‘വാചകക്കസർത്ത്’ കുറയ്ക്കാൻ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയോട് ഡൽഹി ഹൈക്കോടതി. അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹം നേതൃത്വം നൽകുന്ന ചാനലിനുമെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ജഡ്ജി മൻമോഹന്റെ പരാമർശം. ‘നിങ്ങൾക്ക് വാർത്തകൾ നൽകാം. വസ്തുതകൾ നിരത്താം. എന്നാൽ, ഒരാളെക്കുറിച്ച് തോന്നുന്നതെല്ലാം വിളിച്ചു പറയരുത്. അതു ശരിയല്ല’ – ജസ്റ്റിസ് മൻമോഹൻ വ്യക്തമാക്കി.
തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന തരൂരിന്റെ പരാതിയിൽ, ഓഗസ്റ്റ് 16 നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചാനലിനും അർണബിനും ഹൈക്കോടതി നോട്ടിസ് അയച്ചു. സ്വകാര്യ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തരൂർ ഹൈക്കോടതിയിൽ കേസ് ഫയല്‍ ചെയ്തത്. ചില സ്വകാര്യ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍, സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ തനിക്കു പങ്കുണ്ടെന്ന് അര്‍ണബ് ഗോസ്വാമി പ്രചരിപ്പിച്ചുവെന്നാണ് തരൂരിന്റെ ആരോപണം.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മേയ് എട്ടു മുതൽ 13 വരെ ചാനലിൽ പ്രക്ഷേപണം ചെയ്ത വാർത്തകളിലൂടെയാണ് അപകീർത്തിപരമായ പരാമർശങ്ങൾ അർണബ് നടത്തിയതെന്ന് തരൂർ ഹർജിയിൽ ആരോപിച്ചു. ഈ സാഹചര്യത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തരൂർ അർണബിനും ചാനലിനുമെതിരെ അപകീർത്തിക്കേസ് നൽകിയത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട യാതൊന്നും പ്രക്ഷേപണം ചെയ്യരുതെന്ന് ചാനലിന് നിർദ്ദേശം നൽകണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.
തരൂരിനെതിരെ അർണബും ചാനലും നടത്തിയ ഓരോ പരാമർശത്തിനും നീതീകരണം വേണമെന്ന് തരൂരിനുവേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തരൂരിന് കോടതി സംരക്ഷണം ഉറപ്പുവരുത്തണം. അതേസമയം, തരൂരുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് വിശദീകരണം നൽകാൻ തയാറാണെന്ന് അർണബിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദീപ് സേഥി അറിയിച്ചു. അതിനാൽ, അർണബിനെതിരെ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും സേഥി ആവശ്യപ്പെട്ടു.