ഇന്ത്യൻ മഹാസമുദ്രത്തിൽ 44 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഒരു പവിഴപ്പുറ്റ് ദ്വീപിലാണ് ഇപ്പോൾ മൽസ്യത്തൊഴിലാളികളുടെ സ്വപ്നം മേയുന്നത്. ഒട്ടേറെ ചെറുദ്വീപുകൾ ഉൾക്കൊള്ളുന്ന ഷാഗോസ് ആർച്ചിപെലാഗോ മേഖലയിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർഷ്യയിൽ.
ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ദ്വീപിലെ അമേരിക്കൻ നാവിക സേനാ താവളത്തിനു ചുറ്റും നിറഞ്ഞുനിൽക്കുന്നത് ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളികളുടെ കിനാക്കൾ തന്നെയാണ്. ചൂരയും സ്രാവും കൊഞ്ചും ഉൾപ്പെടുന്ന ഏറ്റവും വിശിഷ്ടമായ സമുദ്ര വിഭവം തേടിയാണു രണ്ടായിരം കിലോമീറ്ററുകൾക്കപ്പുറത്തേക്ക് അവർ ജീവൻ പണയം വച്ചു സഞ്ചരിക്കുന്നത്. പിടിക്കപ്പെട്ടാൽ രക്ഷപ്പെടൽ എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണു മൽസ്യഖനി തേടിയുള്ള അവരുടെ യാത്ര.
∙ ഡീഗോ ഗാർഷ്യ എന്ന സ്വപ്നദ്വീപ്
കന്യാകുമാരി മുനമ്പിൽനിന്നു രണ്ടായിരം കിലോമീറ്ററിലേറെ ദൂരമുണ്ട് ദ്വീപിലേക്ക്. 1790–കളിൽ ഫ്രഞ്ച് ആധിപത്യത്തിനു കീഴിലായിരുന്നു ഈ സ്ഥലം. നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങൾക്കൊടുവിൽ ഇതു ബ്രിട്ടന്റെ കീഴിലായി. ആദ്യകാലത്തു മൊറീഷ്യസിലെ ബ്രിട്ടിഷ് കോളനികളുടെ ഭാഗമായിരുന്നു ഡീഗോ ഗാർഷ്യയും. 1965ൽ ആണു ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി(ബിഐഒടി) രൂപീകരിച്ചത്.1968 മുതലുള്ള കാലത്ത് ഈ ദ്വീപുകളിലെ ആളുകളെ മൊറീഷ്യസ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കു മാറ്റി.
ദ്വീപുവാസികളെ ഒഴിപ്പിക്കാൻവേണ്ടി ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളും സംഭവിച്ചു. ഇതിനുശേഷമാണ് അമേരിക്കൻ നാവികസേനയുടെ കേന്ദ്രങ്ങളിലൊന്ന് ഇവിടെ ആരംഭിച്ചത്. ഇന്നു ബിഐഒടിയുടെ കീഴിൽ ആൾത്താമസമുള്ള ഒരേയൊരു ദ്വീപാണു ഡീഗോ ഗാർഷ്യ. ജനസംഖ്യ 4200.
ബ്രിട്ടിഷ് നാവികസേനാ ഉദ്യോഗസ്ഥരും യുഎസ് മിലിട്ടറി സ്റ്റേഷനിലെ ആളുകളും അവരുടെ ജോലിക്കാരും മാത്രം. അമേരിക്കയുടെ ഏറെ പ്രധാനപ്പെട്ട സൈനിക കേന്ദ്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇക്കാരണത്താലും പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശമായതിനാലുമാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
∙ യുദ്ധസന്നാഹം
ഒരു മാസത്തോളം നീളുന്നതാണ് ഡീഗോ ഗാർഷ്യയിലെ മൽസ്യബന്ധനത്തിനുള്ള യാത്ര. വിഴിഞ്ഞം, കന്യാകുമാരി തീരത്തുനിന്നു കൊച്ചി വഴി എത്തിച്ചേരാൻ ഏഴു മുതൽ ഒൻപതുവരെ ദിവസം വരെയെടുക്കും. ഒരു ദിവസത്തേക്കു 300 ലീറ്റർ എന്ന കണക്കിൽ 9000 ലീറ്ററോളം ഡീസൽ ആവശ്യം.
