രവിവർമ്മ ചിത്രങ്ങൾ നൃത്തച്ചുവടുകളോടെ അരങ്ങിലെത്തിയപ്പോൾ കൊച്ചി ദർബാർ ഹാൾ വേദി ക്യാൻവാസുപോലെ മനോഹരമായി. കൊച്ചിയിൽ വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽസംഘടിപ്പിച്ച കലാസന്ധ്യയിലാണ് രവിവർമ്മ ചിത്രങ്ങളുടെ നൃത്താവിഷ്കാരം അരങ്ങേറിയത്.
രാജാരവിവർമയുടെ ഗ്യാലക്സി ഓഫ് മ്യുസീഷ്യൻസ് എന്ന ചിത്രത്തിലെ സ്ത്രീകൾ കൊച്ചി ദർബാർ ഹാളിൻറെ വേദിയിലേക്ക് ചിലങ്കയിട്ട് ചുവടുവച്ചെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സംഗീതജ്ഞകളായ സ്ത്രീകളെ പ്രമേയമാക്കി രാജാരവിവർമ വരച്ച ഗ്യാലക്സി ഓഫ് മ്യുസീഷ്യൻസ് ആധാരമാക്കിയ നൃത്തശില്പമാണ് കൊച്ചി നഗരത്തിൻറെ വിഷു, ഈസ്റ്റർ ആഘോഷങ്ങളെ മികവുറ്റതാക്കിയത്.
ക്യാൻവാസിൽ നിറങ്ങൾ നിറച്ച് ഓരോരുത്തരെയും വരച്ചെടുക്കുന്ന രവിവർമയുടെ മനസിനെ പ്രതിനിധീകരിച്ച് കഥകളിയുമെത്തി. കലാമണ്ഡലത്തിെല കലാകാരൻമാർ അവതരിപ്പിച്ച മിഴാവ് തായമ്പകയും ഹൃദ്യമായ അനുഭവമായി.
നാനാത്വത്തിൽ ഏകത്വം എന്ന് പേരിട്ട കലാസന്ധ്യയുടെ സംവിധായകൻ പ്രമോദ് പയ്യന്നൂരായിരുന്നു. ഭാരത് ഭവൻറെ സഹകരണത്തോടെയായിരുന്നു എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആഘോഷം സംഘടിപ്പിച്ചത്.