് ചിന്തിച്ചാൽ മതി.
പുസ്തകം എന്നത് ജേക്കബ് തോമസിന്റേതുപോലെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്നതുപോലെയായിരിക്കുമോ ?
'സ്രാവുകളാ'ണോ അതോ 'നത്തോലി' ആയിട്ട് സ്രാവുകളെപ്പോലെ വിചാരിക്കുന്നവരാണോ, എന്തായാലും അങ്ങനെ ഒന്നുമല്ല. അങ്ങനെ സ്രാവുകളൊന്നും നിലവിൽ സിവിൽ സർവീസിൽ ഇല്ല. പുസ്തകത്തിന്റെ സ്വഭാവം എന്നാൽ കെ.എസ്.ആര്‍.ടി.സിയെപ്പറ്റി ഒരു പ്രൊഫഷനൽ ബുക്കാണ് എഴുതാൻ ഉദ്ദേശ്യമുള്ളത്. സർവീസ് സ്റ്റോറിയിൽ കഴിഞ്ഞ രണ്ടുവർഷത്തെ കാര്യങ്ങൾ എങ്കിലും എഴുതേണ്ടിവരും. മാത്രമല്ല, ഞാൻ ഒരു സർവീസ് സ്റ്റോറി എഴുതിയാൽ അതിൽ 6 വാല്യങ്ങൾ എങ്കിലും വേണ്ടിവരും. കാരണം അത്രയും കാര്യങ്ങൾ എനിക്ക് പറയാനുണ്ടാകും. .
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത് എന്ന് ഉറപ്പാക്കിയിട്ട് തന്നെയാണോ താങ്കൾ പടിയിറങ്ങുന്നത് ?
അതേ, നടിയെ ആക്രമിച്ച കേസ് അന്വേഷിക്കാൻ ലോക്നാഥ് ബെഹ്റ ഒരു സംഘത്തെ നിയമിച്ചിട്ടാണ് പോയത്, ആ ടീമിന്റെ ക്യാപ്റ്റൻ എന്നത് ദിനേന്ദ്ര കശ്യപാണ്. അതുകൊണ്ടുതന്നെ പൊലീസ് മേധാവിക്ക് നിർദേശവും മറ്റും കൊടുക്കാമെങ്കിലും കശ്യപിനാണ് പൂർണ ഉത്തരവാദിത്തം. ഇതില്‍ കണ്ട പോരായ്മ എന്നത് കേസിനെ സംബന്ധിച്ച പല കാര്യങ്ങളിലും ദിനേന്ദ്ര കശ്യപ് അജ്ഞനായിരുന്നു എന്നതാണ്. അതുകൊണ്ട് ഞാൻ നിർദേശം കൊടുത്തു, ഇനി അങ്ങനെ ഉണ്ടാകരുത്. ഈ ടീമിനെ മുഴുവനായിട്ടും നിയന്ത്രിക്കേണ്ടതും കശ്യപായിരിക്കണം എന്ന്. എന്നാൽ കേസ് അന്വേഷണത്തിൽ അപകതയൊന്നും ഞാൻ കണ്ടില്ല.
ദിലീപിനെ 13 മണിക്കൂര്‍ ചോദ്യംചെയ്തപ്പോൾ തിരുവനന്തപുരത്തുനിന്ന് ഇടപെടൽ ഉണ്ടായെന്നാണ് പറയുന്നത്. അത്രയും നേരമൊന്നും ചോദ്യംചെയ്യേണ്ടെന്നാണോ താങ്കൾ കരുതുന്നത് ?
തിരുവനന്തപുരത്തുനിന്ന് ആരെങ്കിലും ഇടപെട്ടൊ എന്ന് എനിക്കറിയില്ല, അന്ന് രാത്രി 1.30 വരെ എനിക്ക് ഉറങ്ങാൻ പറ്റിയില്ല. മാത്രമല്ല ഇതിൽ നമുക്ക് പലതും അറിയാൻ പറ്റുന്നില്ല, അത് തെറ്റായ സ്ഥിതിവിശേഷമായിട്ടാണ് എനിക്ക് തോന്നുന്നത്. അതിനെ എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും ഈ രീതി തെറ്റാണ്. ടീം ലീഡറായിരുന്ന കശ്യപ്പിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനും ഇക്കാര്യത്തിൽ അറിവില്ല. .അതുകൊണ്ട് ഞാൻ ചെയ്തത് ഇത്രെയുള്ളു, അന്വേഷണത്തിൽ ഇങ്ങനെ സംഭവിക്കരുതെന്ന് പറഞ്ഞു. ആ സംഘം കൃത്യമായിട്ട് തന്നെ പോകണം.