അതിനു മാത്രം ആറര ലക്ഷം രൂപ. രണ്ടു ലക്ഷം രൂപയുടെ ഐസ്, ഒരു മാസത്തേക്കുള്ള ഭക്ഷണം, വെള്ളം. 20 മുതൽ 25 അടിവരെ നീളമുള്ള ബോട്ടിൽ സ്റ്റോർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. പോയിവരുമ്പോൾ ചെലവ് പത്തു ലക്ഷത്തോളം. ഒറ്റ യാത്രയിൽ പത്തുലക്ഷം മുതൽ 25 ലക്ഷം രൂപയുടെ മൽസ്യം ലഭിക്കും. ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വരെ ലാഭമുണ്ടാക്കാം എന്ന മോഹം തന്നെയാണ് ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നതും.
∙ ബ്രിട്ടന്റെ മുന്നറിയിപ്പ് പലവട്ടം
ദ്വീപിലേക്കു കടന്നുകയറി ഇന്ത്യക്കാർ നടത്തുന്ന മൽസ്യബന്ധനം നയതന്ത്ര പ്രശ്നമായി കണക്കാക്കുമെന്നു ബ്രിട്ടൻ പലവട്ടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾ മൽസ്യത്തൊഴിലാളികളെ നിയന്ത്രിക്കണമെന്നും മൽസ്യബന്ധന മേഖലയിൽ വ്യാപക ബോധവൽക്കരണം നടത്തണമെന്നും നിർദേശമുണ്ട്.
ഇവിടേക്കു കടന്നുകയറുന്നവരെ കണ്ടാൽ ഉടൻ വെടിവയ്ക്കാൻ നിർദേശമുണ്ട്. മൽസ്യത്തൊഴിലാളികളാണെന്നു തിരിച്ചറിയുന്നതുകൊണ്ടു മാത്രമാണ് അത്തരം അപകടങ്ങൾ ഉണ്ടാകാത്തതെന്നും എപ്പോഴും അത് ഉറപ്പുവരുത്താനാവില്ലെന്നും ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്. പക്ഷേ, മൽസ്യഖനിയിലേക്കുള്ള ലക്ഷ്യം ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിക്കുന്നു.
∙ സാഹസികതയുടെ അവസാന വാക്ക്
ലോകത്തെ തന്നെ ഏറ്റവും സാഹസികരായ മീൻപിടിത്തക്കാരാണു ഡീഗോ ഗാർഷ്യയെ ലക്ഷ്യം വയ്ക്കുന്നത്. ഒരു മാസത്തോളം കടലിൽ ചെലവഴിച്ച് ചൂരയും സ്രാവും ചൂണ്ടയിൽ കൊരുത്തെടുക്കുന്നു അവർ. ജീവൻ കയ്യിൽപ്പിടിച്ചാണ് ഓരോ നിമിഷവും അവർ കടലിൽ ചെലവഴിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ അമിതമായ ചൂഷണം മൂലം മൽസ്യസമ്പത്തു കുറഞ്ഞതും മറ്റു സാധ്യതകൾ തേടാൻ മൽസ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുന്നു. ചിലർ പരീക്ഷണങ്ങളെ അതിജീവിച്ചു സമ്പന്നരായി തിരിച്ചെത്തും. ചിലർ സേനയുടെ പിടിയിലായി ലക്ഷങ്ങൾ പിഴ നൽകി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാവും.
ട്യൂണയുടെ അക്ഷയ ഖനി
രാജ്യാന്തര വിപണിയിൽ വലിയ വിലകിട്ടുന്ന ട്യൂണ (ചൂര) യുടെ വൻ ശേഖരമാണ് ഇൗ കടലിൽ. സ്രാവ് ഉൾപ്പെടെയുള്ള മൽസ്യങ്ങളും ധാരാളം. സ്രാവ്, ചുവന്ന ചെമ്മീൻ എന്നിവയും സമൃദ്ധം.