കരിപ്പൂർ വിമാനത്താവളത്തിന് സമീപം ഭൂസർവേക്ക് എത്തിയ സംഘത്തെ സമരസമിതി തടഞ്ഞ് മടക്കി അയച്ചു. കൊണ്ടോട്ടി നഗരസഭയുടെ മാസ്റ്റർപ്ലാൻ തയാറാക്കാനാണ് എത്തിയതെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിൻമാറാൻ സമരസമിതി തയാറായില്ല.
കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുളള സർവേ നടപടികള്‍ പ്രതീക്ഷിച്ച് കാത്തിരുന്ന സമരസമിതിക്ക് മുന്നിലേക്കാണ് നഗരസഭക്ക് വേണ്ടിയുളള മാസ്റ്റർപ്ലാൻ സർവേ സംഘമെത്തിയത്. സമരസമിതിക്കാര്‍ സർവേ സംഘത്തിന്റെ വാഹനം തടഞ്ഞു. രേഖകൾ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോൾ വിമാനത്താവളത്തിന്റേയും പരിസരത്തെ ഭൂമിയുടേയും രേഖാചിത്രങ്ങൾ കണ്ടെത്തി. ഇതോടെ സർവേസംഘത്തെ തടഞ്ഞു വച്ച് സമരക്കാർ പ്രതിഷേധിച്ചു.
നഗരസഭയുടെ മാസ്റ്റർപ്ലാൻ തയാറാക്കുന്നവരെന്ന് സൂചിപ്പിക്കാനുളള രേഖകളൊന്നും സംഘത്തിന്റെ കൈവശമുണ്ടായിരുന്നില്ല. നഗരസഭയുടേയും കൗൺസിലറുടേയും അനുമതിയോടെ മാത്രമേ സർവേ പുനരാരംഭിക്കു എന്ന ഉറപ്പിലാണ് സംഘത്തെ മടക്കി അയച്ചത്.