എം.ടി, ലോഹിതദാസ് എന്നിവരുടെ തിരക്കഥ, സിബി മലയിൽ ജോഷി പോലെയുള്ള സംവിധായകർ, അന്ന് അവരുടെയൊക്കെ സിനിമയുടെ ഭാഗമാകുമ്പോൾ അതിന്‍റെ മൂല്യം തിരിച്ചറിഞ്ഞിരുന്നോ?
തീര്‍ച്ചയായും, കാരണം ഞാൻ സിനിമയിലേക്ക് വന്നപ്പോൾ എന്താണ് സിനിമാ മേഖല എന്നതിനേപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. ഞാൻ മറ്റൊരു ലോകത്തായിരുന്നു. സിനിമ എന്ന മേഖല തന്നെ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള എന്‍റെ വരവ്. ഞാൻ സിനിമയിൽ പ്രവേശിച്ചതിനുശേഷം ഞാൻ അത് ഒരു കരിയറായിട്ടാണ് എടുത്തത്. എന്‍റേതായ തരത്തിൽ എന്ത് സിനിമയിൽ കൊണ്ടുവരാം എന്നാണ് ചിന്തിച്ചത്. അങ്ങനെ എനിക്ക് മനസ്സിലായി, എം.ടിയും സിബി മലയിലും ഒക്കെ എത്ര കഴിവുള്ളവരാണെന്ന്.
ഗൗതമിക്ക് ക്യാൻസർ രോഗം വന്നപ്പോൾ 'സുകൃതം' എന്ന സിനിമയിലെ മമ്മൂട്ടിയുടെ 'രവി' എന്ന കഥാപാത്രത്തിന്‍റെ ദുരന്തം ആലോചിച്ചോ, ഓർത്തോ ?
എനിക്ക് ക്യാൻസർ വന്നപ്പോൾ ഞാൻ ചിന്തിച്ചില്ല, ക്യാൻസർ വന്നല്ലോ, മരണം സംഭവിക്കുമോ എന്നൊന്നും. ഞാൻ ചിന്തിച്ചത് എന്ത് ക്യാൻസർ ആണ് എവിടെയാണ്, ഏത് സ്റ്റേജിലാണ്, ചികില്‍സ എന്താണ്, എന്നൊക്കെയാണ്. സിനിമയിലെ കഥാപാത്രവുമായി ജീവിതത്തെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. എന്‍റെ കുടുംബം മുഴുവൻ എന്നോടൊപ്പമുണ്ടായിരുന്നു. അഞ്ചുവയസ്സുമാത്രം ഉണ്ടായിരുന്ന മോൾ എനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ഞാൻ മോളോട് പറഞ്ഞിരുന്നു, എനിക്ക് ഇത്തരം രോഗമാണ്, ഓപ്പറേഷൻ നടക്കും കീമോതെറപ്പി ഉണ്ടാകും മുടിയെല്ലാം കൊഴിയും എന്നൊക്കെ. അതുപോലെതന്നെയായിരുന്നു എന്‍റെ കുടുംബവും. ഇതിനുശേഷം മറ്റുള്ളവരെ പ്രത്യേകിച്ച് സാധാരണക്കാരെ ബോധവൽക്കരിക്കാൻ ഒരു എൻ.ജി.ഒ. രൂപീകരിക്കുകയും ചെയ്തു. ഇതിലൂടെ എനിക്ക് ജനങ്ങളോട് പറയാൻ പറ്റി. നമ്മുടെ കാര്യങ്ങൾക്ക് നാം തന്നെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്ന്.
കമലഹാസനെയും ഗൗതമിയെയും ഒരേപോലെ സ്നേഹിച്ചവർക്ക് ഒരു സങ്കട വാർത്തയായിരുന്നു, നിങ്ങൾ തമ്മിലുള്ള ബന്ധം വേർപിരിഞ്ഞത്, രണ്ടുപേരിൽ ആർക്കെങ്കിലും അതിൽ വീണ്ടുവിചാരം ഉണ്ടായോ ?
ഒരുമാതിരിയുള്ള തീരുമാനങ്ങളെല്ലാം എടുക്കാൻ പ്രയാസമാണ്, പക്ഷേ ഞാൻ ആ തീരുമാനം എടുത്തു, കാരണം അതായിരുന്നു ആ സമയത്ത് എടുക്കേണ്ടിയിരുന്ന ശരിയായ നടപടി. വ്യക്തി ജീവിതത്തിൽ മാത്രമല്ല, പ്രഫഷനൽ ജീവിതത്തിലും എനിക്ക് എന്നോട് തന്നെ ഒത്തുതീർപ്പാക്കാൻ പറ്റില്ല.
