ഫുട്ബോൾ ലോകം ഇപ്പോൾ രണ്ടു ടീമുകളായി തിരിഞ്ഞിരിക്കുന്നു. മധ്യവരയിൽ പന്തുപോലെ നിൽക്കുന്ന ഒരു ചോദ്യത്തെ ചൊല്ലിയാണത്. ഒരാഴ്ചയുടെ ഇടവേളയിൽ, എന്നാൽ രണ്ടു വർഷങ്ങളിലായി പിറന്ന രണ്ടു ഗോളുകളിൽ ഏതാണു കൂടുതൽ സുന്ദരം? ആദ്യത്തേതു നേടിയത് സണ്ടർലാൻഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർമീനിയൻ താരം ഹെൻറിക് മഖിതെര്യാൻ.
2016 ഡിസംബർ 26ന് ഓൾഡ് ട്രാഫഡിലായിരുന്നു അത്. അഞ്ചു ദിവസങ്ങൾക്കു ശേഷം 2017 ജനുവരി ഒന്നിന് ക്രിസ്റ്റൽ പാലസിനെതിരെ ആർസനലിന്റെ ഫ്രഞ്ച് താരം ഒളിവർ ജിരൂദിന്റെ ബൂട്ടിൽനിന്ന് സമാനമായൊരു ഗോൾ വീണ്ടും. രണ്ടും ‘സ്കോർപിയോൺ കിക്ക്’ എന്ന ഫുട്ബോളിലെ പ്രശസ്തമായ കിക്കിലൂടെ പിറന്നത്. സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള മൽസരത്തിൽ അനായാസം അവസാന റൗണ്ടിൽ ഇടം പിടിക്കാവുന്ന ആ രണ്ടു ഗോളുകളും ഇതാ...
മഖിതെര്യാന്റെ ഗോൾ
വലതു വിങിൽ നിന്ന് സ്ലാട്ടൻ ഇബ്രാഹിമിവോച്ചിന്റെ ക്രോസ് ബോക്സിലെത്തുമ്പോൾ അർമീനിയൻ താരം ഗോൾപോസ്റ്റിനു മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു. ഒറ്റ നിമിഷംകൊണ്ട് മഖിതെര്യാന്റെ തലച്ചോറും ഒപ്പം കാലും പ്രവർത്തിച്ചു.
രണ്ടു കൈകളും നിലത്തു കുത്തി വലംകാൽ കൊണ്ട് പന്തിനെ ഗോളിലേക്കു തിരിച്ചു വിട്ടു. മഖിതെര്യാൻ ഓഫ്സൈഡ് ആയിരുന്നെങ്കിലും റഫറി അതുപോലും ശ്രദ്ധിക്കാതെ വിസിലൂതി.
ജിരൂദിന്റെ ഗോൾ
കളിയുടെ പതിനേഴാം മിനിറ്റ്. അലക്സിസ് സാഞ്ചെസിന്റെ ബൂട്ടിൽ നിന്ന് പന്ത് ബോക്സിൽ തന്നെ തേടിയെത്തുമ്പോൾ സണ്ടർലാൻഡ് ഡിഫൻഡർമാർക്കിടയിലായിരുന്നു ജിരൂദ്. അങ്ങനെയൊരു അഭ്യാസമല്ലാതെ മറ്റൊന്നും ചെയ്യാനാവുമായിരുന്നില്ല അവിടെ.
രണ്ട് ഡിഫൻഡർമാർക്കിയിടയിലൂടെ ജിരൂദ് പന്തിനെ വലിച്ചെടുത്തു പോസ്റ്റിലേക്കിട്ടു. ക്രോസ് ബാറിൽ തട്ടി താഴെ വീണ പന്ത് വലയിലേക്ക്. നല്ല പെർഫെക്ട് ഗോൾ.
എന്താണ് സ്കോർപിയോൺ കിക്ക്
പുറംതിരിഞ്ഞു നിൽക്കുമ്പോൾ മുന്നോട്ടാഞ്ഞ് തേൾ (സ്കോർപിയോൺ) വാലുയർത്തുന്നതു പോലെ കാലുയർത്തി പന്തിനെ മുന്നോട്ടു കൊളുത്തിയിടുന്നതാണ് സ്കോർപിയോൺ കിക്ക്. റിവേഴ്സ് ബൈസിക്കിൾ കിക്ക്, ബാക്ക് ഹാമർ കിക്ക് എന്നും ഇത് അറിയപ്പെടുന്നു. കൊളംബിയയുടെ ഇതിഹാസ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയാണ് ഇതു പ്രശസ്തമാക്കിയത്. 1995ൽ വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരായ സൗഹൃദ മൽസരത്തിൽ ഒന്നാന്തരം സ്കോർപിയോൺ കിക്കിലൂടെയാണ് ഹിഗ്വിറ്റ പന്ത് രക്ഷപ്പെടുത്തിയത്. രണ്ടു കാലുകളും ഉയർത്തി പറക്കുന്നൊരു വിമാനം പോലെയായിരുന്നു ഹിഗ്വിറ്റയുടെ സ്കോർപിയോൺ കിക്ക്.
കളിയിലെ വെറുമൊരു നിമിഷത്തെ ജിരൂദ് കലാരൂപമാക്കി മാറ്റി. കണ്ണുചിമ്മാൻ മറന്നുപോകുന്ന സൗന്ദര്യം അതിനുണ്ടായിരുന്നു. എല്ലാ സ്ട്രൈക്കർമാരും പിന്നീട് ഓർമിക്കപ്പെടുന്നത് അവർ നേടിയ രണ്ടോ മൂന്നോ ഗോളുകളുടെ പേരിലായിരിക്കും. ജിരൂദിന്റെ അത്തരം ഗോളുകളിലൊന്ന് നിസ്സംശയം ഇതാണ്...’’ ആർസീൻ വെംഗർ (ആർസനൽ പരിശീലകൻ).