പി.യു.ചിത്രക്ക് പരിശീലനത്തിന് സാമ്പത്തികസഹായവും സി.കെ വിനീതിന് സർക്കാർജോലിയും നൽകാൻ മന്ത്രിസഭാ തീരുമാനം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലായി 2000 പുതിയ തസ്തികൾ അനുവദിച്ചു. സ്ത്രീകൾക്ക് ജീവനാംശം ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതിക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
അത്‍ലറ്റിക്ക് ഫെഡറേഷന്റെ നിഷേധാത്മക നിലപാടുകൊണ്ട് ലണ്ടനിലെ ലോക അത്‍ലറ്റിക്ക് മീറ്റിൽ പങ്കെടുക്കാനാവാതെ പിന്തള്ളപ്പെട്ട പി.യു.ചിത്രക്ക് മികച്ചപരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരമാനിച്ചു. മാസംതോറും പതിനായിരം രൂപയുടെ എ.പി.ജെ അബ്ദുൾക്കലാം സ്ക്കോളർഷിപ്പ് ചിത്രക്ക് നൽകും. ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ദിവസവും 500 രൂപയുടെ അലവൻസും നൽകും. മതിയായ ഹാജരില്ലെന്ന കാരണത്താൽ എജിസ് ഒഫീസിലെ ജോലിയിൽ നിന്ന് കേന്ദ്രസർക്കാർ പരിച്ചുവിട്ട ഫുട്ബോൾ താരം സി.കെ.വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റൻറായി നിയമിക്കും.
സൈനികക്ഷേമം എന്ന പുതിയ വകുപ്പ് നിലവിൽവരും. 2014, 2015 അധ്യയന വർഷം ആരംഭിച്ച എയ്ഡഡ് ഹയർസെക്കഡറി സ്കൂളുകളിൽ 1810 അധ്യാപക, അനധ്യാപക തസ്തികൾ അനുവദിച്ചു. പൊന്നാനി സർക്കാർ ആശുപത്രിയിൽ 85 തസ്തിക സൃഷ്ടിക്കും. എംപ്്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നേടിയ 104 അംഗപരിമിതർക്ക് സൂപ്പർന്യൂമർ തസ്തികളിൽ പുനർനിയമനം നൽകും. മതിയായ കാരണമില്ലാതെ ജീവനാംശതുക നൽകാത്തവരിൽ നിന്ന്12 ശതമാനം പലിശ ഈടാക്കാനുള്ള നിയമഭേദഗഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി. കൊച്ചി മെട്രോയുമായ ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ തൃക്കാക്കരയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും.