ശ്രീശാന്ത് അദ്ഭുതങ്ങളില്‍ വിശ്വാസിക്കുന്നയാളാണ്. പലപ്പോഴും അത് സംഭവിച്ചിട്ടുണ്ട്. പക്ഷേ ഈ അദ്ഭുതങ്ങള്‍ വേണ്ടിവരുംവിധം ദുരന്തങ്ങളിലേക്ക് താങ്കളെ തള്ളിവിടുന്നതാരാണ്?
ചിലപ്പോള്‍ നമ്മുെട തീരുമാനങ്ങള്‍ തന്നെയായിരിക്കും. എന്റെ ഏറ്റവും വലിയപ്രശ്നം ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. ചിലപ്പോള്‍ ഇതൊക്കെയായിരിക്കും കാരണങ്ങള്‍
നമ്മള്‍ വിശ്വസിക്കുന്നവരെയല്ല നമ്മളെ വിശ്വസിക്കുന്നവരെയാണ് കൂടെ നിര്‍ത്തേണ്ടത് എന്ന തിരിച്ചറിവ് എന്നാണുണ്ടായത്?
2013 മെയ് 16
ഈ കേസില്‍പ്പെട്ടതിനുശേഷംപോലും താങ്കള്‍ ജിജു ജനാര്‍ദനെതിരെ ഒന്നും സംസാരിച്ചില്ല. എന്തുകൊണ്ട് പ്രതികരിച്ചില്ല?
ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കേസ് തെളിഞ്ഞിരിക്കുകയാണ്. അവന്‍ ശരിക്കും ഒരു ക്രിക്കറ്റ് പ്ലയറാണ്. ഗുജറാത്തിന്‍റെ ക്യാപ്റ്റനായിരുന്നു. എന്‍റെ എറണാകുളം ക്രിക്കറ്റ് ക്ലബിന്‍റെ ക്യാപ്റ്റനായിരുന്നു. അറസ്റ്റ് ചെയ്ത കൊല്ലംതന്നെ അവസാനമല്‍സരത്തില്‍ 100 അടിച്ച വ്യക്തിയാണ്. നമ്മള്‍ എല്ലാവരും ചെയ്യുന്നകാര്യമാണ് കുറ്റപ്പെടുത്തുകയെന്നത്. എനിക്ക് അങ്ങനെ കുറ്റപ്പെടുത്തുന്നതില്‍ താല്‍പര്യമുണ്ടായില്ല. ജിജുവിനെമാത്രമല്ല അങ്ങനെയെങ്കില്‍ എനിക്ക് 41 ഡല്‍ഹി സെല്ലിനെ അല്ലെങ്കില്‍ ബി.സി.സി.ഐയിലെ കുറെ ആളുകളെ അങ്ങനെ എല്ലാവരെയും എനിക്ക് ചൂണ്ടിക്കാണിക്കേണ്ടിവരും. ഞാന്‍ ഒരു വ്യക്തിയെമാത്രമല്ല ആ സമയത്ത് എനിക്ക് ചുറ്റുമുള്ള എല്ലാവരും എനിക്കെതിരെയായിരുന്നു.
താങ്കള്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിവുകള്‍ ഒന്നും ഇല്ലാതിരിക്കെ ജിജു ജനാര്‍ദന്‍റെ ഫോണ്‍ സംഭാഷണം മാത്രമായിരുന്നു തെളിവ്. എന്നിട്ടും താങ്കള്‍ ജിജു ജനാര്‍ദനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. അത് എന്തുകൊണ്ട്?
എനിക്കത് അറിയാമെങ്കില്‍മാത്രമെ തുറന്ന് പറയാന്‍ സാധിക്കു. ഞാന്‍ ഇതിനെക്കുറിച്ച് അറിയുന്നതുതന്നെ വിചാരണതുടങ്ങി കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ്. വാതുവയ്പ്പിനായി നമ്മുടെയടുത്ത് വന്നാല്‍ക്കുടി നമ്മുക്ക് പരാതികൊടുക്കാം. അപ്പോള്‍ എന്റെ സ്വന്തം സുഹൃത്ത് അങ്ങനെചെയ്യുമെന്ന് സ്വപ്നത്തില്‍ക്കൂടി വിചാരിക്കുന്നില്ല.
അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും വഴിയില്‍നിന്ന് പെട്ടന്നായിരുന്നു താഴേക്കുള്ള വീഴ്ച. ഈ നാലു വര്‍ഷത്തിനിടിയില്‍ താങ്കള്‍ക്കുണ്ടായ ഏറ്റവും ദുഃസഹമായ അനുഭവമേതായിരുന്നു?
