ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികൾക്കും തൊഴിൽ കരാർ നിർബന്ധമാക്കുന്ന കരട് നിയമം മന്ത്രിസഭ അംഗീകരിച്ചു. സ്‌പോണ്‍സറുടേയും ഗാർഹിക തൊഴിലാളിയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കുന്നതാണ് പുതിയ നിയമം. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരടു നിയമത്തിന് അംഗീകാരം നൽകിയത്.
തൊഴിൽ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടാതിരുന്ന വീട്ടു ഡ്രൈവര്‍മാര്‍, ആയമാർ, പാചകക്കാര്‍, പൂന്തോട്ടജോലിക്കാര്‍ തുടങ്ങിയവർക്ക് തൊഴിൽ വ്യവസ്ഥകളും അവകാശങ്ങളും നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. സ്‌പോണ്‍സര്‍ക്ക് വേണ്ടിയോ സ്‌പോണ്‍സര്‍ ഉള്‍പ്പെട്ട കുടുംബത്തിലോ ജോലി ചെയ്യുന്നവരെയാണ് ഗാര്‍ഹിക തൊഴില്‍ സഹായികളായി കരട് നിയമത്തില്‍ നിര്‍വചിക്കുന്നത്. സ്‌പോണ്‍സറുടെ മേല്‍നോട്ടത്തില്‍ വേതനാടിസ്ഥാനത്തിലും തൊഴില്‍ കരാര്‍ പ്രകാരവുമാകണം ഇവര്‍ ജോലി ചെയ്യേണ്ടത്. ശമ്പളം ബാങ്ക് വഴി തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയം, ആഴ്ചയിലെ അവധി, വാർഷികാവധി തുടങ്ങിയവ കരാറിൽ വ്യക്തമാക്കണം. തൊഴിൽ നിയമത്തിന്‍റെ പരിധിയിൽ പെടാതിരുന്നതിനാല്‍ ഇവര്‍ക്ക് മറ്റു തൊഴിലാളികൾക്കുള്ള അവകാശങ്ങളും നിയമങ്ങളും ലഭിച്ചിരുന്നില്ല. പുതിയ നിയമത്തോടെ ഇതിനു പരിഹാരമാകും. ഇതോടൊപ്പും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മാൻപവർ ഏജൻസികളെ നിയന്ത്രിക്കാനും കരട് നിയമത്തിൽ വ്യവസ്ഥകളുണ്ട്.