'അമ്മ' യോഗത്തില്‍ മോശമായി പെരുമാറിയവരെ ഉപദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘അമ്മ’ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ താരങ്ങള്‍ പ്രതികരിച്ച രീതി ശരിയായില്ലെന്നു മനോരമ ന്യൂസ് നേരേചൊവ്വേയിൽ കോടിയേരി പറഞ്ഞു. പൊതുവേദികളില്‍ സിനിമാക്കാരും ശ്രദ്ധിക്കണം. സിനിമയല്ല ജീവിതം. സംഘടനയെ സംഘടനയായേ ജനം കാണൂ. നടിയെ ആക്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം . ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
∙ കേരളത്തിൽ വലിയ തിളക്കത്തോടെ സി.പി.എം. അധികാരത്തിലെത്തിയിട്ട് ഒരുവർഷമായി. ഇതുവരെയുള്ള വിവാദങ്ങൾ പരിശോധിച്ചാൽ അതിനൊക്കെ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ആയുധം നൽകിയത് സി.പി.ഐ. ആണെന്ന് കാണാം. യു.ഡി.എഫ്. പോലെ പരസ്പരം കലഹിക്കുന്ന ഒരു മുന്നണി എന്ന ധാരണയല്ലേ എൽ.ഡി.എഫും നൽകുന്നത്?
സി.പി.ഐ. ചില പ്രശ്നങ്ങളിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് ആ പാർട്ടി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പാടില്ല എന്ന് ഞങ്ങള്‍ ഒരു തീരുമാനമെടുക്കേണ്ട കാര്യമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ എല്ലാ കക്ഷികൾക്കും സ്വതന്ത്രമായിട്ടുള്ള വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തിന് അനുസരിച്ച് അവർക്ക് അഭിപ്രായം പ്രകടിപ്പിക്കാം. ഏതു പാർട്ടിക്കും അഭിപ്രായം പ്രകടിപ്പിക്കാം.
∙ മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽനിന്ന് റവന്യുമന്ത്രി വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നില്ലേ?
പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി വന്ന ആക്ഷേപമുണ്ട് സെൽഭരണം. സെൽഭരണം ഇന്ന് കേരളത്തിലില്ല. ഗവണ്‍മെന്റ് നിയമാനുസൃതമായി പ്രവർത്തിക്കും. എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങൾ എൽ.ഡി.എഫിൽ ചര്‍ച്ചചെയ്യണമെന്ന് തോന്നിയാൽ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അത് എൽ.ഡി.എഫ്. ചര്‍ച്ചചെയ്യും. അങ്ങനെ ഒരുപ്രശ്നം എൽ.ഡി.എഫിന്റെ മുന്നിൽ വന്നിട്ടില്ല
∙ സി.പി.ഐയിൽനിന്ന് എന്തു പ്രകോപനം ഉണ്ടായാലും താങ്കൾ വളരെ സംയമനത്തോടെയാണ് പ്രതികരിക്കുന്നത്. തെറ്റ് സ.ിപി.എമ്മിന്റെ ഭാഗത്തായതുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നല്ലേ ആളുകൾ കരുതൂ?
അത് ജനങ്ങൾ വിലയിരുത്തുമല്ലോ ആരുടെ ഭാഗത്താണ് തെറ്റെന്ന്. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങൾ അറിയാമല്ലോ. ഇടുക്കിയിലെ എല്ലാപാർട്ടികളും ചേർന്നാണല്ലോ മുഖ്യമന്ത്രിയെ സമീപിച്ചത്. ഞങ്ങളുടെ നിലപാട് ഒരുപ്രശ്നത്തിന്റെ പേരിൽ തെളിയിച്ചതാണല്ലോ ഇടുക്കിയിലുള്ള പൊതുജനാഭിപ്രായം.
∙ ഇതെന്തു ഭരണം? മുഖ്യമന്ത്രി വിളിച്ച യോഗം എന്തിന്? ഏകകക്ഷി സർക്കാരല്ലെന്ന് ഓർക്കണം - സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണമാണ് ഇതൊക്കെ. വി.എസ്. ആകാനുള്ള ശ്രമമാണോ കാനത്തിന്റേത്?
