ശ്രീശാന്തിനെതിരായ വിമര്‍ശനങ്ങള്‍ (ഒന്ന്) താങ്കള്‍ ലക്ഷ്യമുള്ളയാളല്ല, (രണ്ട്) താങ്കള്‍ കളിക്കളത്തിലും പുറത്തും കാണിക്കുന്ന അമിത ആക്രമണോല്‍സുക സ്വഭാവം. താങ്കള്‍ എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത് ?
ഞാന്‍ സര്‍ജറി കഴിഞ്ഞ് വീല്‍ച്ചെയറില്‍ ഇരിക്കുമ്പോഴാണ്, ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്കുമുന്‍പ് 2012ല്‍ യു ട്യൂബിലും മറ്റും വിഡിയോകള്‍ കാണുമ്പോഴൊക്കെ ഞാന്‍ ആലോചിക്കും ഞാന്‍ എന്താണ് അങ്ങനെ പറയാന്‍ കാരണം എന്നൊക്കെ, ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നത് വാശി വാശി എന്നാണ്. എനിക്ക് വഴികാട്ടിയായി ആരും ഉണ്ടായിരുന്നില്ല. എന്റെ ഗുരുക്കന്‍മാരായി ഞാന്‍ കണ്ട അലന്‍ ഡൊണാള്‍ഡൊക്കെ ആക്രമണോല്‍സുകമായി കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞാന്‍ ചിന്തിച്ചത് അവരെപ്പോലെയാകണം എങ്കിലെ വിക്കറ്റ് കിട്ടുകയുള്ളൂ എന്ന തോന്നലാണ് ഉണ്ടായിരുന്നത്.
ഫോക്കസ് ഇല്ലായിരുന്നു എന്നുപറയുന്നതിനോട് എനിക്ക് യോജിപ്പില്ല, പക്ഷേ ഞാന്‍ സമ്മതിച്ചുതരുന്ന മറ്റൊരു കാര്യം ഞാന്‍ ജാഗ്രതക്കുറവ് വളരെയേറെയുള്ള ആളായിരുന്നു. നന്നായി പെർഫോം ചെയ്താല്‍ മാത്രം മതി. എനിക്ക് ആരുടെയും സഹായം വേണ്ട, എന്നൊരു സ്വഭാവമായിരുന്നു. ആ സ്വഭാവം ഞാന്‍ മാറ്റി.
ബി.ജെ.പി. സ്ഥാനാര്‍ഥിയായിട്ട് മല്‍സരിച്ചയാളാണ് ശ്രീശാന്ത്. ഇപ്പോഴും ഒരു ബി.ജെ.പിക്കാരനായിട്ടാണ് താങ്കളെ മറ്റുള്ളവര്‍ കാണുന്നത്. കേസില്‍നിന്ന് വിമുക്തനാവുമ്പോഴും അത് പ്രതിഫലിക്കുന്നുണ്ടാകും ?
കേസിനെപ്പറ്റിയുള്ള കാര്യങ്ങള്‍ മാറിയിട്ട് രണ്ടുദിവസമായി. എന്നാല്‍ ഇതുവരെ കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് നല്ല പ്രതികരണങ്ങള്‍ ഉണ്ടായി. അമിത് ഷാ വരെ ഇക്കാര്യത്തില്‍ നല്ലത് എന്ന് പറഞ്ഞ് സന്ദേശമയയ്ക്കുകയുണ്ടായി. പാര്‍ട്ടി എന്നുവച്ചുനോക്കുമ്പോള്‍ ഞാന്‍ ഒരു ബി.ജെ.പിക്കാരനാണ്. രണ്ട് ലോകകപ്പ് ജയിച്ചിട്ടും ഇത്രയും പ്രശസ്തിയില്‍നിന്നിട്ടും എന്നെ സഹായിക്കാന്‍ ആരും വന്നില്ല. എനിക്ക് വന്ന അവസ്ഥ വേറെയാര്‍ക്കും വരരുത്, മാത്രമല്ല കേന്ദ്രസര്‍ക്കാരില്‍നിന്നുതന്നെ ഇത്ര നല്ല ഓഫര്‍ വരുമ്പോള്‍ കമ്യൂണിസ്റ്റുകാരോ കോണ്‍ഗ്രസുകാരോ എന്നോട് ചോദിച്ചിരുന്നില്ല, അസംബ്ലി ഇലക്ഷനില്‍ മല്‍സരിക്കുന്നുണ്ടോയെന്ന്. എനിക്ക് അങ്ങനെ പ്രത്യേക പാര്‍ട്ടി എന്ന് പറയാന്‍ പറ്റില്ല, കാരണം വീട്ടില്‍ അച്ഛന്‍ കമ്യൂണിസ്റ്റും അമ്മ കോണ്‍ഗ്രസുമാണ്, എന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നെ സഹായിച്ചവരില്‍ പല പല പാര്‍ട്ടികളില്‍നിന്നുള്ളവരുണ്ട്.
