മലപ്പുറം എടപ്പാളിനടുത്ത് പോട്ടൂർ ധർമശാസ്താ ക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഊട്ടുപുരയില്‍ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർക്ക് പരുക്ക്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഊട്ടുപുരക്ക് സമീപം കരിമരുന്ന് സൂക്ഷിച്ചതായി സംശയമുണ്ട്.
ഉൽസവ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന താലം എഴുന്നളളിപ്പിനിടെയാണ് സ്ഫോടനമുണ്ടായത്. ഊട്ടുപുരയിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മുപ്പതിലേറെ പേർ ഒാടി രക്ഷപ്പെട്ടു. മുറിക്കുളളിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നു പേർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ രണ്ടു പേരെ ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിലും ഒരാളെ എടപ്പാളിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉൽസവാഘോങ്ങളുടെ ഭാഗമായി വെടിക്കെട്ടുണ്ടായിരുന്നു. രണ്ടു കിലോയോളം കരിമരുന്ന് ഊട്ടുപുരയുടെ സമീപത്ത് സൂക്ഷിച്ചിരുന്നൂവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഊട്ടുപുരയുടെ ജനലുകളും കട്ടിലയും പുറത്തേക്ക് തെറിച്ചു വീണ നിലയിലാണ്. ചുമരിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.