സി.പി.എം. വ്യക്തമായിട്ടുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് നിലപാട് എടുത്തിരിക്കുന്നത്. പരസ്യമായിട്ടുള്ള വിവാദമുണ്ടാക്കി ഈ മുന്നണിയെ എന്തെങ്കിലും കുഴപ്പത്തിലാക്കുക. ഇതുചെയ്യാന്‍ പാടില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ദേശിയ തലത്തിൽത്തന്നെ ദോഷം ചെയ്യും. ആ ഒരു ധാരണ സി.പി.ഐ. സഖാക്കൾക്കുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
∙ പാർട്ടി അധികാരകേന്ദ്രമായി മാറേണ്ടതില്ല എന്ന തീരുമാനം മാറ്റാനുള്ള സാഹചര്യം പിണറായി സർക്കാർ ഉണ്ടാക്കുന്നുണ്ടോ?
സർക്കാർ ശരിയായ ദിശയിലാണ് പോകുന്നത്. ശരിയായ ദിശയിലല്ല പോകുന്നത് എന്ന് തോന്നയാലല്ലേ പാർട്ടി ഇടപെടേണ്ട കാര്യമുള്ളൂ. അത് സംസ്ഥാന പാർട്ടി കമ്മറ്റി ഇടപെടും പാർട്ടി പൊളിറ്റ് ബ്യൂറോയും ഇടപെടും.
∙ സി.പി.എം. ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും അമ്മയുടെ യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇടപെട്ട രീതി അംഗീകരിക്കുന്നുണ്ടോ? പ്രത്യേകിച്ച് മുകേഷ്. വെറും താരങ്ങളല്ല, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളാണ് തങ്ങളെന്ന് അവരെ പാർട്ടിക്ക് ബോധ്യപ്പെടുത്തേണ്ടി വരില്ലേ?
അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെ പരസ്യമായിട്ടുത്തന്നെ പറഞ്ഞു ഞങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. അമ്മ ജനറല്‍ ബോഡി കഴിഞ്ഞപ്പോൾ മാധ്യമങ്ങളോട് ജനപ്രതിനിധികളും മറ്റുള്ളവരും പ്രതികരിച്ചത് തെറ്റായിരുന്നു. അദ്ദേഹം പരസ്യമായിട്ട് മാപ്പുചോദിച്ചു. പൊതൂസമൂഹത്തിൽ വന്നിട്ടുള്ള അഭിപ്രായങ്ങള്‍ക്കനുസരിച്ച് അമ്മ തന്നെ ഒരുനിലപാട് എടുത്തിട്ടുണ്ട്.
∙ ഒരു രാഷ്ട്രീയമാറ്റത്തിനു കാലമായി എന്നൊക്കെ കേരളത്തിലെ ജനതാദൾ പറയുന്നുണ്ട്. ഇടതുമുന്നണിയിലേക്ക് വരാൻ താൽപര്യപ്പെട്ടിട്ടുണ്ടോ?
ജനാതാദള്‍, വീരേന്ദ്രകുമാർ അവർ നേരത്തെ ഇടതുപക്ഷമുന്നണിയുടെ ഭാഗമായിരുന്നു. ചില പ്രത്യേക കാരണത്താൽ അവർ ഇടതുപക്ഷമുന്നണി വിട്ടുപോയി. ഇപ്പോൾ അവർ ദേശിയതലത്തിൽ രാഷ്ട്രപതിതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഖിലേന്ത്യ നിലപാടിനോട് വിയോജിച്ചുകൊണ്ട് വീരേന്ദ്രകുമാർ സ്വീകരിച്ച നിലപാട് സ്വാഗതാർഹമായിരുന്നു. ആ പാർട്ടിയെ ഇന്ന് സ്വീകരിക്കുന്നതിന് യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിക്കണം. വിച്ഛേദിച്ച് പുറത്തുവന്ന് ഇടതുപക്ഷമുന്നണിയോട് സഹകരിക്കുകയാണെങ്കിൽ തീർച്ചയായും ഇടതുപക്ഷമുന്നണിയിൽ സ്വീകരിക്കും.
