പ്രകൃതിഭംഗി നിറച്ച് പത്തനംതിട്ട മണ്ണീറ വെള്ളച്ചാട്ടം.വനാതിർത്തിയിലെ മനോഹാരിത ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണെത്തുന്നത്. അപകടസാധ്യത കാര്യമായി കുറഞ്ഞ ഇടമെന്നതിനൊപ്പം വേനലിലും വറ്റാത്ത ഉറവയുമാണ് മണ്ണീറയുടെ പ്രത്യേകത. മണ്ണീറ ഒരു വലിയ വെള്ളച്ചാട്ടമല്ല. ചെറുതെങ്കിലും മനസ് കുളിർപ്പിക്കുന്നതാണ്. വേരുകൾ തഴുകിയൊഴുകുന്ന വനത്തിലെ കൊച്ചു കൊച്ചു നീരുറവകൾ കൂടിച്ചേർന്ന് മണ്ണീറയിലെത്തുമ്പോൾ വെള്ളച്ചാട്ടമാകും.
അടവിയിലെ കുട്ടവഞ്ചി സവാരിയ്ക്കു ശേഷം ഒന്നരക്കിലോമീറ്റർ യാത്ര ചെയ്താൽ മണ്ണീറയിലെത്താം. വേനൽക്കാലത്തും ഒഴുക്കുനിലയ്ക്കാത്തതാണ് സവിശേഷത. അപകടസാധ്യത കുറവായതിനാലാണ് സ്ത്രീകളെയും കുട്ടികളെയും ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നത്. വലിയ കയങ്ങളോ വഴുക്കൽ നിറഞ്ഞ പാറക്കൂട്ടങ്ങളോ മണ്ണീറയിലില്ല. വനാതിർത്തിയിലുള്ള മണ്ണീറ വെള്ളച്ചാട്ടത്തിന്റെ നിയന്ത്രണം വനംവകുപ്പ് ഏറ്റെടുത്തിട്ടില്ല. പഞ്ചായത്ത് ചില പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഫലപ്രദമായില്ല. അടിസ്ഥാനസൗകര്യം ഉറപ്പാക്കാനായാൽ മണ്ണീറയിലേയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.