നരഹത്യയ്ക്കു കൂട്ടുനിൽക്കുന്ന പിണറായി സർക്കാരിനെ പിരിച്ചുവിട്ടു കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെല്ലാം ഈ ആവശ്യവുമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ചു സംഘപരിവാർ സംഘടനകൾ കേരള ഹൗസിനു സമീപം സംഘടിപ്പിച്ച ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരായ അക്രമം അവസാനിപ്പിക്കാൻ കേരള സർക്കാർ തയാറായില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നു ഹൊസബൊല മുന്നറിയിപ്പു നൽകി. ഇടതുപക്ഷത്തിന്റെ നരനായാട്ടിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും ദലിതരായിട്ടും സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ, പട്ടികജാതി പട്ടികവർഗ കമ്മിഷനുകളുടെയും കണ്ണു തുറക്കുന്നില്ലെന്നു ഹൊസബൊല കുറ്റപ്പെടത്തി. മാധ്യമങ്ങളും അക്രമങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് സഹ പ്രചാർ പ്രമുഖ് ജെ.നന്ദകുമാർ, ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി എംപി, മീനാക്ഷി ലേഖി എംപി, വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരള സർക്കാരിനെ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സംഘപരിവാർ നേതാക്കൾ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസ് രാജ് അഹിറിനു സമർപ്പിച്ചു.