∙ മുന്നണി ബന്ധങ്ങളിൽ വിള്ളലുകളില്ലെന്ന് ആവർത്തിക്കുമ്പോഴും സി.പി.ഐ. ഭിന്നനിലപാടുകളിൽ ഉറച്ച് പരസ്യമായി മുന്നോട്ടുപോകുകയാണ്.കാര്യങ്ങൾ സി.പി.ഐ. നേത്യത്വത്തെ ബോധ്യപ്പെടുത്താൻ കഴിയാത്തത് എന്ത്?
സി.പി.ഐ. ചില പ്രശ്നങ്ങളിൽ വ്യത്യസ്ഥ അഭിപ്രായം പ്രകടിപ്പിക്കുന്നത് ആ പാർട്ടി വ്യത്യസ്ഥ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല എന്ന് ഞങ്ങൾ ഒരു തീരുമാനമെടുത്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമാണെങ്കിൽ എല്ലാ കക്ഷികൾക്കും സ്വതന്ത്രമായ വ്യക്തിത്വമുണ്ട്. ആ വ്യക്തിത്വത്തിനനുസരിച്ച് അവർക്ക് അഭിപ്രായം പ്രകടിപ്പിക്കാം. ഏത് പാർട്ടിക്കും അഭിപ്രായം പ്രകടിപ്പിക്കാം. പക്ഷേ ഗവൺമെന്റ് സ്തംഭനാവസ്ഥ ഒരുപ്രശ്നത്തിലും ഉണ്ടാകാൻ പാടില്ല. മുഖ്യമന്ത്രിക്ക് ഒരു പ്രശ്നത്തിൽ നിവേദനം കിട്ടിയാൽ ആ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് യോഗം വിളിക്കാം. അത് മുഖ്യമന്ത്രിക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് അത് മുഖ്യമന്ത്രി ചെയ്തു. അതിന്റെ ഭാഗത്ത് ഒരിടപെടലാണ് മുഖ്യമന്ത്രി നടത്തിയത്.
∙ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സി.പി.ഐ. സ്വീകരിക്കുന്ന നിലപാട് ഇടതുപക്ഷവിരുദ്ധമാണെന്ന് താങ്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലും അതിനുള്ള പുറപ്പാടോണോ?
അങ്ങനെയൊരു നിലപാട് സി.പി.ഐയ്ക്കുള്ളതായിട്ട് വിലയിരുത്താൻ കഴിയില്ല.സി.പി.ഐയുടെ അഖിലേന്ത്യനേതൃത്വം തന്നെ എടുത്തിരിക്കുന്ന നിലപാട് ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തണം എന്നാണ്. ദേശീയതലത്തിൽ തന്നെ സി.പി.ഐ. ഏറ്റവും ഒടുവിൽ ചേർന്ന സെൻട്രൽ കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. സി.പി.എം. സ്വീകരിച്ച നിലപാടിന് അനുസൃതമായ ഒരു നിലപാടാണ് ദേശീയതലത്തിൽ അവർ സ്വീകരിക്കുന്നതായിട്ടാണ് പുറത്തുവന്ന അവരുടെ രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നത്. അങ്ങനെ ഒരുതർക്കം സി.പി.ഐ-സി.പി.ഐ. തമ്മിൽ ദേശീയതലത്തിൽ ഇല്ല.
∙ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനുശേഷം നടന്ന അന്വേഷണം, ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ നടപടി അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തിയില്ലേ?