ബി.ജെ.പി. സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള വാഗ്ദാനം സ്വീകരിച്ചത് അബദ്ധമായി എന്ന് തോന്നുന്നുണ്ടോ ?
എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല, എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. മാത്രമല്ല, പ്രധാനമന്ത്രിയുടെ കൈയ്യില്‍നിന്നാണ് എനിക്ക് ആ സീറ്റ് കിട്ടുന്നത്. അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍വച്ചാണ് എനിക്ക് പാര്‍ട്ടി അംഗത്വം തരുകയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിലൊക്കെ ഒരു മലയാളി എന്ന കാര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. കാരണം ഒരു പാര്‍ട്ടി എന്ന നിലയിലല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണാന്‍ പറ്റുകയും അദ്ദേഹത്തിന്‍റെ ബഹുമാനം കിട്ടുകയും ചെയ്യുക എന്നൊക്കെ പറയുന്നത് ഒരു അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്.
താങ്കളെ ഒരു ക്രിക്കറ്ററായിട്ട് തന്നെ കാണണം എന്നാണ് പറയുന്നത് അല്ലേ ?
അതേ, ഞാന്‍ ഒരു ക്രിക്കറ്ററാണ്, ദയവുചെയ്ത് ഒരു സിനിമാ നടനോ രാഷ്ട്രീയക്കാരനോ ആയിട്ട് കാണരുത്. ദൈവനുഗ്രഹത്താല്‍ ഇനി ഒരു ആറോ അല്ലെങ്കില്‍ എട്ടോ വര്‍ഷം ക്രിക്കറ്റ് കളിക്കണം. മാത്രമല്ല രണ്ട് മൂന്ന് നിക്ഷേപകര്‍ വന്നിട്ടുണ്ട്, ഉടന്‍ തന്നെ 'ശ്രീശാന്ത് ക്രിക്കറ്റ് അക്കാദമി' കൊച്ചിയില്‍ ആരംഭിക്കണം. ഞാന്‍ അദ്യമായിട്ടാണ് ഇക്കാര്യം ഒരു മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. ഈ സംരംഭത്തിന് എനിക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. അതുകൊണ്ടുതന്നെ എനിക്ക് പറയാനുള്ളത് എന്നെയൊരു പാര്‍ട്ടിക്കാരനായി മുദ്ര കുത്തരുത് എന്നാണ്.
താങ്കളുടെ വിഷമസമയത്ത് കൂടെനിന്ന ഒരു പാര്‍ട്ടിക്കൊപ്പം നിന്നു, അത്രേയുള്ളു താങ്കളുടെ ബി.ജെ.പി. വിശ്വാസം, എന്നാണോ ?
അങ്ങനെ പറയരുത്, എനിക്ക് ബി.ജെ.പിയില്‍ നല്ല വിശ്വാസമാണ്, മാത്രമല്ല വളരെ നന്ദിയുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബി.ജെ.പി, അതില്‍ അംഗമാകാന്‍ കഴിഞ്ഞു. അവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായിട്ട് തുടരുകയും െചയ്യും.
ഞാന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നു എന്നറിഞ്ഞിട്ട് നിരവധിപ്പേര്‍ വിളിച്ചു, എന്തിനാണ് ബി.ജെ.പിയില്‍ ചേരുന്നത് എന്ന് ചോദിച്ച്. വളരെക്കാലം മുന്‍പ് എന്‍റെ അമ്മാവന്‍ എന്നെ 'സംഘ'ത്തില്‍ ചേര്‍ത്തതാണ്.
ദിലീപ് ജയിലിലായപ്പോള്‍ താങ്കള്‍ക്ക് വിഷമം തോന്നി, അതു പറയുകയും ചെയ്തു, ഇപ്പോഴും ആ വികാരം നിലനില്‍ക്കുന്നുണ്ടോ ?
