മികച്ച പ്രകടനങ്ങളുടെ പകിട്ടില്ലാതെ കാസര്‍കോട് ജില്ലാ സ്കൂള്‍ കായികമേള. സ്കൂളുകളിലെ പരിശീലന സൗകര്യങ്ങളുടെ പോരായ്മ മൽസരാർഥികളുടെ പ്രകടനത്തെ സാരമായി ബാധിച്ചു.
ഏഴ് വിദ്യഭ്യാസ ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. മുഴുവൻ സമയ പരിശീലകന്റെ സേവനം ഇല്ലാതെയാണ് മിക്ക സ്കൂളുകളും സംസ്ഥാനമേളയ്ക്ക് മുന്നോടിയായുള്ള പോരാട്ടത്തിനിറങ്ങിയത്. പരിശിലനത്തിലെ പോരായ്മ മൽസരങ്ങളുടെ നിലവാരത്തെ ബാധിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ജില്ലയുടെ കായിക്കുതിപ്പിന് തടസമാകുന്നത്. കൃത്യമായ പരിശീലന സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ കനിയണം.
സംഘാടനത്തിലെ താളപ്പിഴയും മേളയുടെ ശോഭ കെടുത്തി. മത്സരങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. ഹർഡിൽസ് മത്സരങ്ങൾക്ക് മൽസരാരർഥികളുടെ എണ്ണത്തിന് ആനുസരിച്ച് ഹർഡിൽ ലഭിക്കാതിരുന്നതോടെ രണ്ടു ട്രാക്കിൽ മാത്രമായി മത്സരം ചുരുക്കി.