സിനിമയിൽ ലിംഗവിവേചനം ഗൗതമിക്ക് അനുഭവപ്പെട്ടിട്ടുണ്ടോ ?
ഒരിക്കലുമില്ല, പലർക്കും പലതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എന്‍റെ ഒരു രീതി എന്നു പറയുന്നത് ബഹുമാനം നൽകുക, ബഹുമാനം കിട്ടുക എന്നതാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ എപ്പോഴും എനിക്ക് ബഹുമാനം നൽകിയിട്ടുണ്ട്. ചൂഷണവും വിവേചനവും ഇല്ലെന്ന് ഒരിക്കലും പറയാൻ പറ്റില്ല. ചൂഷണം എല്ലായിടത്തും നടക്കുന്നുണ്ട്.
പുതുതലമുറയിൽനിന്നും സിനിമാ രംഗത്തുള്ള സ്ത്രീകൾ വളരെ ശക്തമായിട്ട് നിരവധി കാര്യങ്ങൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇങ്ങനെ തുറന്നു പറയുന്ന ഒരു സംസ്കാരം നല്ലതാണെന്ന് തോന്നിയിട്ടില്ലേ ?
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നമ്മളെ ബാധിക്കുന്ന എന്തുകാര്യം വന്നാലും നമ്മൾ അതിനെതിരെ പരസ്യമായി പ്രതികരിക്കണം.
തിരുത്തൽ ശക്തിയായി മാറാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് മാറാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ടോ ? തമിഴ്നാട്ടിലൊക്കെയാണെങ്കിൽ ജയലളിതയ്ക്കെതിരെ നിൽക്കാൻ അവിടുത്തെ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ ?
ഞാൻ അങ്ങനെ കരുതുന്നില്ല, കാരണം മാധ്യമങ്ങള്‍ വളരെ ശക്തമാണ്, ജയലളിതയുടെ മരണത്തെത്തുടർന്ന്, ഞാൻ ചില സംശയങ്ങൾ ഉന്നയിച്ചപ്പോൾ അത്, മാധ്യമങ്ങൾ ഏറ്റുപിടിച്ചു. തമിഴ്നാടിനെപ്പോലെ ശക്തമായ ഒരു സംസ്ഥാനത്തെ ഭരണാധികാരി മരണപ്പെടുമ്പോൾ അതിന്റെ കാരണം ബോധിപ്പിക്കാൻ അധികാരികള്‍ക്ക് ബാധ്യതയുണ്ട്. ഇങ്ങനെ വിവരം ലഭ്യമാക്കത്തപ്പോഴാണ് സംശയങ്ങൾ ഉണ്ടാകുന്നത്.
ഇങ്ങനെയൊരു വിഷയം ഉന്നയിക്കുന്നതിന് പിന്നിൽ ഗൗതമിയുടെ രാഷ്ട്രീയം ഒരു പങ്ക് വഹിച്ചിട്ടുണ്ടോ ? ബി.ജെ.പിയോടുള്ള ഒരു ചായ്‌വ് ഗൗതമി പ്രകടിപ്പിച്ചിട്ടുണ്ട് ?
കുറെനാളുകൾക്ക് മുൻപ് അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് എൻ.ഡി.എയ്ക്കുവേണ്ടി ഞാൻ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. പിന്നീട് പ്രധാനമന്ത്രിയെന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അതുതന്നെയായിരുന്നു ശരിയായ തീരുമാനം എന്ന്.
ജയലളിതയുടെ വിടവ് രജനീകാന്തിന് നികത്താൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ?
'രജനി' എന്നത് ഒരു വലിയ പ്രസ്ഥാനമാണ്, വ്യക്തിയാണ്, കുറെനാളുകളായിട്ട്. അദ്ദേഹം എന്തുപറഞ്ഞാലും അത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനി രാഷ്ട്രീയത്തിൽ പ്രവേശിക്കാന്‍ രജനികാന്ത് തീരുമാനിക്കുകയാണെങ്കിൽ, തീരുമാനങ്ങളും മറ്റും പ്രഖ്യാപിക്കുകയാണെങ്കിൽ അത് ആ നിമിഷം അറിയേണ്ട കാര്യമാണ്. ഇപ്പോൾ ഇത് വെറും ഊഹാപോഹം മാത്രമാണ്. ജയലളിതയും രജനികാന്തും വ്യത്യസ്ത തരത്തിലുള്ള ആൾക്കാരാണ്.