തെളിയിക്കപ്പെടാതെ ഞാന്‍ ആരെയും എതിര് പറയില്ല, എന്റെ അനുഭവവും വച്ചുനോക്കുമ്പോള്‍ ദിലീപിന്‍റെ കുടുംബം അനുഭവിക്കുന്ന വേദന എനിക്കറിയാം. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഈ കേസ് തെളിയുന്നതുവരെ ഇങ്ങനെ ക്രൂശിക്കുന്നത് തെറ്റാണ്, അത് ഞാനിപ്പോഴും പറയുന്നു. എല്ലാവരും തെളിവുണ്ട് തെളിവുണ്ട് എന്ന് പറയുന്നു, പൊലീസും ഇപ്പോഴും അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായി ഈ കേസ് തെളിയുന്നതുവരെ ഞാന്‍ ആരെയും തള്ളിപ്പറയില്ല.
ഇപ്പോള്‍ 34 വയസ്സുള്ള ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വളരെ പ്രയാസമുള്ള കാര്യമാണെന്ന് സമ്മതിക്കില്ലേ ?
ആ അഭിപ്രായത്തോട് എനിക്ക് സമ്മതിക്കാന്‍ പറ്റില്ല, എന്റെ ജീവിതത്തില്‍ ഇന്നുവരെ സംഭവിക്കാന്‍ സാധ്യതയില്ലാതിരുന്ന കാര്യങ്ങളാണ് നടന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കറെ കാണണം എന്നു കരുതിയിരുന്ന എനിക്ക്, സച്ചിനെ കണ്ടപ്പോള്‍ ബോള്‍ ചെയ്യണം എന്നായി, തെന്‍ഡുല്‍ക്കര്‍ക്ക് ബോള്‍ചെയ്തപ്പോള്‍ എന്നെ മാറ്റിനിര്‍ത്തി, കൊച്ചി സ്റ്റേഡിയത്തില്‍വച്ച്, വേഗം പോരെന്ന് പറഞ്ഞായിരുന്നു മാറ്റിനിര്‍ത്തിയത്. പിന്നെ എറിയാം എന്നുപറയുന്നു. അങ്ങനെ മാറ്റിയിരുത്തപ്പെട്ട ഞാന്‍ കരഞ്ഞുകൊണ്ട് പ്രര്‍ഥിച്ചത് 'ദൈവമെ എന്നെങ്കിലും എനിക്ക് ഇദ്ദേഹത്തെ ഔട്ടാക്കാന്‍ പറ്റണേ എന്നാണ്. അങ്ങനെ ബോംബെ-കേരള മാച്ചില്‍ ഞാന്‍ തെന്‍ഡുല്‍ക്കറെ ഔട്ടാക്കുന്നു. അദ്ദേഹം ഉള്‍പ്പെടെ കളിച്ച ചലഞ്ചര്‍ ട്രോഫിയില്‍ എനിക്ക് 'മാന്‍ ഓഫ് ദി സീരിസ്' കിട്ടുന്നു. രണ്ട് ലോകകപ്പുകള്‍ കിട്ടുന്നു, ഒന്നാംനമ്പര്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ പറ്റുന്നു.
ധോണി ഉള്‍പ്പെെട ശ്രീശാന്ത് ഇനി കളിക്കില്ലെന്ന് പറയുമ്പോള്‍ അതുതന്നെ ഒരു പ്രചോദനമായി എടുത്തുകൊണ്ട് ഞാന്‍ പറയുകയാണ് തിരിച്ചുവരവ് നടത്തും.
ആശിഷ് നെഹ്റ 37ാം വയസ്സില്‍ തിരിച്ചുവന്നിട്ടുണ്ട് ഇന്ത്യന്‍ ടീമിലേക്ക്, എങ്കിലും ബി.സി.സി.ഐ. വിലക്ക് കല്‍പ്പിച്ച ആരും ഇതുവരെ ടീമില്‍ മടങ്ങിയെത്തിയിട്ടില്ല ?
അതുതന്നെയാണ് എന്റെ പ്രചോദനം. എല്ലാവരുടെയും വഴി പോകാതെ നമ്മുടെ സ്വന്തം പാരമ്പര്യം രചിക്കണം. ബി.സി.സി.ഐയുമായി ആരും ഇതുവരെ ഏറ്റുമുട്ടല്‍ നടത്തിയിട്ടില്ല, ഞാനാണ് ആദ്യത്തെ വ്യക്തി. ദൈവാനുഗ്രഹം കൊണ്ട് ഒന്നു രണ്ടു വാതിലുകള്‍ തുറന്നു. എനിക്ക് ഈ ഫീല്‍ഡിലേക്ക് വന്നേ പറ്റുകയുള്ളു