കാസർകോട് ജില്ലയിൽ അധികമാരും അറിയാത്ത ഒരു മനോഹര വെള്ളച്ചാട്ടമുണ്ട്. കേരള-കർണാടക അതിർത്തിയിലെ കംപം വെള്ളച്ചാട്ടം. കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമമാണ് ധർമ്മത്തടുക്ക. മൊട്ടക്കുന്നുകൾ നിറഞ്ഞ മനോഹരമായ പ്രദേശം. എപ്പോഴും വീശുന്ന കാറ്റ് സഞ്ചാരികളെ തണുപ്പിക്കുന്നു. കുന്നിന് മുകളിൽ നിന്നാൽ കർണാടകയിലെ ബള്ളൂർ അടക്കമുള്ള കാർഷിക ഗ്രാമങ്ങൾ അങ്ങ് ദൂരെ കാണാം. ഇവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് കംപം വെള്ളച്ചാട്ടത്തിലേയ്ക്ക്. കാട്ടുവഴികളിലൂടെ യാത്ര.
അരകിലോമീറ്റർ പിന്നിടുമ്പോഴെ വെള്ളച്ചാട്ടത്തിന്റെ ഇരമ്പം കേൾക്കാം. മലമുകളിൽ നിന്നെത്തുന്ന അധികം വലുപ്പമില്ലാത്ത ഒരു നീർച്ചാലാണ് കംപം വെളളച്ചാട്ടമായി മാറുന്നത്. തട്ടുതട്ടായുള്ള പാറക്കെട്ടിലൂടെയാണ് വെള്ളം താഴേയ്ക്ക് പതിക്കുന്നത്. തിമിർത്തുപെയ്ത മഴ ഒഴുക്കിന് കൂടുതൽ ശക്തി നൽകി.
സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് വിനോദസഞ്ചാരികൾ ഇവിടേയ്ക്ക് എത്തുന്നത്. കൂടുതലും യുവാക്കൾ. ഞയറാഴ്ചയും, മറ്റ് അവധിദിനങ്ങളിലും സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്നു. മഞ്ചേശ്വരത്ത് നിന്നെത്തിയ യുവാക്കളുടെ ഒരു സംഘം പുതുവെള്ളത്തിന്റെ തണുപ്പ് ശരിക്കും ആസ്വദിക്കുകയാണ്.
പാറക്കെട്ടുകളിലൂടെ ആർത്തലച്ചെത്തുന്ന വെള്ളം ഷിറിയ പുഴയിലേയ്ക്കാണ് ചേരുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ടൂറിസം വകുപ്പ് ഈ മേഖലയിലേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് വ്യക്തം.