തമിഴ്നാട് പൊലീസിന്റെ വിലക്ക് മറികടന്നും , തിരുവനന്തപുരം പാറശാലയിലെ നിക്ഷേപതട്ടിപ്പിനെതിരായ സമരം തുടരാൻ നിക്ഷേപകരുടെ തീരുമാനം. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ റിലേ സത്യഗ്രഹം കേരളത്തിന്റെ അതിർത്തിയിലേക്ക് മാറ്റി. അതേസമയം സ്ത്രീകളടക്കം എഴുപത് പേർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു.
പതിനാലായിരത്തിലേറെ നിക്ഷേപകരിൽ നിന്നായി അറുന്നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ നിർമൽ കൃഷ്ണ ബാങ്കുടമ കെ.നിർമലനെയടക്കം പിടികൂടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമരം തുടങ്ങിയിട്ട് ഒരുമാസമാകുന്നു. പ്രതികളെ പിടിച്ചില്ലെന്ന് മാത്രമല്ല സമരം വിലക്കുന്ന തരം നിലപാടാണ് തമിഴ്നാട് പൊലീസ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ പൊതുയോഗവും പ്രകടനവും വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് വകവയ്ക്കാതെ സമരം തുടരാനാണ് നിക്ഷേപകരുടെ തീരുമാനം. അതിനായി തമിഴ്നാട് പൊലീസിന്റെ പരിധിയിൽ നിന്ന് കേരള പൊലീസിന്റെ അതിർത്തിയിലേക്ക് റിലേ സത്യഗ്രഹസമരവേദി മാറ്റി.
അതേസമയം സമരത്തിന് നേതൃത്വം നൽകുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികളടക്കം കണ്ടാലറിയാവുന്ന ഏഴുപത് പേർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. ബാങ്കുടമ കെ.നിർമലന്റെ വീടാക്രമിച്ചതിനാണ് കേസ്. സമരത്തിന് വിലക്കും സമരക്കാർക്കെതിരെ കേസുമായതോടെ തമിഴ്നാട് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന നിലപാടിലാണ് നിക്ഷേപകർ.