ഇഷ്ടംപോല സംഭവങ്ങളുണ്ട്. എനിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുറെ വിഷമങ്ങളുണ്ടായിട്ടുണ്ട്. എടുത്തുപറയാനുള്ളത് കഴിഞ്ഞവര്‍ഷം കേസ് കഴിഞ്ഞ് ക്ലിന്‍ചിറ്റ് കിട്ടിയശേഷം തെലുങ്കുവാരിയേഴ്സിന്‍റെ ബോളിങ് കോച്ചായിരുന്നു. അപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രാക്ടീസ് ചെയ്തോണ്ടിരിക്കുന്ന സമയത്ത് ശ്രീശാന്ത് ഗ്രൗണ്ടില്‍നിന്ന് പോകണമെന്ന് പറയുന്നു. ഞാന്‍ ഗ്രൗണ്ടില്‍നിന്ന് പോയി ഡ്രസിങ് റൂമില്‍ഇരിക്കുന്നു. അപ്പോള്‍ ഡ്രസിങ് റൂമിലും നില്‍ക്കാന്‍ പാടില്ല. ശ്രീശാന്ത് സ്റ്റേഡിയിത്തിനുപുറത്തുപോകണമെന്ന് പറയുന്നു. ഒരു തീവ്രവാദിയെ തൂക്കികൊല്ലുമ്പോള്‍ പൊലും അത് വേണോ വേണ്ടോയെ എന്ന് ചോദ്യങ്ങളുണ്ടാകുന്നു. അപ്പോള്‍ എന്നെപ്പോലെ ഒരു വ്യക്തി രണ്ട് ലോകകപ്പ് ജയിച്ചശേഷവും കേസില്‍നിന്ന് ക്ലിന്‍ചിറ്റ് കിട്ടിയശേഷവും കളിച്ചുവളര്‍ന്ന ഗ്രൗണ്ട് ചിന്നസ്വാമി സ്റ്റേഡിയം അവിടെനിന്ന് പുറത്തുപോകാന്‍ പറയുന്നു. അപ്പോള്‍ സങ്കടംതോന്നി. ഞാന്‍ ഒന്നുംഅല്ലാത്തപ്പോലെ തോന്നി
ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി രണ്ട് ലോകകപ്പ് വിജയങ്ങള്‍ അതുപോലതന്നെ പല ടെസ്റ്റ് വിജയങ്ങളും ഇതിലൊക്കെ താങ്കളുടെ കൂടെയുണ്ടായിരുന്ന ആളുകള്‍ താങ്കള്‍ക്ക് ഒരുപ്രതിസന്ധി വന്നപ്പോള്‍ അകന്നുനിന്നുവെന്നാണോ തോന്നുന്നത്?
അവര്‍ക്ക് അതിന്‍റേതായ കാരണങ്ങളുണ്ടാകും. പിന്നെ എല്ലാം ബി.സി.സി.ഐ. നിയന്ത്രണത്തിലാണ്. എന്‍റെ കേസ് ഹൈക്കോടതിയില്‍ ജയിച്ചിട്ടുപോലും അവര്‍ പറയുന്നത് അവര്‍ക്ക് അതിനെക്കുറിച്ച് പഠിക്കണം. എല്ലാവര്‍ക്കും അവരെ പേടിയാണ്. ഐ.സി.സിക്കുവരെ ബി.സി.സി.ഐയെ പേടിയാണ്. ഐ.സി.സിക്ക് എനിക്ക് നിരോധനമില്ല. പക്ഷേ സ്കോട്ട്ലന്റില്‍ കളിക്കാന്‍ ഐ.സി.സിയില്‍ അനുവാദംചോദിച്ചപ്പോള്‍ അവിടുത്തെ പ്രത്യേക വക്കീല്‍മാര്‍ പ്രസിഡന്റിന് മെസേജ് അയച്ചത് ബി.സി.സി.ഐയുടെ അഭിപ്രായത്തെ ഞങ്ങള്‍ ആദരിച്ചെപറ്റുവെന്നാണ്. എല്ലാവര്‍ക്കും അവരെപേടിയാണ്. അപ്പോള്‍ നമ്മുടെ കളിക്കാരെക്കുറിച്ച് ഞാന്‍ പറയേണ്ടകാര്യമില്ല. ഞാനും അത് മനസ്സിലാക്കണം.
ഇതിലുമൊക്കെ ഭീകരമായൊരു അവസ്ഥയായിരുന്നില്ലെ തീഹാര്‍ ജയിലിലെ താങ്കളുടെ വാസം. തീരെ പ്രതീക്ഷിക്കാത്തത്. മക്കോക്ക എന്ന നിയമം ചുമത്തിയെന്ന് പറയുമ്പോള്‍?