അറിയിക്കേണ്ടത് അറിയിക്കാതെ ഉദ്യോഗസ്ഥർ നീങ്ങുന്നുണ്ടെങ്കിൽ അവരുടെ ലക്ഷ്യം എന്തായിരിക്കും എന്നാണ് കരുതുന്നത് ?
ഇക്കാര്യത്തിൽ ഞാൻ ഗൂഢലക്ഷ്യങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല, പക്ഷേ ഈ ചെയ്യുന്ന നടപടിക്രമം തെറ്റാണ്. 13 മണിക്കൂർ തുടർച്ചയായി ചോദ്യംചെയ്യുന്നത് ഗിന്നസ് ബുക്കിൽ കയറാൻ ഒന്നുമല്ലല്ലോ, എത്രമണിക്കൂർ ചോദ്യംചെയ്തു എന്നതല്ല, എന്താണ് ചോദിക്കുന്നത്, അതിൽനിന്ന് എന്താണ് വെളിവാകുന്നത് എന്നതാണ് കാര്യം. നമ്മളൊക്കെ ഇങ്ങനെയുള്ള കാര്യം ചെയ്യുന്നത്, ടീമിലെ എല്ലാവരും കൂടിയാലോചിക്ക് നല്ല രീതിയിൽ ഗ്രഹപാഠം ചെയ്തിട്ടാണ്. ഇത് സംസ്ഥാനമാകെ അറിയുന്ന കേസാണ് അതുകൊണ്ട് നല്ല രീതിയിൽ പദ്ധതി തയാറാക്കിവേണം കേസ് അന്വേഷിക്കാൻ. ഇതുമാത്രമെ ഞാൻ നിർദേശം കൊടുത്തുള്ളു. നടിക്ക് നീതി കിട്ടുകയും വേണം, നിരപരാധികൾ കേസിൽ പെടാനും പാടില്ല.
താങ്കൾക്ക് രാഷ്ട്രീയമോഹമുണ്ടോ ?
രാഷ്ട്രീയമോഹം വേണ്ടാ എന്നുവയ്ക്കേണ്ട ആവശ്യമൊന്നുമില്ല, കാരണം രാഷ്ട്രീയത്തിൽ എല്ലാവരും പറയുന്നത് സത്യസന്ധരായ ആൾക്കാരൊക്കെ വരും എന്നല്ലേ. അതിനർഥം ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു എന്നല്ല.
കൊച്ചിയിലുണ്ടായ സംഭവത്തിൽ യതീഷ് ചന്ദ്രയെ ന്യായീകരിച്ചത് സർക്കാരിനൊപ്പമാണ് താങ്കൾ എന്നു ന്യായീകരിക്കാൻ വേണ്ടിയാണോ ?
ഞാൻ സർക്കാരിനൊപ്പമോ സർക്കാരിന് എതിരോ അല്ല, ഞാൻ ശരിയായ കാര്യം എപ്പോഴായാലും ശരിയാണെന്ന് പറയും. അപ്പോൾ അതുകൊണ്ട് സർക്കാരിന് ഒപ്പമാണ് എന്ന് പ്രത്യേകിച്ച് തെളിയിക്കേണ്ട കാര്യമൊന്നും എനിക്കില്ലായിരുന്നു. പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ചായിരുന്നു ആ ഉദ്യോഗസ്ഥൻ അത്തരം നിലപാട് എടുത്തത്. അത് ശരിയായിരുന്നു എന്നതാണ് എന്റെ നിലപാട്.
തിരിഞ്ഞുനോക്കുമ്പോള്‍ സെൻകുമാർ എന്ന ഉദ്യോസ്ഥന്റെ സംഭാവന എന്താണ് ?
ആവശ്യമുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ നീതി ബോധത്തിനും നമ്മുടെ രാജ്യത്തുള്ള നിയമത്തിനും അനുസരിച്ച് ജോലി ചെയ്യാൻ സാധിക്കും എന്ന ബോധ്യം ഉണ്ടാക്കികൊടുക്കാൻ പറ്റി എന്നതാണ്. എന്നുപറഞ്ഞ് എല്ലാവർക്കും അതിന് താൽപ്പര്യം ഉണ്ടാകണം എന്നില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഈ പ്രായത്തിനിടയില്‍ ഈ അടുത്തുണ്ടായ ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഒരു സർക്കാരിനെയും ഉപദ്രവിക്കാനായിട്ട് പോയിട്ടില്ല, നിയമവിരുദ്ധമായ ഒരു സഹായവും ഒരു സര്‍ക്കാരിനും ചെയ്ത് കൊടുത്തിട്ടും ഇല്ല. നിയമപരമായ കാര‌്യങ്ങളിൽ മുഴുവൻ സഹായവും കൊടുക്കുകയും ചെയ്യും.