ആ സമയത്ത് ഗൂഢാലോചന എന്നുപറയുന്നൊരു പ്രശ്നം ആരും മുന്നോട്ടുവച്ചിട്ടില്ല. മുന്നോട്ടുവയ്ക്കാത്ത ഒരുപ്രശ്നം ആ സന്ദർഭത്തിൽ അന്വേഷിക്കേണ്ട വിഷയമില്ല. അന്വേഷണത്തിന്റെ ഭാഗമായി ഒരു ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുമ്പോഴാണ് അതിനെ സംബന്ധിച്ച് അന്വേഷണം പോകുന്നത്. ആ അന്വേഷണം അതുപറഞ്ഞ് നീട്ടികൊണ്ടുപോയാൽ അവർക്ക് ജാമ്യം കിട്ടുമായിരുന്നു. ഒരു ഘട്ടത്തിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കി അവരെ ജയിലടച്ചു. അതുകൊണ്ട് അവർ ഇത്രയുംകാലം ജയിലിൽ കിടക്കേണ്ടിവന്നു. അതിനിടയിലാണ് പുതിയ ചില പ്രശ്നങ്ങൾ പുറത്തുവന്നത്. അങ്ങനെ പുതിയൊരു പ്രശ്നം പുറത്തുവന്നാൽ കോൺപറൻസ് സംബന്ധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. അതാണിപ്പോൾ അന്വേഷണം നടത്തികൊണ്ടിരിക്കുന്നത്.
∙ ഇ.പി. ജയരാജന് എതിരായ സ്വജനപക്ഷപാതക്കേസ് നിലനില്‍ക്കില്ല എന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ അദ്ദേഹം മന്ത്രിസഭയിലേക്ക് തിരികെ വരുമോ?
ഈ മന്ത്രിസഭയിലേക്ക് ഇന്നയാളെ ഒഴിവാക്കുക തിരികെയെടുക്കുക എന്നതിനെക്കുറിച്ച് പാർട്ടി ചർച്ചനടത്തിയിട്ടില്ല. അന്നൊരു അക്ഷേപം ഉയർന്നുവന്നു. അതിന് മാതൃകാപരമായി നടപടി സ്വീകരിക്കണം എന്ന് പാർട്ടി കണ്ടെത്തി. ഈ നടപടി പാർട്ടിക്ക് ദോഷകരമായി വന്നതിനാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതായി ജയരാജൻ പറഞ്ഞു.
∙ താങ്കൾ പിന്നിൽനിന്ന് കുത്തിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി. ജയരാജൻ പറഞ്ഞതായി വാർത്തയുണ്ടായിരുന്നു. രാജിവയ്ക്കേണ്ടിവന്നതിലുള്ള വിഷമം ജയരാജന് ഇപ്പോഴും തീർന്നിട്ടില്ല എന്ന് വ്യക്തമാണ്. ജയരാജൻ പറയുന്നതുപോലെ മാധ്യമങ്ങൾ ഒന്നിച്ചു വേട്ടയാടിയതുകൊണ്ടാണോ അദ്ദേഹത്തിന് രാജിവയ്ക്കേണ്ടിവന്നത്?
സി.പി.എം. എന്നുപറയുന്നത് കൂട്ടായ നേതൃത്വമാണ്. ഒരാൾ ഒറ്റയ്ക്കല്ല തീരുമാനമെടുക്കുന്നത്. പാർട്ടി പൊളിറ്റ് ബ്യൂറോയും, പാർട്ടി സംസ്ഥാന കമ്മിറ്റിയും എടുത്തൊരു തീരുമാനത്തിന്റെ ഭാഗമാണത്. പാർട്ടി താൽപര്യമാണ് എതൊരു സഖാവിന്റേയും താൽപര്യം. സ്വന്തം താൽപര്യത്തെക്കാള്‍ വലുത് പാർട്ടി താൽപര്യം ഉയർത്തിപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഒരു മന്ത്രി സ്ഥാനമോ എം.എൽ.എ. സ്ഥാനമോ എന്നതിനെക്കാൾ പ്രധാനം പാർട്ടിയുടെ യശ്ശസ് ഉയർത്തിപിടിക്കുക എന്നതാണ്. ആ നിലപാടാണ് ഇ.പി.ജയരാജൻ സ്വികരിച്ചത്.