മക്കോക്ക എന്ന ആദ്യംകേട്ടപ്പോള്‍ സത്യംപറഞ്ഞാല്‍ അതിന്‍റെ സ്പെല്ലിങ് പോലും അറിയില്ലായിരുന്നു. ഞാന്‍ ജയിലിലായിരുന്നു. അപ്പോള്‍ മക്കോക്കയാണ് ചുമത്തിയത്. ജീവിതത്തിലാദ്യമായി മക്കോക്ക എന്ന് പറഞ്ഞതുതന്നെ അവിടെവച്ചായിരിക്കും. എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. അതിനുശേഷം അതിനെക്കുറിച്ച് പഠിക്കുന്നു. ഗോപാല്‍കാന്ത് എന്നുപറയുന്ന ഒരു സാര്‍ ഉണ്ടായിരുന്നു. ദൈവതുല്യനായിരുന്നു. എന്നെ ഇത്രയധികം സഹായിച്ച വ്യക്തി ജീവിതത്തിലില്ല. അതുപോല ഫാ. ജോണ്‍ പുതുവാ. ജയിലില്‍വച്ച് അച്ഛന്റെയും ഗോപാല്‍കാന്ത് സാറിന്‍റെയുമെല്ലാം പ്രചോദനാത്മകമായ സംസാരമെല്ലാമാണ് ജയില്‍ജീവിതത്തെ അതിജീവിക്കാനുള്ള കാരണം.
ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് മല്‍സരമെടുത്താലും പലകാരണങ്ങളാല്‍ പലരും വിലക്കപ്പെട്ടിട്ടുണ്ട്. അവരില്‍ പലരും തിരിച്ചുവന്നിട്ടുണ്ട്. പക്ഷേ താങ്കള്‍ തിരിച്ചുവരുന്ന കാര്യത്തില്‍മാത്രം എന്തിനാണീ ആജീവനാന്തവിലക്ക് എന്ന് ആലോചിച്ചിട്ടുണ്ടോ?
അവര്‍ എത്ര വൈകിപ്പിച്ചാലും ഇപ്പോള്‍ നാല്‍പ്പതാം വയസ്സില്‍ കേസ് കഴിഞ്ഞാലും ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കും. അത് രണ്ടുവര്‍ഷമെങ്കില്‍ രണ്ടുവര്‍ഷം അല്ലെങ്കില്‍ ഒരുമാച്ചെങ്കില്‍ അത്. ബി.സി.സി.ഐയില്‍ എങ്ങനെയൊക്കെ വന്നാലും അവിടെയും നല്ല മനസ്സുള്ള ആളുകള്‍ ഉണ്ടാകും. അവര്‍ക്കെങ്കിലുംതോന്നി ഒരു ചാന്‍സ് കിട്ടുമെന്ന് പ്രതീക്ഷയുണ്ട്.
കേസിന്‍റെ സമയത്ത് പലരും താങ്കളില്‍നിന്ന് അകലംപാലിച്ചു. പക്ഷേ കേരളത്തില്‍നിന്ന് കെ.സി.ഐയുടെ പിന്തുണ താങ്കള്‍ ആഗ്രഹിച്ചപോലെയുണ്ടായോ ആ സമയത്ത്?
ഇന്നത്തെ അഭിമുഖങ്ങളിലെല്ലാം അവര്‍ പറയുന്നുണ്ട് ഉണ്ടായിരുന്നുവെന്ന്. അന്ന് എല്ലാവരുടെയും കൈകകള്‍ കെട്ടിയിരിക്കുകയായിരുന്നു. പിന്നെ നമ്മുടെ ഇലക്ഷനുമായിരുന്നു. പിന്നെ വളരെ നന്ദി പറയേണ്ട കുറച്ചുപേരുണ്ട്. ശശി തരൂര്‍ സാര്‍ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു ക്രിമിനല്ല. ആദ്യം തെറ്റ് തെളിയിക്കട്ടെ എന്നിട്ട് നിങ്ങള്‍ ക്രൂശിച്ചാല്‍മതിയെന്ന്. അതുപോലെ ആ സമയത്ത് ഒരുപാട് സഹായിച്ച ഒരാളാണ് പി.സി.ചാക്കോ സാര്‍. അതുപോലെ കെ.വി.തോമസ്് സാര്‍, ശ്രീലേഖാ മാഡം
തീഹാര്‍ ജയിലില്‍വച്ച് ഒരുകൊലപാതകശ്രമമുണ്ടായി എന്ന് പറയുന്നത് താങ്കളുടെ തോന്നലായിരുന്നോ അതോ ശരിക്കുമുണ്ടായോ?
കൊലപാതകശ്രമമാണോ അതൊ ഇനി എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണോ എന്നറിയില്ല. പക്ഷേ അതൊരു ദുഃഖകരമായ അനുഭവമാണ്. തീഹാര്‍ ജയിലിനെക്കുറിച്ച് പറയേണ്ട കാര്യമില്ല. പക്ഷേ അവിടുത്തെ ഒരു ജയിലര്‍ എനിക്ക് വളരെ സഹായകരമായിരുന്നു. അദ്ദേഹത്തിനൊരു ലാത്തിമാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അത്രയും കുറ്റവാളികള്‍ക്കിടയില്‍ എനിക്ക് പ്രത്യേകപരിഗണനയൊന്നും തരാന്‍ സാധിച്ചില്ല. പക്ഷേ അദ്ദേഹത്തെക്കൊണ്ട് പരമാവധി ശ്രമിച്ചു. പക്ഷേ മൂന്നാലുതവണ വളരെ മോശമായ രീതിയിലുള്ള പെരുമാറ്റം ജയിലില്‍നിന്നുണ്ടായി.