രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരബദ്ധം പറ്റാൻ കാത്തിരിക്കുകയാണ് സമൂഹമാധ്യമം. പിന്നെ ട്രോളുകളുടെയും ട്വീറ്റുകളുടെയുമൊക്കെ മേളമായിരിക്കും. ഇത്തവണ സമൂഹമാധ്യമത്തിന്റെ ഇരയായത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. രാഹുൽ ട്രോളന്മാരുടെ പ്രിയനാകുവാൻ കാരണമായതോ അദ്ദേഹത്തിന്റെ വസ്ത്രവും. മറ്റൊന്നുമല്ല അൽപം കീറിയ കുർത്ത ധരിച്ചാണ് രാഹുൽ എത്തിയത്.
ഉത്തരാഖണ്ഡിലെ വിജയ് സങ്കൽപ് കൺവന്‍ഷനില്‍ പാർട്ടി പ്രവർത്തകരോടു സംസാരിക്കവേയായിരുന്നു സംഭവം. തന്റെ കുർത്ത കീറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രങ്ങൾ ഒരിക്കലും ഇങ്ങനെ കാണാൻ കഴിയില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. 'ഞാൻ ധരിച്ചിരിക്കുന്നത് അൽപ്പം കീറിയ കുർത്തയാണ്, പക്ഷേ നിങ്ങൾക്കൊരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കീറിയ കുർത്തയിൽ കാണാൻ കഴിയില്ല. അദ്ദേഹം പാവങ്ങളുടെ രാഷ്ട്രീയം മാത്രമേ കളിക്കൂ'- രാഹുൽ പറഞ്ഞു. മഹാത്മാഗാന്ധിക്കു പകരക്കാരൻ ആകണമെന്ന് ആഗ്രഹിക്കുന്ന മോദി പതിനഞ്ചു ലക്ഷം വിലമതിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും കീറിയ പോക്കറ്റുള്ള ഖാദി കുർത്തയാണ് താൻ ധരിച്ചതെന്നും രാഹുൽ ആരോപിച്ചു. കീറിയ പോക്കറ്റ് കൂടി കാണിച്ചായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.
എന്തായാലും ജനനേതാവിന്റെ പ്രസ്താവന അണികളെ ആവേശഭരിതരാക്കിയെങ്കിലും സമൂഹമാധ്യമത്തിൽ രാഹുൽ അസൽ ഇരയാകുകയായിരുന്നു. അവധിക്കാലം യൂറോപ്യയിൽ ആഘോഷിച്ചു വന്ന സമയമായതുകൊണ്ടുകൂടി രാഹുലിന് ഇത്തവണത്തെ ട്രോളുകൾ അല്‍പം കൂടിപ്പോയി.
രാഹുലിന് പുതിയ കുർത്ത വാങ്ങാൻ ഫണ്ട് ആരംഭിക്കണമെന്നും യൂറോപ്പിൽ രണ്ടാഴ്ച്ചത്തെ അവധിക്കാലം കഴിഞ്ഞെത്തിയ നേതാവിനാണോ കീറിയ കുർത്ത?, ചാർട്ടേഡ് പ്ലെയിനിൽ യാത്ര ചെയ്യുമ്പോഴാണോ കുർത്ത കീറിപ്പോയതെന്നും കുർത്ത വാങ്ങാൻ പണമില്ലാത്തയാൾ യൂറോപ്പിൽ വെക്കേഷൻ ആഘോഷിച്ചു വന്നിരിക്കുന്നു എന്നും അറുപതു വർഷം കോൺഗ്രസ് ഭരിച്ചിട്ടും ആറു രൂപയുടെ തുന്നൽക്കൂലി കൊടുക്കാനുള്ള പണം കയ്യിലില്ലേ എന്നും പോകുന്നു ട്വീറ്റുകൾ.