പടക്കമില്ലാതെ എന്തു വിഷു ആഘോഷം? വിഷു ആഘോഷത്തിന് ആഹ്ലാദത്തിന്റെ അമിട്ടൊരുക്കാൻ പടക്കവിപണി സജീവമായി. പടക്ക വിപണിയിലെ പുതിയ സാന്നിധ്യമായ പുലിമുരുകൻ പടക്ക മാല അടക്കം മാലപ്പടക്കങ്ങളുടെ ശേഖരവും പൂത്തിരികളുടെ കെട്ടുകളുമായാണു വിപണി സജീവമായിരിക്കുന്നത്.വിഷുവിനു കണിക്കൊന്നകളുടെ കർണികാരത്തിനൊപ്പം ശബ്ദവും വർണവും ചേർന്ന മായാപ്രപഞ്ചത്തിനു കൂടി നാട് വിഷുപ്പുലരിയിൽ സാക്ഷ്യം വഹിക്കും.
സിനിമയിൽ മാത്രമല്ല, പടക്ക വിപണിയിലും പുലിമുരുകനാണ് താരം. പുലിമുരുകൻ ഡിജിറ്റൽ പടക്കമാണ്. പുക കുറച്ച് ശബ്ദവും വർണവും ചിതറുന്നതാണു ഡിജിറ്റൽ പടക്കങ്ങളുടെ പ്രത്യേകത. നാട്ടിൻപുറങ്ങളിലും നഗരത്തിലും താൽക്കാലിക പടക്ക കടകൾ ഉയർന്നു കഴിഞ്ഞു.ചൈനീസ് പടക്കങ്ങളാണു കഴിഞ്ഞ കുറേ വർഷങ്ങളായി പടക്ക വിപണിയിൽ സജീവമായിരുന്നത്. ഇക്കുറി അതു ഡിജിറ്റൽ പടക്കങ്ങൾ പിടിച്ചടക്കിയിരിക്കുകയാണ്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നതാണു ഡിജിറ്റൽ പടക്കങ്ങളുടെ പ്രത്യേകത. ഒന്നു മുതൽ ആയിരം ഷോട്ടുകൾ വരെ പൊട്ടുന്ന പടക്കങ്ങൾക്കു വിപണിയിൽ ആവശ്യക്കാരേറെയാണ്. ചെണ്ടമേളത്തിന്റെ താളത്തിൽ പൊട്ടുന്ന ഫാൻസി പടക്കങ്ങൾ കുട്ടികൾക്കായി എത്തിക്കഴിഞ്ഞു. ഇനി ലാത്തിരിയും പൂത്തിരിയും പടക്കങ്ങളുമെല്ലാം ചേർന്നുള്ള മേളമാണു വരാനിരിക്കുന്നത്.
വിപണിയിൽ ആഘോഷം
വിഷു ആഘോഷം കെങ്കേമമാക്കാൻ നാടും നഗരവും ഒരുങ്ങുന്നു. വിഷുവും ഈസ്റ്ററും അടുത്ത ദിവസങ്ങളിലായതിനാൽ വിപണികളിൽ തിരക്കിന്റെ പൂരമാണ്. മിഠായിത്തെരുവിലും ഷോപ്പിങ് മാളുകളിലും പുരുഷാരം ഒഴുകിയെത്തുന്നു. കൂടാതെ വിഷുച്ചന്തകളും തുറന്നു കഴിഞ്ഞു. വിഷുവിനു കണികാണാൻ കണിവെള്ളരിയുമായി കർഷകരും രംഗത്തെത്തിയിട്ടുണ്ട്. മേളകളും വിപണിക്ക് ഉത്സവഛായ പകർന്നിട്ടുണ്ട്.
വിഷു കൈത്തറി മേള കമ്മിഷണർ ഓഫിസ് പരിസരത്തു പുരോഗമിക്കുന്നുണ്ട്. ഖാദി എംപോറിയത്തിലും മേളയുണ്ട്. കൈത്തറി വസ്ത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളുമായി മേളകളിലുണ്ട്. മിഠായിത്തെരുവിന്റെ പ്രാന്തപ്രദേശങ്ങളിലും പുതിയ സ്റ്റാൻഡ് പരിസരത്തും തെരുവുകച്ചവടക്കാരും സജീവമായിട്ടുണ്ട്.
കണിവെള്ളരിയും കൊന്നപ്പൂക്കളും പാളയം മാർക്കറ്റിൽ വിപണനം തുടങ്ങിയിട്ടുണ്ട്. വിഷു അടുത്തതോടെ നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ വിഷുസദ്യയും ഒരുക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്ര തിരക്കു കണ്ടാൽ പോരെന്നാണു വ്യാപാരികൾ പറയുന്നത്. കറൻസി ക്ഷാമം വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.